കോൺഗ്രസ് പട്ടികയിലെ മൂന്നിലൊന്ന് പേരും കെ.സി പക്ഷക്കാർ; വിശ്വസ്തർക്ക് സീറ്റില്ലാതെ ചെന്നിത്തല

ന്യൂഡൽഹി: ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ കെ.സി വേണുഗോപാൽ പക്ഷത്തിന് നേട്ടം. സീറ്റ് ലഭിച്ചവരിൽ കൂടുതൽ പേരും കെ.സിയോടൊപ്പം നിൽക്കുന്നവരാണ്. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റിൽ മൂന്നിലൊന്നും കെ.സിക്കൊപ്പം നിൽക്കുന്നവരാണ്. ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അധികാര സമവാക്യം മാറിമറിഞ്ഞപ്പോൾ ഒരുദശാബ്ദത്തോളം അപ്രമാദിത്വമുണ്ടായിരുന്നത് എ ഗ്രൂപ്പിനായിരുന്നു. പഴയ എ ഗ്രൂപ്പുകാരും ഐ ഗ്രൂപ്പുകാരുമായ പല നേതാക്കളും ഇപ്പോൾ കെ.സി പക്ഷത്താണ്. അംഗബലത്തിൽ സ്ഥാനാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എ ഗ്രൂപ്പാണ്. 21 പേർ എ ഗ്രൂപ്പ് സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്. വിശാല ഐ ഗ്രൂപ്പ് ശോഷിച്ചതോടെ ചെന്നിത്തല അനുയായികളായ നിൽക്കുന്നവർ 16 സ്ഥാനാർഥികളുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശ്വസ്തരായ എട്ടുപേരും കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടുന്നുണ്ട്.
തൃശൂർ ജില്ലയിലാണ് കെ.സി. വേണുഗോപാലിനോട് അടുപ്പമുള്ളവർ ഏറ്റവും കൂടുതൽ മത്സരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ആണ് കെ.സി. ഗ്രൂപ്പിൽപ്പെട്ടവർ ജനവിധി തേടുന്നത്. ഇതിൽ മൂന്ന് മണ്ഡലങ്ങൾ കോൺഗ്രസ് എ ക്ലാസ് മണ്ഡലമായി കരുതുന്നതാണ്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിൽ കെ.സി. ഗ്രൂപ്പിലെ മൂന്ന് വീതം സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ രണ്ടുവീതം സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. എറണാകുളം ജില്ലയിലാണ് സ്ഥാനാർഥികളിൽ കെ.സി പക്ഷക്കാർ കുറവുള്ളത്. പ്രത്യക്ഷത്തിൽ കെ.സി. ഗ്രൂപ്പിന്റെ ഭാഗമായ ഒരു ജനപ്രതിനിധി മാത്രമാണ് ജില്ലയിൽ വീണ്ടും ജനവിധി തേടുന്നത്.
ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷം ശിഥിലമായ എ ഗ്രൂപ്പിനാണ് നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റവും ഗുണം ലഭിച്ചിരിക്കുന്നത്. നിലവിൽ നേതൃത്വം ഇല്ലാത്ത എ ഗ്രൂപ്പിന്റെ ഭാഗമായ 21 പേരാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. പഴയ എ ഗ്രൂപ്പിലെ നേതാക്കളായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാൻ എന്നിവരുടെ ശ്രമ ഫലമായാണ് ഇവരിൽ പലർക്കും സീറ്റ് ലഭിച്ചത്. എറണാകുളം ജില്ലയിലാണ് എ ഗ്രൂപ്പിന് ഏറ്റവും അധികം പ്രാതിനിധ്യം ലഭിച്ചത്. അഞ്ച് എ ഗ്രൂപ്പുകാരാണ് ഇവിടെ ജനവിധി തേടുന്നത്. തിരുവനന്തപുരത്തും തൃശൂരിലും മൂന്ന് വീതം എ ഗ്രൂപ്പുകാരാണ് മത്സരിക്കുന്നത്. കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ രണ്ട് എ ഗ്രൂപ്പുകാർ മത്സരിക്കുന്നു. കണ്ണൂർ, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ എ ഗ്രൂപ്പിലെ ഓരോ അംഗങ്ങൾ ജനവിധി തേടുന്നു. ഉമ്മൻ ചാണ്ടിക്ക് ശേഷം ഗ്രൂപ്പിന് കൃത്യമായി ഒരു നായകനില്ലാത്തതിനാൽ ഇതിൽ പലരും ഭാവിയിൽ കെ.സിക്ക് ഒപ്പം ചേർന്നാൽ അത്ഭുതപ്പെടാൻ ഇല്ലെന്നാണ് മറ്റ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.
രമേശ് ചെന്നിത്തല ഗ്രൂപ്പിന്റെ ശക്തരായ പലർക്കും ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല. ജോസഫ് വാഴക്കൻ, ബാബു പ്രസാദ്, എൻ. സുബ്രമണ്യം തുടങ്ങി രമേശിന്റെ വിശ്വസ്തരിൽ പലരെയും അവസാന നിമിഷം പട്ടികയിൽനിന്ന് വെട്ടി നീക്കിയിരുന്നു. എന്നാൽ അന്തിമ കണക്കെടുക്കുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിൽക്കുന്ന 16 പേർ ഇത്തവണ മത്സരിക്കുന്നുണ്ട്. വയനാട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ രമേശ് ചെന്നിത്തല ഗ്രൂപ്പുകാർ മത്സരിക്കുന്നത്. രണ്ട് വീതം പേർ. കാസർകോട് കണ്ണൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിൽക്കുന്നവർ ഓരോ സീറ്റിൽ മത്സരിക്കുന്നുണ്ട്.
വി.ഡി. സതീശനോട് ഒപ്പം ഉറച്ച് നിൽക്കുന്ന എട്ട് പേരാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ഥാനം പിടിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വി.ഡി. സതീശൻ ഗ്രൂപ്പിൽപ്പെട്ട രണ്ട് പേര് വീതമാണ് മത്സരിക്കുന്നത്. പ്രത്യക്ഷത്തിൽ ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത 9 പേരാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഉള്ളത്. എംപിമാർക്ക് സീറ്റ് നിഷേധിച്ചുവെങ്കിലും പല എംപിമാരും പറഞ്ഞ പേരുകൾ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കെ സുധാകരൻ നിർദേശിച്ച കെ.പി. ഷാജുവാണ് തലശേരിയിലെ കോൺഗ്രസ് സ്ഥാനാർഥി. അടൂർ പ്രകാശ് നിർദേശിച്ച രമ്യ ഹരിദാസ്, മീനാങ്കൽ കുമാർ, ശാന്തകുമാർ എന്നിവർ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചു. ആന്റോ ആന്റണി നിർദേശിച്ച രണ്ട് പേരും കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ എന്നിവർ നിർദേശിച്ച ഓരോ പേരുകളും പട്ടികയിൽ ഇടം പിടിച്ചു.
Content Highlights: KC Venugopal's faction holds the largest share of Congress candidate seats., A-Group secures 21 seats despite lacking a central leader post-Oommen Chandy., Ramesh Chennithala's faction maintains 16 candidates in the final list., VD Satheesan has 8 loyalists in the electoral fray., Strategic influence of MPs in candidate selection process.