വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ; മൂവരിൽ ആരാകും മുഖ്യമന്ത്രി?

#അനിഷ് ജേക്കബ്
കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിൽ യു.ഡി.എഫ്. വിജയാഘോഷത്തിനിടെ പരസ്പരം ആശ്ലേഷിക്കുന്ന രമേശ് ചെന്നിത്തലയും വി.ഡി. സതീശനും, കെ.സി. വേണുഗോപാലും| ഫോട്ടോ: ബി. മുരളീകൃഷ്ണൻ
കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിൽ യു.ഡി.എഫ്. വിജയാഘോഷത്തിനിടെ പരസ്പരം ആശ്ലേഷിക്കുന്ന രമേശ് ചെന്നിത്തലയും വി.ഡി. സതീശനും, കെ.സി. വേണുഗോപാലും| ഫോട്ടോ: ബി. മുരളീകൃഷ്ണൻ

തിരുവനന്തപുരം: വിജയക്കൊടുമുടിയിൽ നിൽക്കേ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെന്ന ചോദ്യമാണ് കോൺഗ്രസിനു മുന്നിൽ. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയർമാനുമെന്നനിലയിൽ വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവും സീനിയോറിറ്റിയിൽ മുൻപനുമായ രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരിൽ ഒരാളാകും മുഖ്യമന്ത്രി. എം.എൽ.എ.മാരുടെ അഭിപ്രായമാരാഞ്ഞശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയാണ് കോൺഗ്രസിന്റെ പതിവ്. ഇതിനുവേണ്ടി ഹൈക്കമാൻഡ് രണ്ട് പ്രതിനിധികളെ സംസ്ഥാനത്തേക്ക് അയക്കും. ഇവർ വിളിക്കുന്ന എം.എൽ.എ.മാരുടെ യോഗം മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അവകാശം കോൺഗ്രസ് പ്രസിഡന്റിനെ ഏല്പിച്ച് പ്രമേയം പാസാക്കുന്നതാണ് നിലവിലെ രീതി. മൂന്നുപേർക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. ഇതുകൂടി പരിശോധിച്ചാകും തീരുമാനം.

വി.ഡി. സതീശൻ 
അനുകൂലം: 2021-ൽ പരാജയപ്പെട്ട് കോൺഗ്രസും യു.ഡി.എഫും പ്രതിസന്ധിയിലായ കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്ന സതീശൻ, പിന്നീട് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ നാലിലും മുന്നണിയെ വിജയത്തിലേക്ക് നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് 20-ൽ 18 സീറ്റ്. തദ്ദേശതിരഞ്ഞെടുപ്പിലും ശക്തമായ തിരിച്ചുവരവ്. തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മുന്നണിക്ക് ജയിക്കാമെന്ന ആത്മവിശ്വാസം പകർന്നു.

സാമുദായിക സംഘടനകളോടും രാഷ്ട്രീയ സമ്മർദശക്തികളോടും നിലപാടിന്റെ ബലത്തിൽ കാർക്കശ്യത്തോടെ നിലകൊണ്ടത് ശക്തനായ നേതാവെന്ന പ്രതിച്ഛായ സമ്മാനിച്ചു. കെ-റെയിൽ, ശബരിമല സ്വർണക്കൊള്ള, കിഫ്ബി വഴിയുള്ള സാമ്പത്തികധൂർത്ത് തുടങ്ങിയവ തുറന്നുകാണിച്ച് സർക്കാരിനെ കണിശമായി എതിർത്തു. നിയമസഭയിൽ നല്ല ഗൃഹപാഠത്തോടെയെത്തി സർക്കാരിനെ മുൾമുനയിൽ നിർത്തി. ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണ. അധികാരത്തിൽ വരാൻ പോകുന്ന മുന്നണിയെന്നനിലയിൽ വികസനസ്വപ്നങ്ങൾ പങ്കുവെച്ചതിലൂടെ പൊതുജനവിശ്വാസം ആർജിച്ചു. സീറ്റ് നൂറ് കടന്നതോടെ വിജയത്തിന്റെ പ്രധാനശില്പിയെന്ന അവകാശവും ഒരുപരിധിവരെ സതീശന് അവകാശപ്പെട്ടത്.

പ്രതികൂലം കർക്കശക്കാരനായ നേതാവെന്ന പ്രതീതി ഒരുവശത്ത് ഗുണകരമാകുമ്പോൾ മറുഭാഗത്ത് എതിർപ്പും ക്ഷണിച്ചുവരുത്തുന്നു. സാമുദായികശക്തികളെ പ്രകോപിപ്പിക്കാതെ ഓരം ചേർന്നുപോകുന്ന കോൺഗ്രസിന്റെ പതിവിൽനിന്ന് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ഈ വിഭാഗത്തിന്റെ അകൽച്ചയ്ക്ക് കാരണമാകുമെന്ന വിമർശം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നയാൾക്ക് കൂടുതൽ മെയ്വഴക്കം വേണമെന്ന ചിന്ത. എം.എൽ.എ.യായി കാൽനൂറ്റാണ്ടായിട്ടും ഇതുവരെയും ഒരധികാരസ്ഥാനത്തും ഇരുന്നിട്ടില്ലെന്നതും പോരായ്മ.

രമേശ് ചെന്നിത്തല
അനുകൂലം കേരളത്തിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ്. 26-ാം വയസ്സിൽ എം.എൽ.എ.യും 30-ാം വയസ്സിൽ സംസ്ഥാന മന്ത്രിയുമായ രമേശിന്റെ സമകാലീനരായ കോൺഗ്രസ് നേതാക്കൾ പലരും പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരോ, കേന്ദ്രമന്ത്രിമാരോ ആയിക്കഴിഞ്ഞു. കെ. കരുണാകരൻ പാർട്ടി പിളർത്തി ഡി.ഐ.സി. രൂപവത്കരിച്ച പ്രതിസന്ധിഘട്ടത്തിൽ കെ.പി.സി.സി. പ്രസിഡന്റായി വന്ന് പാർട്ടിയെ കെട്ടുറപ്പോടെ സംരക്ഷിച്ചു. ആഭ്യന്തരമന്ത്രിയും ദീർഘകാലം എം.പി.യുമായിരുന്നു. 2016-ൽ പ്രതിപക്ഷനേതാവായപ്പോൾ അദ്ദേഹം ഉന്നയിച്ച അഴിമതിയാരോപണങ്ങൾ സർക്കാരിനെ പ്രതിസന്ധിയിൽ നിർത്തി. താഴെത്തട്ടുവരെ പ്രവർത്തകരുമായി ബന്ധമുള്ള നേതാവ്.

പ്രതികൂലം 2021-ലെ തിരഞ്ഞെടുപ്പിൽ മുന്നണിയെ അധികാരത്തിലേക്ക് നയിക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, ഉള്ള സീറ്റ് കുറയുകയും ചെയ്തു. ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന സോളാർ, ബാർകോഴ കേസ് അന്വേഷണങ്ങൾ പാർട്ടിയെയും മുന്നണിയും പ്രതിസന്ധിയിലാക്കി. കേരള കോൺഗ്രസ്(എം) മുന്നണി വിട്ടുപോകുന്നതുവരെയെത്തി.

കെ.സി. വേണുഗോപാൽ 
അനുകൂലം അഖിലേന്ത്യാതലത്തിൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവായതിനാൽത്തന്നെ ഹൈക്കമാൻഡിന് തത്പരൻ. വേണുഗോപാലിനെ സംസ്ഥാനത്തേക്ക് അയക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ മുഖ്യമന്ത്രിക്കസേരയിലേക്ക് അധികം ദൂരമില്ല. ജയിച്ച പലർക്കും സീറ്റ് നേടിക്കൊടുത്തതിൽ നിർണായക പങ്കുവഹിച്ചു. തിരഞ്ഞെടുപ്പിനുവേണ്ട സന്നാഹമൊരുക്കുന്നതിലും നായകസ്ഥാനത്തുണ്ടായിരുന്നു. സംസ്ഥാന മന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ മികച്ച പ്രകടനം. തിരഞ്ഞെടുപ്പ് സമയത്ത് റിബലുകളെ കൈകാര്യം ചെയ്യുന്നതിലും പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നിർത്തുന്നതിലും വലിയപങ്കുവഹിച്ചു. സാമുദായിക നേതൃത്വങ്ങളുമായി മികച്ച ബന്ധം. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ലഭിക്കാൻ സാധ്യത.

പ്രതികൂലം: നിലവിൽ എം.പി.യാണ്. എം.പി.മാർ മത്സരിക്കേണ്ടെന്ന പൊതുതീരുമാനം നടപ്പാക്കിയശേഷം എം.പി. സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയാകുന്നതിലെ അനൗചിത്യം. മുഖ്യമന്ത്രിയായാൽ ആലപ്പുഴ ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പാർട്ടി നേരിടണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അമരക്കാരൻ വി.ഡി. സതീശനായിരിക്കെ, അദ്ദേഹത്തെ ഒഴിവാക്കി മുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുത്തെന്ന പേരുദോഷം വരാം.

Content Highlights: High command to decide Kerala CM based on MLA consensus., VD Satheesan credited for recent UDF electoral success., Ramesh Chennithala offers deep organizational experience., KC Venugopal maintains strong ties with the party high command., Evaluation of pros and cons for each leadership contender.