മതപരമായ തെറ്റുകൾക്ക് താത്കാലികക്ഷമ ലഭിച്ചില്ല: തിരഞ്ഞടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ശിരോമണി അകാലിദൾ

ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബില്‍ സിങ് ബാദല്‍ | Photo:ANI
ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബില്‍ സിങ് ബാദല്‍ | Photo:ANI

ഛണ്ഡീഗഢ്: പഞ്ചാബിൽ നവംബർ 13-ന് നടക്കാനിരിക്കുന്ന നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ശിരോമണി അകാലിദൾ (എസ്.എ.ഡി.) അറിയിച്ചു. പാർട്ടി പ്രവർത്തകസമിതിയുടെയും ജില്ലാപ്രസിഡന്റുമാരുടെയും അടിയന്തരയോഗത്തിലാണ് തീരുമാനം.

2007 മുതൽ 2017 വരെ എസ്.എ.ഡി. പാർട്ടിയും സർക്കാരും ചെയ്ത മതപരമായ തെറ്റുകൾക്ക് പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലിന് സിഖ് മതാചാരപ്രകാരമുള്ള താത്കാലികക്ഷമ ലഭിക്കാതിരുന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. അതിനിടെ, എസ്.എ.ഡി.യിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ സോഹൻ തണ്ടൽ ബി.ജെ.പി.യിൽ ചേർന്നു. ചബ്ബേവാൽ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി തണ്ടൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഓഗസ്റ്റ് 30-നാണ് സിഖ് പുരോഹിതരുടെ ഏറ്റവും ഉയർന്ന ഇരിപ്പിടമായ അകാൽ തക്ത് സുഖ്ബീർ സിങ് മതപരമായ ദുഷ്‌പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രചാരണം നയിക്കുന്നതിനായി ഇളവുനൽകണമെന്ന എസ്.എ.ഡി.യുടെ ആവശ്യം അകാൽ തക്ത് അംഗീകരിച്ചില്ല. ഗിദ്ദർബഹ, ഡേരാ ബാബാ നാനാക്, ബർണാല, ചബ്ബേവാൾ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

Content Highlights: sad to boycott by elections punjab religious ruling against party president