പതിവുതുടരാനും തിരുത്തിക്കാനും മുന്നണികള്; ബത്തേരി ബ്ലോക്ക് പഞ്ചായത്തില് പുതുമുഖപ്പോരാട്ടം

സുല്ത്താന്ബത്തേരി: നാല് ഗ്രാമപ്പഞ്ചായത്തുകള് പരിധിയായുള്ള സുല്ത്താന്ബത്തേരി ബ്ലോക്ക് പഞ്ചായത്തില് പതിവുതുടരാനും തിരുത്തിക്കാനും മുന്നണികള് കൊമ്പുകോര്ക്കുമ്പോള് പുതുമുഖങ്ങളുടെ കന്നിയങ്കമായാണ് തിരഞ്ഞെടുപ്പ് മാറുന്നത്. അതിന്റെ വീറും വാശിയും പ്രചാരണത്തിലുമുണ്ട്. പത്തുവര്ഷത്തില് രണ്ടുതവണ നേടിയ ഭരണം ഇത്തവണയും നിലനിര്ത്തി ഹാട്രിക് നേട്ടത്തിനാണ് ഇടതുമുന്നണി കോപ്പുകൂട്ടുന്നത്.
രണ്ടുതവണയും ഒരു സീറ്റ് വ്യത്യാസത്തില് കൈയെത്തും ദൂരത്ത് നഷ്ടമായ ഭരണം ഇത്തവണ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനാണ് യുഡിഎഫ് പോരാട്ടം. തങ്ങളുടെ ശക്തിതെളിയിക്കാനുള്ള അവസരമായി കണ്ട് ഒരു സീറ്റിലൊഴികെ എല്ലായിടത്തും സ്ഥാനാര്ഥികളുമായി എന്ഡിഎയും ശക്തമായി പ്രചാരണരംഗത്തുണ്ട്. കഴിഞ്ഞ രണ്ടുതവണയും ആകെയുള്ള 13 സീറ്റുകളില് ഏഴ് സീറ്റുകള് എല്ഡിഎഫും ആറ് സീറ്റുകള് യുഡിഎഫുമാണ് നേടിയത്.
ഇത്തവണ പുതിയതായി ഒരു വാര്ഡ് കൂടി ആകെ 14 ആയിട്ടുണ്ട്. നിലവിലെ ഭരണസമിതിയിലെ ഓരോ അംഗങ്ങളൊഴികെ ഇരുമുന്നണികളും പുതുമുഖങ്ങളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. യുഡിഎഫില് പ്രസന്നാ ശശീന്ദ്രനും എല്ഡിഎഫില് ലതാ ശശിയുമാണ് നിലവിലെ ഭരണസമിതിയില്നിന്നുള്ളവര്. 2015-ല് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 2020-ല് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായിരുന്നു ലതാ ശശി. യുഡിഎഫില് 11 സീറ്റുകളില് കോണ്ഗ്രസും മൂന്നെണ്ണത്തില് മുസ്ലിം ലീഗുമാണ്. എല്ഡിഎഫില് സിപിഎം 11 സീറ്റിലും സിപിഐ, കേരള കോണ്ഗ്രസ്(എം), ജെഡിഎസ് എന്നിവ ഓരോന്നിലും മത്സരിക്കുന്നു.
എന്ഡിഎയില് 12 സീറ്റുകളില് ബിജെപിയും ഒരു സീറ്റില് എല്ജെപിയുമാണ് മത്സരരംഗത്ത്. ഒരു വാര്ഡില് ആം ആദ്മി പാര്ട്ടിയും മത്സരിക്കുന്നുണ്ട്. അഞ്ചാം ഡിവിഷന് മുത്തങ്ങയില് നിലവിലെ ഭരണസമിതിയംഗമായ ലീഗ് പ്രതിനിധി എം.എ. ദിനേഷ്കുമാര് ഇത്തവണ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ടി. അവറാന് ആണ് യുഡിഎഫ് സ്ഥാനാര്ഥി. ഇവര്ക്കെതിരേ എല്ഡിഎഫ് സ്വതന്ത്രനായി മുഹമ്മദ് ഉനൈസ് കല്ലൂര്, ബിജെപിയുടെ ബാലകൃഷ്ണന് ചുണ്ടപ്പാടി എന്നിവരാണ് മറ്റ് സ്ഥാനാര്ഥികള്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശസ്ഥാപനങ്ങളായ നൂല്പ്പുഴ, നെന്മേനി, അമ്പലവയല്, മീനങ്ങാടി പഞ്ചായത്തുകളില് അമ്പലവയല് ഒഴികെയുള്ളവയില് യുഡിഎഫാണ് ഭരണത്തില്. എന്നാല്, ബ്ലോക്ക് വോട്ടിങ് ശരാശരിയില് നേരിയ മുന്തൂക്കം ഇടതുമുന്നണിക്കുണ്ട്.
ബത്തേരി താലൂക്ക് ആശുപത്രിയിലും മീനങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിലും തുടങ്ങിയ മാതൃ-ശിശു ആശുപത്രികള് അടക്കം ആരോഗ്യമേഖലയില് നടപ്പാക്കിയ വികസനപ്രവര്ത്തനങ്ങള് ഉയര്ത്തിക്കാട്ടിയാണ് എല്ഡിഎഫ് പ്രചാരണം. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഈ മേഖലയില് നടപ്പാക്കിയതെന്നും എല്ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. എന്നാല്, ബത്തേരി താലൂക്ക് ആശുപത്രിയില് പുതിയ സ്റ്റാഫ് പാറ്റേണ് കൊണ്ടുവരുന്നതിനോ നിലവിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനോ സംവിധാനമൊരുക്കാതെയാണ് ആശുപത്രി ഉദ്ഘാടനം നടത്തിയതെന്നാണ് യുഡിഎഫ് പ്രതികരിക്കുന്നത്. സാമൂഹികക്ഷേമപദ്ധതികള് നടപ്പാക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അക്കാര്യത്തില് ശ്രദ്ധിച്ചില്ലെന്ന ആരോപണവും ഉന്നയിക്കുന്നു.
Content Highlights: Sultan Bathery Block Panchayat gears up for an exciting election. Explore the key contenders, strategies, and the rise of new candidates in this crucial local body poll.