കുന്നത്തുനാട്ടിൽ ഇനി തീപാറും; ന്യൂനപക്ഷ വോട്ടുകൾ ട്വന്റി 20-ക്ക് ഒപ്പം നിൽക്കുമോ?

കൊച്ചി: ട്വന്റി 20 എൻഡിഎ മുന്നണിയിൽ ചേർന്നതോടെ പോരാട്ടം കനക്കാൻ പോകുന്നത് കുന്നത്തുനാട് മണ്ഡലത്തിലായിരിക്കും. ട്വന്റി 20-ക്ക് ഏറ്റവുമധികം ശക്തിയുള്ളത് കുന്നത്തുനാടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 41,890 വോട്ടുകൾ പാർട്ടി നേടി. എംഎൽഎയായ പി.വി. ശ്രീനിജിന് 51,180 വോട്ടാണ് ലഭിച്ചത്. രണ്ടാംസ്ഥാനത്തുവന്ന യുഡിഎഫ് സ്ഥാനാർഥി വി.പി. സജീന്ദ്രന് 48,463 വോട്ടും ലഭിച്ചു. എൻഡിഎയ്ക്ക് 7056 വോട്ടുമാത്രമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് 55,888 വോട്ടുകിട്ടിയപ്പോൾ ട്വന്റി20 50,712 വോട്ടുനേടി. എൽഡിഎഫിന് 43,014 വോട്ടാണ് ലഭിച്ചത്.
ബിജെപി പിന്തുണയോടെ കുന്നത്തുനാട്ടിൽ അട്ടിമറി നടത്താനാവുമെന്നാണ് ട്വന്റി 20 നേതാവ് സാബു ജേക്കബ് പ്രതീക്ഷിക്കുന്നത്. വാശിയേറിയ ത്രികോണമത്സരത്തിനാണ് സാധ്യത. അതേസമയം, പുതിയ രാഷ്ട്രീയനീക്കം അണികൾ എങ്ങനെ സ്വീകരിക്കുമെന്നതും നിർണായകമാണ്. ട്വന്റി 20 വോട്ടർമാരിൽ ബഹുഭൂരിഭാഗവും ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളാണ്. ബിജെപിയുമായി ചേർന്നുകൊണ്ടുള്ള സാബു ജേക്കബിന്റെ കരുനീക്കത്തെ അവർ എങ്ങനെ കാണുമെന്നാണ് അറിയാനുള്ളത്.
മൂവാറ്റുപുഴ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ തോൽവിക്ക് ഇടയാക്കിയത് ട്വന്റി 20 സ്ഥാനാർഥിയുടെ ഇടപെടലായിരുന്നു. 13,600 വോട്ട് ട്വന്റി 20 പിടിച്ചപ്പോൾ ഇടതുസ്ഥാനാർഥി എൽദോ എബ്രഹാം 6100 വോട്ടിന് പരാജയപ്പെട്ടു.
7600 വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചത്. പെരുമ്പാവൂർ മണ്ഡലത്തിൽ 20,536 വോട്ട് ട്വന്റി 20 പിടിച്ചപ്പോൾ യുഡിഎഫ് 2899 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ട്വന്റി 20 എൻഡിഎയിൽ എത്തുമ്പോൾ മൂവാറ്റുപുഴയിലും പെരുമ്പാവൂരും കാര്യമായ മാറ്റമുണ്ടാക്കാൻ മുന്നണിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, കോതമംഗലം, തൃക്കാക്കര, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിലും ട്വന്റി 20 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ജില്ലയിലെ പല മണ്ഡലങ്ങളിലും ബിജെപിയെക്കാൾ ശക്തി ട്വന്റി 20-ക്കുണ്ട്.
പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്നുമുണ്ട്. അവിടെ യുഡിഎഫ് എന്തു നിലപാട് സ്വീകരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.