‘ഗുരുവായൂരിൽ ഹിന്ദു എംഎൽഎ’: ബി. ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിലേക്ക്?

#മാതൃഭൂമി ന്യൂസ്
ബി. ഗോപാലകൃഷ്ണൻ, രത്തൻ ഖേൽക്കർ | Photo: Mathrubhumi
ബി. ഗോപാലകൃഷ്ണൻ, രത്തൻ ഖേൽക്കർ | Photo: Mathrubhumi

തിരുവനന്തപുരം: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ ഹിന്ദു എംഎൽഎ വേണമെന്ന ബിജെപി നേതാവും മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയുമായ ബി. ഗോപാലകൃഷ്ണന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ.

വ്യക്തികളും രാഷ്ട്രീയ പാർട്ടികളുമടക്കം പരാതിയുമായി കമ്മീഷനെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി ലഭിച്ച ഉടനെ വിഷയത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ എടുത്ത നടപടികളടക്കമുള്ളവ സംബന്ധിച്ച് ഇന്ന് തന്നെ റിപ്പോർട്ട് ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മാതൃഭൂമി ന്യൂസിനോട്  വ്യക്തമാക്കി.

ബി ഗോപാലാകൃഷ്ണൻ ഉപയോഗിച്ച ഓരോ വാക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ നിർദേശങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കും. എല്ലാ തരത്തിലുള്ള ലംഘനങ്ങളും അതീവ ഗൗരവകരമായാണ് കമ്മീഷൻ കാണുന്നത്.  ഇതിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വേണമെന്നായിരുന്നു ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടത്. ഈ പരാമർശം നിലവിലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവകരമായ പരിശോധന ആരംഭിച്ചു. മതം, ജാതി എന്നിവയുടെ പേരിൽ വോട്ട് ചോദിക്കുന്നതോ വിഭാഗീയത ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകൾ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനത്തിന്റെ പരിധിയിൽ വരും.

Content Highlights: Election Commission probes BJP leader B. Gopalakrishnan's 'Hindu MLA' remark in Guruvayur.