നഗരങ്ങളിൽ അവിശ്വസനീയ കുതിപ്പ്; ഗ്രാമങ്ങളിലും നേട്ടം, എൻഡിഎ മുന്നേറ്റം കേരളത്തിന് നൽകുന്ന സൂചനകൾ

കേരളത്തിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരു നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. തലസ്ഥാനനഗരിയിൽ ബിജെപി നേടിയ ചരിത്രപരമായ വിജയം ഉൾപ്പടെയുള്ള മികച്ച പ്രകടനം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 45 വർഷമായി എൽഡിഎഫ് തുടർച്ചയായി ഭരിച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ എൻഡിഎ പിടിച്ചെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം ആറു മാസങ്ങൾക്ക് മുമ്പ് നടന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് നിരീക്ഷകർ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം കേരളത്തിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിൽ ബെംഗളൂരു മെട്രോ കോർപ്പറേഷന് ശേഷം ബിജെപിക്ക് അധികാരം ലഭിക്കുന്ന നഗരമായി തിരുവനന്തപുരം മാറി.