വോട്ട് ബാങ്ക് നിര്‍ണയിച്ച മണ്ഡലും കമണ്ഡലുവും; ജാതികൊണ്ട് ഹിന്ദുത്വയെ നേരിട്ട വി.പി. സിങ്

1990 സെപ്റ്റംബറിലെ ഒരു പകല്‍. കൊടുംചൂടിനൊപ്പം രാജ്യതലസ്ഥാനത്ത് രാഷ്ട്രീയവും തിളച്ചുമറിയുകാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വി.പി. സിങ്ങ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധങ്ങളുടെ പരമ്പര തന്നെ അരങ്ങേറുകയാണ്. ഇതിന്റെ ഭാഗമായി തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ദേശബന്ധു കോളേജിന് മുന്നിലും വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. റോഡില്‍ വിറക് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നായിരുന്നു പ്രതിഷേധക്കാരുടെ ഭീഷണി. വിദ്യാര്‍ഥികള്‍ റോഡില്‍ വിറക് കത്തിക്കുകയും സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പെട്ടെന്നാണ് സമരകേന്ദ്രത്തില്‍നിന്ന് 50 മീറ്റര്‍ അകലെ കോളേജ് വളപ്പില്‍നിന്ന് മതില്‍ ചാടി ഒരു ചെറുപ്പക്കാരന്‍ പുറത്തെത്തുന്നത്. ദേഹം മുഴുവന്‍ മണ്ണെണ്ണയൊഴിച്ച് റോഡിലേക്ക് ചാടിയ ആ യുവാവ് സ്വയം തീകൊളുത്തി. ആളിക്കത്തുന്ന അഗ്നിനാളങ്ങള്‍ അയാളെ പൊതിഞ്ഞു. പഞ്ചാബ് സ്വദേശിയായ രാജീവ് ഗോസ്വാമിയായിരുന്നു അത്. പില്‍ക്കാലത്ത് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖം. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആളിപ്പടരാന്‍ രാജീവ് ഗോസ്വാമിയുടെ ആത്മഹത്യാശ്രമം വഴിവെച്ചു. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ആത്മഹത്യാശ്രമങ്ങള്‍ നടന്നു.
1990 ഓഗസ്റ്റ് 7-നാണ് വി.പി.സിങ്ങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍, കേന്ദ്രസര്‍വീസുകളിലും പൊതുസ്ഥാപനങ്ങളിലും ജോലികള്‍ക്കായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 13-ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയ വി.പി. സിങ്, രണ്ട് ദിവസത്തിന് ശേഷം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉത്തരവ് നിയമപരമായി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. പിന്നാലെ മണ്ഡല്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ഓഗസ്റ്റ് 13-ലെ സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തു. 1992 നവംബര്‍ 16-ന് സുപ്രീം കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ഒബിസി സംവരണം നടപ്പില്‍ വന്നു. പക്ഷേ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അത് നടപ്പാക്കാനുള്ള വി.പി.സിങ്ങിന്റെ തീരുമാനവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനമാണ് സൃഷ്ടിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയം അതുവരെ കാണാത്ത തരത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും വിഘടിച്ചതോടെ തിരഞ്ഞെടുപ്പിലും അത് വലിയ തോതില്‍ പ്രതിഫലിച്ചു. എന്തായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി.പി.സിങ്ങിനെ പ്രേരിപ്പിച്ചത്? തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്‌തോ?
Content Highlights: Impact of Mandal Commission on Indian Society and Politics