ജനമനസ്സറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ രാവിലെ 8 മുതൽ; തത്സമയം ഫലമറിയാം മാതൃഭൂമി ഡോട്ട് കോമിലൂടെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുമാണ് എണ്ണുക. സ്ഥാനാര്‍ഥികളുടേയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടേയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.
ലീഡ് നിലയും ഫലവും തത്സമയം mathrubhumi.com വഴി അറിയാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടേയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന വിധത്തിൽ മാതൃഭൂമി വെബ്സൈറ്റില്‍ ലഭ്യമാകും.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങളില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മിതത്വം പാലിക്കണമെന്ന് നിർദേശമുണ്ട്. ഡിസംബര്‍ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജങ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പാടുള്ളൂ. ഹരിതച്ചട്ടവും ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്ലാദപ്രകടനങ്ങളില്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് ചെയ്തത് ഇത്തവണയാണ്. രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ വോട്ടുചെയ്തത് 2,10,79,609 പേർ. ആകെ 73.69 ശതമാനം പോളിങ് നടന്നു. 2020-ലെ തിരഞ്ഞെടുപ്പില്‍ 2,10,05,743 വോട്ടര്‍മാരാണ് വോട്ട് ചെയ്തിരുന്നത്. 73,866 വോട്ടുകളാണ് മുന്‍ തിരഞ്ഞെടുപ്പില്‍നിന്ന് അധികമായി പോളിങ് ബൂത്തുകളില്‍ ഇത്തവണ പോള്‍ചെയ്തത്.
Content Highlights: Kerala Local Body Election Vote Counting Details and Guidelines