UDF മുന്നേറ്റത്തിൽ ആടിയുലഞ്ഞ് LDF; കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം ഒറ്റ സീറ്റ് വ്യത്യാസത്തിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: facebook/Welfarepartyvkd, മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: facebook/Welfarepartyvkd, മാതൃഭൂമി

കാസർകോട്: യുഡിഎഫ് തരംഗത്തിൽ ആടിയുലഞ്ഞ് എൽഡിഎഫ്. കാസർകോട്ട് പല ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് വൻ മുന്നേറ്റം. കുത്തകയായിരുന്നു പുത്തിഗെ അടക്കമുള്ള പഞ്ചായത്തുകളിൽ എൽഡിഎഫിന് അടിപതറി.

17 പഞ്ചായത്തുകളാണ് ഇത്തവണ യുഡിഎഫിനൊപ്പം നിന്നത്. 13 പഞ്ചായത്തുകളിൽ എൽഡിഎഫ്. മൂന്നിടങ്ങളിൽ എൻഡിഎ. ബെള്ളൂരും ദേലമ്പാടിയും പുല്ലൂർ- പെരിയയിലും പുത്തിഗെയും, ബദിയടുക്കയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. 

ബദിയടുക്ക പഞ്ചായത്തിൽ 10 ഇടങ്ങളിൽ യുഡിഎഫും 10 ഇടങ്ങളിൽ എൻഡിഎയുമാണ്. ഒരിടത്ത് എൽഡിഎഫ് ആണ്. സിപിഎം ഏത് പാർട്ടിയെ പിന്തുണക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭരണം.

കഴിഞ്ഞ തവണ 38 പഞ്ചായത്തുകളിൽ 12 ഇടങ്ങളിൽ എൽഡിഎഫ് ആയിരുന്നു. 9 പഞ്ചായത്തുകളിൽ യുഡിഎഫും രണ്ടിടങ്ങളിൽ എൻഡിഎയുമായിരുന്നു. ഇത്തവണ 17 ഇടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ജയിച്ചു കയറിയത്. 13 ഇടങ്ങളിലാണ് എൽഡിഎഫ് ജയം.

പനത്തടി പഞ്ചായത്തിലെ രണ്ട് സിപിഎം സിറ്റിങ് സീറ്റുകളിൽ ബിജെപി ജയിച്ചു. ഏഴ്, എട്ട് വാർഡുകളിലാണ് ബിജെപി ജയിച്ചത്. ഏഴാം വാർഡായ കല്ലപ്പള്ളിയിൽ ഭവ്യ ജയരാജും എട്ടാം വാർഡായ നെല്ലിക്കുന്നിൽ എം. ഷിബുവും വിജയിച്ചു. അതേസമയം കുമ്പള ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡായ ശാന്തിപ്പള്ളയിൽ എൽഡിഎഫ് സ്ഥാനാർഥിയും 21-കാരിയുമായ കെ. സ്നേഹ ബിജെപിയുടെ സിറ്റിങ് സീറ്റിൽ ജയിച്ചു കയറി.

ജില്ലാ പഞ്ചായത്ത് ഭരണം

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒറ്റസീറ്റ് വിത്യാസത്തിലാണ് കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചത്. ഒൻപതിടങ്ങളിൽ എൽഡിഎഫ് മുന്നേറിയപ്പോൾ എട്ടിടത്ത് യുഡിഎഫ് ജയിച്ചു. എൻഡിഎ ഒരു സീറ്റിൽ ജയിച്ചു.

ദേലംപാടി, കുറ്റിക്കോൽ, കള്ളാർ, കയ്യൂർ, പിലിക്കോട്, ചെറുവത്തൂർ, മടിക്കൈ, പെരിയ, ബേക്കൽ എന്നിവിടങ്ങളിൽ എൽഡിഎഫ് ജയിച്ചു.

ചിറ്റാരിക്കൽ, വോർക്കാടി, പുത്തിഗെ, ഉദുമ, ചെങ്കള, സിവിൽ സ്റ്റേഷൻ, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളി യുഡിഎഫ് ജയിച്ചു. ബദിയഡുക്കയിൽ എൻഡിഎ ജയിച്ചു.

തുടർഭരണമുറപ്പിച്ച് നീലേശ്വരം നഗരസഭ

34 വാർഡുകളുള്ള നീലേശ്വരം നഗരസഭയിൽ എൽഡിഎഫ് അധികാരം നിലനിർത്തി. 20 ഇടങ്ങളിൽ എൽഡിഎഫ് ജയിച്ചു. 13 ഇടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. എൻഡിഎ സ്ഥാനാർഥികൾക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല.

കാഞ്ഞങ്ങാട് നഗരസഭയിൽ ഒപ്പത്തിനൊപ്പം

കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുപക്ഷവും യുഡിഎഫും തുല്യ ശക്തികളായി മാറി. 47 വാർഡുകളുള്ള നഗരസഭയിൽ എൽഡിഎഫ് 20 സീറ്റും യുഡിഎഫ് 20 സീറ്റും നേടി. എൻഡിഎ നാലിടങ്ങളിൽ ജയിച്ചു. മൂന്നിടങ്ങളിൽ സ്വതന്ത്രരാണ്. സ്വതന്ത്രരിൽ രണ്ടുപേർ എൽഡിഎഫിനെ പിന്തുണക്കുന്നവരാണെന്നാണ് സൂചന.

കാസർകോട് നഗരസഭയിൽ യുഡിഎഫ് തന്നെ

39 വാർഡുകളുള്ള കാസർകോട് നഗരസഭയിൽ യുഡിഎഫ് അധികാരം നിലനിർത്തി. ആകെയുള്ള സീറ്റുകളിൽ 24 ഇടങ്ങളിൽ യുഡിഎഫ് ജയിച്ചു. നേരത്തെ 21 സീറ്റുകളായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. എൻഡിഎ 12 സീറ്റുകൾ നേടി. നേരത്തെ 14 സീറ്റുകളായിരുന്നു എൻഡിഎയ്ക്ക് ഉണ്ടായിരുന്നത്. ഇത് നിലനിർത്താൻ എൻഡിഎക്കായില്ല. രണ്ട് സീറ്റുകൾ നഷ്ടപ്പെട്ടു. എൽഡിഎഫും സ്വതന്ത്രരും ഒരു സീറ്റ് വീതം നേടി.

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തിൽ ആറിടങ്ങളിൽ നാലിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. കാഞ്ഞങ്ങാട്, കാറഡുക്ക, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലാണ് എൽഡിഎഫ് ജയിച്ചത്. കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകൾ യുഡിഎഫ് നേടി.

Content Highlights: UDF Surge: Kasaragod District Panchayat Power Hinges on Single Seat After Fierce Electoral Battle