സലാമിനു ഭ്രാന്തുപിടിച്ചെന്ന് സുധാകരൻ; അത് ആർക്കെന്ന് ആലപ്പുഴക്കാർ മനസ്സിലാക്കിയിട്ടുണ്ടെന്ന് സലാം

അമ്പലപ്പുഴ: തിരഞ്ഞെടുപ്പു ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ആരോപണപ്രത്യാരോപണങ്ങളുമായി അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനും എൽ.ഡി.എഫ്. സ്ഥാനാർഥി എച്ച്. സലാമും. സലാം ഭ്രാന്തുപിടിച്ചു നടക്കുകയാണെന്ന് ജി. സുധാകരൻ ആരോപിച്ചു. ആർക്കാണ് ഭ്രാന്തു പിടിച്ചതെന്ന് ആലപ്പുഴക്കാർ തിരഞ്ഞെടുപ്പുകാലത്ത് നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന് എച്ച്. സലാം തിരിച്ചടിച്ചു.
കഴിഞ്ഞദിവസം എച്ച്. സലാം ജി. സുധാകരനെതിരേ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധാകരനും പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് സലാം ഇതിനു മറുപടി നൽകിയത്.
തനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പറയാൻ സലാം ഭരണഘടനാ വിദഗ്ധനല്ലെന്ന് സുധാകരൻ പറഞ്ഞു. അയാൾക്ക് തീവ്രവാദബന്ധമുണ്ടെന്നു പറഞ്ഞിട്ടില്ല. ഇനി അങ്ങനെയാണ് അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ തനിക്കൊന്നും പറയാനില്ല. വോട്ടെണ്ണലിനു ശേഷം തനിക്കെതിരേ തെളിവുകൾ പുറത്തുവിടുമെന്നാണു സലാം പറഞ്ഞത്. എന്താ നേരത്തേ പുറത്തുവിടാഞ്ഞത്? വോട്ടെടുപ്പിനു മുൻപല്ലേ പുറത്തുവിടേണ്ടത്? കോടതിയെന്നു പറഞ്ഞാൽ അയാളുടെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമാണെന്നു കരുതിയോ? സുധാകരൻ ചോദിച്ചു.
ചുരുക്കിപ്പറഞ്ഞാൽ ഇവരാരും സീരിയസല്ല. ഭരണവിരുദ്ധ വികാരമില്ലെന്ന് സി.പി.എം. പറയുന്നത് അവരുടെ വിശ്വാസമാണ്. വിശ്വാസത്തിൽ അവർ നിൽക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.
പരമ്പരയെഴുതുമെന്ന് സലാം
ഭ്രാന്തമായ ജല്പനങ്ങൾ നടത്തിയും ജാതിവെറി നിറച്ച പ്രസംഗങ്ങളിലൂടെയും തിരഞ്ഞെടുപ്പന്തരീക്ഷം മലിനമാക്കിയത് ആരാണെന്ന് നാട്ടുകാർക്കറിയാമെന്ന് സലാം ഫെയ്‌സ്ബുക്കിൽ കുറിച്ചു. പഴയതുപോലെ ജി. സുധാകരൻ സി.പി.എമ്മുകാർക്ക് ക്ലാസെടുക്കാൻ വരേണ്ടാ.
പാർട്ടിയെ ചതിച്ച് യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും കൂടാരത്തിൽ കയറിക്കൂടിയ അദ്ദേഹം കോൺഗ്രസിനും ബി.ജെ.പി.ക്കും ജമാഅത്തെ ഇസ്‌ലാമിക്കും ക്ലാസെടുത്താൽ മതി. സുധാകരന്റെ യഥാർഥ മുഖത്തെക്കുറിച്ചുള്ള കാര്യങ്ങൾ ‘സൂരി നമ്പൂതിരി മുതൽ കല്പകവാടി വരെ’ എന്ന പേരിൽ നവമാധ്യമം വഴി പല ദിവസങ്ങളിലായി എഴുതി കേരളത്തെ അറിയിക്കണമെന്നു വിചാരിക്കുന്നു. പത്തു ദിവസത്തിനുള്ളിൽ പരമ്പര എഴുതിത്തുടങ്ങും.
എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തി ബി.ജെ.പി.യും യു.ഡി.എഫും പ്രചാരണം നടത്തി. യു.ഡി.എഫ്. സ്ഥാനാർഥി ജാതിപരമായും അധിക്ഷേപിച്ചു. അപകീർത്തികരമായ കള്ളപ്രചാരവേല നടത്തിയ ബി.ജെ.പി. സ്ഥാനാർഥിക്കും രണ്ടു നേതാക്കൾക്കുമെതിരേ നിയമനടപടി സ്വീകരിക്കും.
സുധാകരനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. സുധാകരൻ എന്റെനേരേ ഭ്രാന്തുപിടിച്ച് തുള്ളാൻ വരേണ്ടാ. തൊപ്പിവെച്ച് ചെണ്ടകൊട്ടിത്തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതിയെന്നും എച്ച്. സലാം കുറിച്ചു.
Content Highlights: Tensions escalate between G Sudhakaran and H Salam ahead of 2026 vote count., G Sudhakaran questions Salam's credibility and legal threats., H Salam announces an upcoming series titled 'Suri Namboothiri to Kalpakavadi' to expose Sudhakaran., Mutual accusations of political betrayal and defamatory campaigning.