പോഡ്കാസ്റ്റ്, ഡോക്യുമെന്ററി...; മുഖ്യമന്ത്രിപദത്തിനായി ‘ഓടുന്ന ബസ്സിൽ ഓടുന്ന’ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: വോട്ടെല്ലാം പെട്ടിയിലായി, ഫലംവരാൻ ദിവസങ്ങൾ ഇനിയുമുണ്ടെന്നിരിക്കേ, കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യംവെച്ചുള്ള ഓട്ടത്തിലാണ്. ഓടുന്ന ബസ്സിൽക്കയറി ഓടുന്നതിന് സമമാണിത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രചാരണം. നേതാക്കൾ നേരിട്ടിറങ്ങുന്നില്ലെങ്കിലും തേനീച്ചക്കൂട്ടിലെ പരിശ്രമശാലികളെപ്പോലെ അണികളാണ് അധ്വാനികൾ.
സൈബറിടമാണ് അഭിപ്രായരൂപവത്കരണത്തിനുള്ള പ്രധാനവേദി. വേണുഗോപാലിനെക്കുറിച്ച് ജനനായകൻ എന്നപേരിൽ എ.ഐ. വീഡിയോ കഴിഞ്ഞദിവസം ഇറങ്ങി. ഒട്ടും അമാന്തിച്ചില്ല രമേശ് ചെന്നിത്തലയെ ജനനായകനാക്കിയുള്ള ഡോക്യുമെന്ററി അദ്ദേഹത്തിന്റെ അനുയായികളുമിറക്കി. വേണുഗോപാലിനെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായെന്നാണ് സൂചന.
നിലപാടുകളുടെ രാജകുമാരൻ എന്നനിലയിലാണ് വി.ഡി. സതീശനെ അനുയായികൾ സാമൂഹികമാധ്യമങ്ങളിൽ അവതരിപ്പിക്കുന്നത്. എങ്കിലും സൈബർയുദ്ധത്തിൽ സതീശൻ പിന്നാക്കമാണ്.
കേരളം നേരിടുന്ന പ്രശ്നങ്ങൾ അടിസ്ഥാനമാക്കി രമേശ് ചെന്നിത്തല പോഡ്കാസ്റ്റ് തുടങ്ങുകയാണ്. ട്രയൽ കഴിഞ്ഞദിവസം നടന്നു. ലോൺ ആപ്പ് കെണിയിൽവീഴുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ പോഡ്‌കാസ്റ്റിൽ ചർച്ചചെയ്യുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കഴുത്തറപ്പൻ പലിശക്കാരെ പിടിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേരയെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. കേരളയാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ പോഡ്കാസ്റ്റിൽ വരുംദിവസങ്ങളിൽ ചെന്നിത്തല വ്യത്യസ്തമായ വിഷയങ്ങളുമായി വരും.
ചെന്നിത്തലയുടെ ഒരു നോവൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. ലോക്‌സഭ, രാജ്യസഭ, നിയമസഭ തുടങ്ങിയ വേദികളിൽ കെ.സി. വേണുഗോപാൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും. ക്രൈസ്തവവേദികളിൽ വി.ഡി. സതീശൻ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരവും അണിയറയിൽ ഒരുങ്ങുന്നു.
ഇതിനിടെ സതീശനെ പിന്തുണയ്ക്കുന്നെന്നു പറയുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ വേണുഗോപാലിനെതിരേവന്ന പരാമർശങ്ങളുടെ സ്‌ക്രീൻ ഷോട്ടും പാർട്ടിക്കാർക്കിടയിൽ പ്രചരിക്കുന്നുണ്ട്. എം.എൽ.എ.മാരുടെ അഭിപ്രായം ചോദിച്ചശേഷം ഹൈക്കമാൻഡായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന മറുപടിയാണ് നേതാക്കളെല്ലാം ചോദ്യങ്ങൾക്ക് നൽകുന്നതെങ്കിലും അണികളെ നിയന്ത്രിക്കാൻ ആരും മുതിരുന്നില്ലെന്നതാണ് കൗതുകം.
കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കാര്യമായ തർക്കമുണ്ടായിട്ടില്ല. കെ. കരുണാകരൻ-എ.കെ. ആന്റണി, ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല നേതൃത്വകാലങ്ങളിൽ പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും മുന്നണി അധികാരത്തിൽവന്നാൽ മുഖ്യമന്ത്രിയാര് എന്നതിൽ വ്യക്തതയുണ്ടായിരുന്നു.
Content Highlights: Congress leaders are actively positioning themselves for the CM post before official results., Digital campaigns, including AI videos and documentaries, are being used to build public image., Ramesh Chennithala is leveraging podcasts to address Kerala's social issues., The party leadership maintains that the High Command will decide the CM after consulting MLAs., Internal friction is evident through social media campaigns and leaked WhatsApp group messages.