സിപിഎമ്മിന്റെ ചോരയും നീരും ഊറ്റി വളർന്നു, നാലുവെള്ളിക്കാശിന് പാർട്ടിയെ ഒറ്റി- സുധാകരനെതിരേ വിമർശനം

#ന്യൂസ് ഡെസ്ക്
ജി.സുധാകരൻ |ഫോട്ടോ:മാതൃഭൂമി
ജി.സുധാകരൻ |ഫോട്ടോ:മാതൃഭൂമി

ആലപ്പുഴ: നിയുക്ത അമ്പലപ്പുഴ എം.എൽ.എ. ജി. സുധാകരൻ കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും കോടാലിക്കൈയായി അധഃപതിക്കുകയാണെന്ന് സി.പി.എം. ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിൽ വിമർശം.

ദിവാൻ വാഴ്ചയ്ക്കും ജന്മിത്തത്തിനുമെതിരേ പൊരുതിയ ആലപ്പുഴയിലെ സി.പി.എമ്മിന്റെ ചോരയുംനീരും ഊറ്റിവളർന്ന്, സകല സ്ഥാനമാനങ്ങളും നേടിയ ആളാണ് സുധാകരൻ. എന്നാലിപ്പോൾ, നാലു വെള്ളിക്കാശിനു പാർട്ടിയെ ഒറ്റിക്കൊടുത്തുകിട്ടിയ എം.എൽ.എ. പദവിയുപയോഗിച്ച് പാർട്ടിയെയും നേതാക്കളെയും കരിവാരിത്തേക്കുകയാണ്.

സ്വന്തം നേട്ടത്തിനായി സഹോദരന്റെ രക്തസാക്ഷിത്വത്തിനു പുതിയകഥ മിനഞ്ഞ് വലതുപക്ഷത്തിനു മുൻപിൽ നല്ലപിള്ള ചമയാൻ ശ്രമിച്ചു. അതു ചോദ്യംചെയ്ത ചാരുംമൂട് ഏരിയ സെക്രട്ടറി ബിനുവിനെ ആക്ഷേപിച്ചു. ജി. ഭുവനേശ്വരന്റെ ബലികുടീരത്തിൽ കയറാനുള്ള രാഷ്ട്രീയവിശുദ്ധി സുധാകരൻ നഷ്ടപ്പെടുത്തിയെന്നത് ഓരോ കമ്യൂണിസ്റ്റിന്റെയും വികാരമാണ്. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെത്തുടർന്ന്, വീട്ടുപറമ്പിലെ ആഞ്ഞിലി വിറ്റാണു കേസ് നടത്തിയതെന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ.

ഭുവനേശ്വരൻ കൊല്ലപ്പെട്ടത് എസ്.എഫ്‌.ഐ.ക്കാർ കാരണമാണെന്ന പച്ചക്കള്ളവും പ്രചരിപ്പിക്കുന്നു. അതുകൊണ്ടാണ് പാർട്ടി ഏരിയ സെക്രട്ടറി, സുധാകരൻ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതു ചോദ്യംചെയ്തത്. അതിനാണ് അദ്ദേഹത്തെ ശുംഭൻ എന്നുവിളിച്ച് സുധാകരൻ സ്വയം അപഹാസ്യനായത്.

പാർട്ടിയിലിപ്പോൾ കുടിയന്മാരും മോശക്കാരുമാണെന്നാണു സുധാകരന്റെ കണ്ടുപിടിത്തം. 60 കൊല്ലത്തെ പാരമ്പര്യം അഭിമാനപുരസ്സരം പറയുന്നയാൾക്ക് എല്ലാവരും മോശക്കാരായി മാറിയെന്ന് ഇപ്പോഴാണു തോന്നിയതെന്നും സെക്രട്ടേറിയറ്റ് പരിഹസിച്ചു.

Content Highlights: CPM Alappuzha District Secretariat accuses G. Sudhakaran of acting against party interests., Controversy regarding the martyrdom of G. Bhuvaneswaran and historical inaccuracies., Allegations of Sudhakaran insulting local party leadership and cadres., Rejection of Sudhakaran's claims regarding party culture and history.