ചരിത്രം ആവർത്തിച്ച് UDF; കാസർകോട് നഗരസഭ കൈയിൽ ഭദ്രം, പാർട്ടി അറിയാതെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചിടത്ത് ബിജെപി

#Election Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്: തദ്ദേശപ്പോരിൽ യുഡിഎഫിനെ ചേർത്തുപിടിച്ച് കാസർകോട് നഗരസഭ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ നഗരസഭ ഭരിച്ച യുഡിഎഫ് ഇത്തവണയും ഭരണം ഉറപ്പിച്ചു. യുഡിഎഫ് 24, എൽഡിഎഫ് 1, എൻഡിഎ 12, സ്വതന്ത്രർ 1 എന്നിങ്ങനെയാണ് ഇത്തവണത്തെ ജയം.

14 സീറ്റുകളുണ്ടായിരുന്ന എൻഡിഎയ്ക്ക് രണ്ടിടത്ത് കാലിടറി. കഴിഞ്ഞ തവണത്തേക്കാൾ മോശം പ്രകടനമായിരുന്നു എൻഡിഎയുടേത്. 12 ഇടങ്ങളിൽ എൻഡിഎ ജയിച്ചു. 21ൽ നിന്ന് 24 ആയി യുഡിഎഫ് ഉയർന്നു. ചെന്നിത്തല വാർഡ് എൽഡിഎഫ് നിലനിർത്തി. ഹൊന്നമൂലയാണ് സ്വതന്ത്ര നിലനിർത്തിയ മറ്റൊരു വാർഡ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് (മുസ്ലിം ലീഗ്) 21, ബിജെപി 14, സിപിഎം 1, സ്വതന്ത്രർ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഇത്തവണ 51 വനിതകളും 47 പുരുഷന്മാരുമാണ് മത്സരത്തിനിറങ്ങിയത്. യുഡിഎഫിൽ മുസ്ലിം ലീഗ് 23 വാർഡുകളിലും കോൺഗ്രസ് 14 വാർഡുകളിലുമാണ് മത്സരിച്ചത്. താലൂക്ക് ഓഫീസ് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി അവസാന നിമിഷം പാർട്ടി അറിയാതെ പട്ടിക പിൻവലിച്ചിരുന്നു. ഇതോടെ ഇവിടെ യുഡിഎഫിന് സ്ഥാനാർഥി ഇല്ലാതായി. ഇവിടെ എൻഡിഎ സ്ഥാനാർഥി രാമകൃഷ്ണഹൊള്ള ജയിച്ചു.

16 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഏഴ് പൊതു സ്വതന്ത്രർ ഉൾപ്പെടെ 39 വാർഡുകളിലാണ് എൽഡിഎഫ് മത്സരിച്ചത്. സിപിഎം 24, ഐഎൻഎൽ -2, സിപിഐ -1, എൻസിപി -1, സ്വതന്ത്രർ -4 എന്നിങ്ങനെയാണ് എൽഡിഎഫ് സ്ഥാനാർഥികൾ. രണ്ടു വാർഡുകളിൽ എസ്ഡിപിഐ സ്ഥാനാർഥികളുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മൂന്നു പേരാണ് നഗരസഭാ ചെയർമാൻ പദവി വഹിച്ചത്. വി.എം. മുനീർ, ഷംസീദ ഫിരോസ്, അബ്ബാസ് ബീഗം എന്നിവരാണ് ചെയർമാൻ പദവിയിലെത്തിയത്.

ചെയർമാൻ പദവി ഒഴിയാൻ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ നഗരസഭാംഗത്വം ഉൾപ്പെടെ മുനീർ രാജിവെക്കുകയായിരുന്നു. ഉപാധ്യക്ഷയായ ഷംസീദ ഫിറോസ് താത്കാലിക ചുമതലയേറ്റു. തുടർന്ന് അബ്ബാസ് ബീഗം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

38 വർഡ് ആയിരുന്നു കഴിഞ്ഞ തവണ നഗരസഭയിൽ ഉണ്ടായിരുന്നത്. ഇത്തവണ പല വാർഡുകളും അതിർത്തി പുനഃനിർണയിച്ച് ഒരു വാർഡ് വർധിപ്പിച്ചിരുന്നു. 20 വാർഡുകൾ വനിതാ സംവരണമാണ്. 18 വാർഡുകൾ ജനറൽ ഒരു പട്ടികജാതി സംവരണവുമാണ്.

Content Highlights: Kasaragod Municipal Election Results: UDF Achieves Historic Victory, Secures Continued Rule