രണ്ട് ഘട്ടം, രണ്ട് വിധി; മണ്ഡലിനെയും അയോധ്യയെയും മുക്കിയ സഹതാപവോട്ട്, രാജീവിന്റെ രക്തം

1991 മേയ് 21... ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് നടന്നതിന്റെ തൊട്ടടുത്ത ദിവസം. വിശാഖപട്ടണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിലായിരുന്നു രാജീവ് ഗാന്ധിയുടെ അടുത്ത തിരഞ്ഞെടുപ്പ് പരിപാടി. രാത്രിയോടെ മദ്രാസില്‍ വിമാനമിറങ്ങിയ രാജീവ് ഗാന്ധി കാറില്‍ അവിടേയ്ക്ക് പുറപ്പെട്ടു. യാത്രാമധ്യേ ചില പ്രചാരണവേദികളില്‍ നിര്‍ത്തുകയും ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം ശ്രീപെരുമ്പത്തൂരിലെത്തുന്നത്. രാജീവ് ഗാന്ധി അവിടെ എത്തുമ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. കാറില്‍ നിന്നിറങ്ങി പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാനായി അദ്ദേഹം വേദിക്കരികിലേക്ക് നീങ്ങി. സ്റ്റേജില്‍ എത്തുന്നതിന് മുമ്പ് പലരും പൂക്കളും പൂച്ചെണ്ടുകളും നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ഇതിനിടെ തനു എന്നറിയപ്പെടുന്ന കലൈവാണി രാജരത്‌നം രാജീവ് ഗാന്ധിയുടെ സമീപത്തേക്ക് നടന്നുനീങ്ങി. പൂച്ചെണ്ട് നല്‍കി അനുഗ്രഹം വാങ്ങാനെന്ന വ്യാജേന കാല്‍തൊട്ടു വന്ദിക്കുന്നതിനിടെ അരയില്‍ കെട്ടിവെച്ച ബെല്‍റ്റ് ബോംബ് പൊട്ടിച്ചു. തുടര്‍ന്നുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഒപ്പം മറ്റ് 14 പേരും.
രാത്രി 11 മണിയോടെയാണ് ശ്രീപെരുമ്പത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഒരു തിരഞ്ഞെടുപ്പിന്റെ ഭാവി മാറ്റിയെഴുതാന്‍ ആ ഒരൊറ്റ വാര്‍ത്ത മാത്രം മതിയായിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി, രണ്ടാം ഘട്ട വിധിയെഴുത്തിന് വെറും 30 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു രാജ്യത്തെ നടക്കിയ ആ സംഭവം. ഇതോടെ മേയ് 23-ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. രാജീവിന്റെ മരണത്തോടെ നേതാവിനെ നഷ്ടപ്പെട്ട അവസ്ഥയിലായി കോണ്‍ഗ്രസ്. രാജ്യമെമ്പാടും സഹതാപതരംഗം ആഞ്ഞടിച്ചതോടെ, ബി.ജെ.പിയും വി.പി.സിങ്ങിന്റെ ദേശീയ മുന്നണിയും പ്രചാരണതന്ത്രം മാറ്റാന്‍ പാടുപെട്ടു. തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ 232 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ബി.ജെ.പി. നേട്ടമുണ്ടാക്കിയെങ്കിലും ദേശീയ മുന്നണി പാടേ തകര്‍ന്നടിഞ്ഞു. രാജീവ് ഗാന്ധിയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവങ്ങളാണ്. എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ മറികടന്നത്? സഹതാപതരംഗം കോണ്‍ഗ്രസിന് നേട്ടമായതെങ്ങനെ? ദേശീയ മുന്നണിക്ക് തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്?
Content Highlights: How the assassination of Rajiv Gandhi affected the 1991 General Election