കേരളത്തിൽ തനിച്ച് മത്സരിക്കാൻ ആം ആദ്മി പാർട്ടി; സംസ്ഥാനനേതാക്കൾ കെജ്രിവാളിനെ കണ്ടു

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഒറ്റയ്ക്ക് മത്സരിക്കാൻ സംസ്ഥാനനേതൃത്വത്തിന് പാർട്ടി ദേശീയാധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ അനുമതി നൽകി. ഇന്ത്യ പ്രതിപക്ഷസഖ്യത്തിൽനിന്ന് പിൻമാറിയശേഷം, മറ്റുപാർട്ടികളുമായി സഹകരിച്ചുള്ള തിരഞ്ഞെടുപ്പുസഖ്യങ്ങൾ വേണ്ടെന്നാണ് എഎപി നയം.
ചർച്ചകൾക്കായി എഎപി സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കെജ്രിവാളിനെ കണ്ടു. തദ്ദേശതിരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ ജനപ്രതിനിധികളെ കെജ്രിവാൾ അഭിനന്ദിച്ചു. വർക്കിങ് പ്രസിഡന്റ് സെലിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി അലി സുജാത്, ഖജാൻജി ഷാജി ഫ്രാൻസിസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
സ്ഥാനാർഥിനിർണയത്തിന് സംസ്ഥാനതലത്തിൽ സ്ക്രീനിങ് സമിതിയുണ്ടാക്കുമെന്ന് നേതാക്കൾ പറഞ്ഞു. കേരളാ പ്രഭാരിയായ ഡൽഹി കോർപ്പറേഷൻ മുൻ മേയർ ഷെല്ലി ഒബ്രോയിയും ഉൾപ്പെടുന്നതാകും സമിതി. ഇവർ നൽകുന്ന പേരുകൾക്ക് ഡൽഹി നേതൃത്വം അന്തിമാംഗീകാരം നൽകും. പ്രാഥമികചർച്ചകൾ നടന്നുവരുകയാണെന്നും ഈ മാസംതന്നെ ആദ്യ സ്ഥാനാർഥിപ്പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറുമെന്നും വിനോദ് മാത്യു പറഞ്ഞു.
മുഴുവൻ മണ്ഡലത്തിലും മത്സരിക്കാൻ നിർദേശമുണ്ടെങ്കിലും ജനസമ്മതി പരിഗണിച്ചായിരിക്കും സ്ഥാനാർഥികളെ നിർത്തുക. പ്രചാരണത്തിന് കെജ്രിവാളടക്കം താരപ്രചാരകർ കേരളത്തിലെത്തുമെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞതവണ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം ട്വന്റി 20യുമായി എഎപി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് തകർന്നു. ദേശീയനയത്തിന്റെ ഭാഗമായി മറ്റുപാർട്ടികളോട് സഖ്യം വേണ്ടെന്ന നിലപാടാണ് സംസ്ഥാനത്തും പാർട്ടി സ്വീകരിക്കുന്നത്.
Content Highlights: aap to contest in kerala assembly election 2026