പ്രകൃതി മുറിവേല്‍പ്പിച്ചിടത്ത് അവര്‍ ഒരുമിച്ചെത്തി; ഓര്‍മ്മകളുടെ വിങ്ങലടക്കി വോട്ട് രേഖപ്പെടുത്തി ചൂരല്‍മലയിലെ വോട്ടര്‍മാര്‍

#അബിന മാത്യു
വോട്ടുചെയ്യാൻ ചൂരല്‍മലയില്‍ തിരിച്ചെത്തി അതിജീവിതര്‍.|Photo: Mathrubhumi
വോട്ടുചെയ്യാൻ ചൂരല്‍മലയില്‍ തിരിച്ചെത്തി അതിജീവിതര്‍.|Photo: Mathrubhumi

ചൂരല്‍മല: ബെയ്‌ലി പാലത്തിനുസമീപം ചൂരല്‍മല നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ എല്ലാവരെയും പോലെ വോട്ടുചെയ്തുപോകേണ്ടവര്‍, ഒരുവര്‍ഷം അഞ്ചുമാസമിപ്പുറം അതിജീവിതരെന്ന ലേബലില്‍ സാധാരണത്വം നഷ്ടമായവര്‍... ജില്ലയുടെ പലഭാഗങ്ങളിലായി ചിതറിപ്പോയ ചൂരല്‍മലയിലെ മനുഷ്യര്‍ ഒരിക്കല്‍ക്കൂടി പ്രകൃതി മുറിവേല്‍പ്പിച്ചിടത്ത് ഒരുമിച്ചെത്തി, തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍.

കരഞ്ഞുവീര്‍ത്ത കണ്ണുകളാല്‍ അവര്‍ വര്‍ത്തമാനം പറഞ്ഞു. 'സുഖമാണോ' എന്നല്ല, 'നീയിപ്പോ എവിടെയാ' എന്നാണ് അവര്‍ പരസ്പരം ചോദിച്ചുകൊണ്ടിരുന്നത്. 'എത്രകാലായെടീ അന്നെ കണ്ടിട്ടെ'ന്ന് ചോദിച്ച് അവര്‍ കെട്ടിപ്പിടിച്ചു. ക്യാമറക്കണ്ണുകളാല്‍ ചുറ്റിലുമുള്ളവര്‍ തങ്ങളെ ഒപ്പുന്നതുകാണുമ്പോള്‍ അവര്‍ക്ക് വീര്‍പ്പുമുട്ടി. തിരികെലഭിച്ച ജീവിതത്തെയോര്‍ത്ത് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നവരും നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിങ്ങുന്നവരും വോട്ടുചെയ്യാനായെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ദിവസം അതിജീവിതര്‍ക്ക് ബൂത്തുകളിലെത്തി വോട്ടുരേഖപ്പെടുത്തി, തിരികെമടങ്ങാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കിയിരുന്നു. രാവിലെ 11-നും ഉച്ചയ്ക്ക് 2.30-നും ബസുകള്‍ സര്‍വീസ് നടത്തി.

'ഇവിടെവന്നവരെല്ലാം മുണ്ടക്കൈ വാര്‍ഡിലെ ആളുകളാണ്, ശരിക്കുംപറഞ്ഞാല്‍ കൂടും കുടുക്കയും നഷ്ടപ്പെട്ടവര്‍...' -വിടരാത്ത ചിരിയോടെ മുണ്ടക്കൈ സ്വദേശി എസ്റ്റേറ്റില്‍ സൂപ്പര്‍വൈസറായിരുന്ന ശെല്‍വരാജ് പറഞ്ഞു.

'നെല്ലിമുണ്ട എത്തിയപ്പോള്‍ എന്റെ ചങ്കുപൊട്ടി മോളേ...' -മുണ്ടക്കൈ സ്വദേശി സീതമ്മ ദുരന്തത്തിനുശേഷം ആദ്യമായാണ് ചൂരല്‍മലയിലേക്കെത്തുന്നത്. മൂന്നുമക്കളെ നഷ്ടപ്പെട്ട ഇവര്‍ മൂത്തമകള്‍ പ്രസന്നയ്‌ക്കൊപ്പമാണ് വോട്ടുചെയ്യാനെത്തിയത്.

'എല്ലാവരും ഒരുമിച്ച് ഇനിയൊരിക്കല്‍കൂടി ചൂരല്‍മലയിലേക്ക് വോട്ടുചെയ്യാനായി എത്തുമെന്ന് തോന്നുന്നില്ല. ടൗണ്‍ഷിപ്പൊക്കെ ആവുമ്പോ അവിടെയാവില്ലേ വോട്ട്... തിരഞ്ഞെടുപ്പ് എന്നൊക്കെ പറഞ്ഞ് ഇനിയൊരു ഒരുമിച്ചുകൂടലുണ്ടാവില്ലല്ലോ...' -അവര്‍ പരസ്പരം പറഞ്ഞു. എവിടെയൊക്കെയോ ചിതറിപ്പോയ പ്രിയപ്പെട്ടവരെ കാണാമല്ലോയെന്ന ചിന്തയിലാണ് മിക്കവരും വോട്ടുചെയ്യാനെത്തിയത്.

മരുന്നില്ലാത്ത രോഗങ്ങളാണ് പലര്‍ക്കും. ചൂരല്‍മലയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഓര്‍മ്മകളില്‍ നിരാശയുടെ ഉരുള്‍പൊട്ടും, മരണത്തിന്റെ മണംനിറയും. 'ആയുസ്സ് നീട്ടിക്കിട്ടിയില്ലേ, ഇനി ജീവിച്ചല്ലേ മതിയാവൂ...' -ആത്മാലാപമായി വാക്കുകള്‍. വോട്ടുചെയ്തുകഴിഞ്ഞവരെയും വഹിച്ച്, കെഎസ്ആര്‍ടിസി ബസ് മെല്ലെ നീങ്ങി -ചൂരല്‍മലയില്‍നിന്ന് തിരികെ നിത്യജീവിതപ്രാരബ്ധങ്ങളിലേക്ക്...

Content Highlights: Flood survivors from Chooralmala reunite at their polling station to vote, sharing stories of loss, resilience, and the hope for a better future. A powerful display of democracy.