ലീഗും ജമാഅത്തെ ഇസ്ലാമിയും രണ്ട് ധ്രുവങ്ങളിൽ, ഇതുവരെ വോട്ടുതേടിയിട്ടില്ല; നിലപാട് വ്യക്തമാക്കി മുനീർ

#ന്യൂസ് ഡെസ്ക്
എം.കെ. മുനീർ ഫോട്ടോ - അരുൺ നിലമ്പൂര്‍ / മാതൃഭൂമി ഡോട്ട്കോം
എം.കെ. മുനീർ ഫോട്ടോ - അരുൺ നിലമ്പൂര്‍ / മാതൃഭൂമി ഡോട്ട്കോം

കോഴിക്കോട്: മുസ്‌ലിംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ പ്രത്യയശാസ്ത്രപരമായി ഒരു ബന്ധവുമില്ലെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. ലീഗും ജമാഅത്തെ ഇസ്ലാമിയും രണ്ട് ധ്രുവങ്ങളിലായി സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയോട് ലീഗ് ഇതുവരെ വോട്ട് ചോദിച്ചില്ലെന്നും മുനീർ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വെൽഫയർ പാർട്ടി യുഡിഎഫിന്റെ ഘടകകക്ഷിയല്ലാത്ത കാലത്തോളം ലീഗിന് ഇക്കാര്യത്തിൽ ആശങ്കയില്ല. വോട്ടെന്നത് സമ്മതിദായകർ തീരുമാനിക്കുന്ന കാര്യമാണ്. വ്യത്യസ്ത ആശയക്കാരായ ആളുകൾ മുന്നണിക്ക് വോട്ടുചെയ്‌തേക്കാമെന്നും എന്നാൽ, തങ്ങൾ ആരോടും വോട്ട് ചോദിച്ചു ചെന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വലിയ നേട്ടമാണെന്ന് മുൻപ് ദേശാഭിമാനിയിൽ മുഖപ്രസംഗമെഴുതിയവരാണ് ഇപ്പോൾ അവർക്കെതിരേ സംസാരിക്കുന്നതെന്നും മുനീർ പറഞ്ഞു. സി.പി.എം. ആവശ്യാനുസരണം വർഗീയ കാർഡും ജാതി കാർഡും ഉപയോഗിക്കുകയാണ്. ഇത്തവണ ഇടതുപക്ഷത്തുനിന്നാകും യുഡിഎഫിന് കൂടുതൽ വോട്ട് ലഭിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ മത്സരിക്കുമെന്നത് സംബന്ധിച്ച ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം ചർച്ചകൾ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമാണ് നടക്കുന്നതെന്നും അദ്ദേഹം മറുപടിനൽകി. പാർട്ടിനേതൃത്വം സ്ഥാനാർഥി ചർച്ചകളിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ പാർട്ടി നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും മുനീർ പറഞ്ഞു.

Content Highlights: Dr. M.K. Muneer Clarifies Muslim League's Ideological Stance vs. Jamaat-e-Islami