തദ്ദേശ തിരഞ്ഞെടുപ്പില്‍ പുല്പള്ളിയിലെ പരാജയം: കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കെതിരേ കൂട്ട അച്ചടക്കനടപടി

പുല്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റിയിലെ നേതാക്കള്‍ക്കെതിരേ കൂട്ട അച്ചടക്കനടപടി. ബ്ലോക്ക് സെക്രട്ടറി മധു സെബാസ്റ്റ്യന്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ വിജയന് തോമ്പ്രാന്കുടി, കെ.വി. ക്ലീറ്റസ്, സജി പെരുമ്പില്‍, മണ്ഡലം സെക്രട്ടറി സജി വിരിപ്പാമറ്റം, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജേക്കബ് കുറിഞ്ഞിമല എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രചാരണ പ്രവര്‍ത്തനം നടത്തിയെന്ന മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്കാണ് നടപടി സ്വീകരിച്ചത്.
പുല്പള്ളി പഞ്ചായത്തില്‍ യുഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു നേതൃത്വം. എന്നാല്‍, 21 വാര്‍ഡുകളുള്ളതില്‍ യുഡിഎഫിന് എട്ടുസീറ്റ് മാത്രമാണ് ലഭിച്ചത്. ഇതില്‍ ഒരു സീറ്റ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേതാണ്. എല്‍ഡിഎഫിന് ഒന്‍പതും, ബിജെപിക്ക് നാലും സീറ്റുകളുണ്ട്. ഏറ്റവും വലിയ കക്ഷിയായ എല്‍ഡിഎഫ് ഭരണത്തില്വരാനാണ് സാധ്യത. പുല്പള്ളി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത് ചില നേതാക്കള്‍ കാലുവാരിയതുമൂലമാണെന്ന ആരോപണം തിരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഒരുവിഭാഗത്തെ വെട്ടിനിരത്തിയതായി തുടക്കത്തിലേ പരാതിയുയര്‍ന്നിരുന്നെങ്കിലും നേതൃത്വം ഇത് അവഗണിക്കുകയാണുണ്ടായത്. വാര്‍ഡ് കമ്മിറ്റി നിര്‍ദേശിച്ച ആളുകളെപ്പോലും മാറ്റിനിര്‍ത്തി സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയതായും ആക്ഷേപമുണ്ടായിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ഒരു മുതിര്‍ന്ന നേതാവിന്റെ അനുയായികള്‍ എല്‍ഡിഎഫിനെ സഹായിക്കുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചതായി മണ്ഡലം പ്രസിഡന്റുതന്നെ കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, മണ്ഡലം നേതൃത്വത്തിന്റെ കെടുകാര്യസ്ഥതമൂലമാണ് പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ടതെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം തികഞ്ഞ പരാജയമായിരുന്നുവെന്നുമാണ് മറുപക്ഷത്തെ ആരോപണം.
Content Highlights: Congress suspends multiple leaders from Pulppally following a significant defeat in the local body elections. Allegations of anti-party activities cited as reasons for the action.