ഭരണംപിടിക്കാൻ ബദൽവഴി; എല്ലാ മേഖലകളിലും ബദൽ പദ്ധതിയുമായി കോൺഗ്രസ്

സുൽത്താൻബത്തേരിയിൽ കെപിസിസി ലീഡർഷിപ്പ് സമ്മിറ്റ് 'ലക്ഷ്യ 26' ചർച്ചയ്ക്കിടയിൽ സൗഹൃദം പങ്കുവെക്കുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമിതിയംഗം ശശി തരൂർ എന്നിവർ |ഫോട്ടോ: പി. കൃഷ്ണപ്രദീപ്
സുൽത്താൻബത്തേരിയിൽ കെപിസിസി ലീഡർഷിപ്പ് സമ്മിറ്റ് 'ലക്ഷ്യ 26' ചർച്ചയ്ക്കിടയിൽ സൗഹൃദം പങ്കുവെക്കുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമിതിയംഗം ശശി തരൂർ എന്നിവർ |ഫോട്ടോ: പി. കൃഷ്ണപ്രദീപ്

സുൽത്താൻ ബത്തേരി: ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്തിമാത്രം അധികാരത്തിലെത്തുന്ന രീതിക്കുപകരം, സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ബദൽ പദ്ധതിയുമായി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കർമപദ്ധതി രൂപവത്കരിക്കാൻ സംഘടിപ്പിച്ച ‘ലക്ഷ്യ 2026 ലീഡേഴ്‌സ് സമ്മിറ്റി’ൽ അതിനുള്ള പ്രാഥമിക രൂപമായി.

തൊഴിൽതേടി യുവാക്കൾ വിദേശത്തേക്ക് ചേക്കേറുന്നതിനു പകരം ഇവിടെ തൊഴിൽ സാഹചര്യമൊരുക്കി നിർത്തുക, ഉന്നതവിദ്യാഭ്യാസമേഖലയെ തൊഴിൽരംഗങ്ങളുമായി കോർത്തിണക്കുക, ആരോഗ്യരംഗം, മനുഷ്യ-വന്യജീവി സംഘർഷം, കാർഷിക-തീരമേഖലയിലെ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലാണ് വിദഗ്ധരുടെ സഹായത്തോടെ ബദൽനയം രൂപവത്കരിക്കുന്നത്. ആരോഗ്യ, ഉന്നത വിദ്യഭ്യാസമേഖലയിലെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇവയെല്ലാംചേർത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ആറിന് തുടങ്ങുമെന്നും സമ്മിറ്റിന്റെ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ യാത്രനടക്കുമ്പോൾത്തന്നെ ഒരുഭാഗത്ത് സ്ഥാനാർഥിനിർണയം നടക്കും. ജനുവരി അവസാനത്തോടെ ആദ്യഘട്ടവും ഫെബ്രുവരിയിൽ ബാക്കി മുഴുവനും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Congress unveils `Lakshya 2026` leaders summit, outlining alternative plans focusing on employment, education, health, and environment to counter anti-incumbency for Kerala Assembly elections.