ഇനി പ്രിയങ്കയുടെ കാലം; നാലു ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെയും മറികടന്നുള്ള വരവ്

പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി | Photo: PTI
പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി | Photo: PTI

ന്നിയങ്കത്തിനായി വയനാടുചുരം കയറിയ പ്രിയങ്കയെ ആ നാട് ഇരുകൈകളും ചേർത്തുപിടിച്ചു. ആ സ്നേഹസ്പർശം പ്രിയങ്കയ്ക്ക് നൽകിയത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.

2009-ല്‍ രൂപീകൃതമായ മണ്ഡലം. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ല്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ്. 2024-ല്‍ രാഹുല്‍ ഗാന്ധിയുടെ പിന്‍വാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയുമ്പോള്‍ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാന്‍ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി. അവസരങ്ങള്‍ നിരവധി ഉണ്ടായിട്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തോട് മുഖം തിരിച്ച പ്രിയങ്ക വയനാട്ടില്‍ വന്നു മത്സരിക്കുമോ എന്നത് അപ്പോഴും ചോദ്യമായി. ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചയായി. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രഖ്യാപിച്ചു, വയനാട് ഞാന്‍ എന്റെ സഹോദരിയെ ഏല്‍പ്പിക്കുന്നു. 

ഉത്തരേന്ത്യയില്‍ നിന്നുള്ള ഒളിച്ചോട്ടമായി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിരാളികള്‍ വിമര്‍ശിച്ചപ്പോള്‍  ഇന്ത്യയില്‍ എവിടെയും മത്സരിക്കാന്‍ കഴിവും പ്രാപ്തിയുള്ള പ്രിയങ്ക വയനാടിനെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തത് തങ്ങളുടെ സൗഭാഗ്യമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി. 5 ലക്ഷം വോട്ടിന് പ്രിയങ്കാ ഗാന്ധിയെ ജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ക്യാമ്പ് ചെയ്ത് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ താമസിച്ച് നേരിട്ട് വോട്ടര്‍മാരെ കണ്ട് പ്രചരണം നടത്തി. പക്ഷെ, തിരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസിനും ആശങ്കകളുടേതായിരുന്നു. ആളൊഴിഞ്ഞ ബൂത്തുകള്‍ ആശങ്കയായി. നിഷ്പക്ഷ വോട്ടര്‍മാര്‍ എത്താത്തത് വെല്ലുവിളിയും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിട്ട് പോലും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

വയനാടിന്‍റെ പ്രിയങ്കരി

4.10 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ആധികാരിക വിജയം. ആറ് ലക്ഷത്തിലധികം വോട്ട് നേടി പ്രിയങ്ക കൈവരിച്ച ആധികാരിക വിജയത്തിലേക്ക് വഴിതെളിച്ച ഘടകങ്ങൾ പലതാണ്. രാഷ്ട്രീയ വിഷയങ്ങളേക്കാൾ പ്രിയങ്ക ഗാന്ധിയുടെ കരിസ്മ തന്നെയാണ് വോട്ടൊഴുക്കിൽ നിർണായകമായതെന്ന് നിസ്തർക്കമാണ്. ഇന്ദിരയുടെ പൗത്രി, രാജീവിന്റെ പുത്രി, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം; പ്രചാരണത്തിനെത്തിയ പ്രിയങ്കയെ ആരാധനയോടെ വരവേൽക്കുകയായിരുന്നു വയനാട്ടുകാര്‍. ടെലിവിഷന്‍ സ്‌ക്രീനിലും പത്രത്താളുകളിലും സമൂഹമാധ്യമങ്ങളിലും മാത്രം കണ്ടിരുന്ന പ്രിയങ്കാ ഗാന്ധിയെ നേരിട്ട് കാണാനുള്ള ജനങ്ങളുടെ ആവേശത്തിന്റെ പ്രതിഫലനമായിരുന്നു നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിലെ ആദ്യ റോഡ് ഷോ മുതല്‍ പിന്നീട് അങ്ങോട്ട് പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടികളെല്ലാം.

ദൂരെനിന്നെങ്കിലും പ്രിയങ്കയെ ഒന്നു കാണാന്‍, പറ്റിയാല്‍ ഒന്നു കൈകൊടുക്കാന്‍ ആളുകള്‍ തടിച്ചുകൂടി. കൈ കൂപ്പിയുള്ള ചിരിയിലൂടെ സൗമ്യമായ സംസാരത്തിലൂടെ വയനാടിനെ അവര്‍ കയ്യിലെടുത്തു. ഭാഷാ പരിമിതിയും മറികടന്ന് വയനാടിന്റെ പ്രശ്നങ്ങള്‍ വോട്ടര്‍മാരെ കണ്ട് ചോദിച്ചറിഞ്ഞു. ജനപ്രതിനിധിയാവാന്‍ അവസരം തന്നാല്‍ ഏത് പ്രശ്നങ്ങളും  നമ്മള്‍ ഒരുമിച്ച് നിന്ന് നേരിടുമെന്ന് ഉറപ്പ് നല്‍കി. വെറുമൊരു വാഗ്ദാനമല്ലെന്ന് ബോധ്യപ്പെടുത്താന്‍ വയനാട്ടില്‍തന്നെ ക്യാമ്പ് ചെയ്ത് പ്രചരണവും നടത്തി.

ആര്‍ക്കുവോട്ട് ചെയ്യുമെന്ന് ചോദിച്ചാല്‍ പ്രിയങ്കയ്ക്കെന്ന് വയനാട്ടിലെ ഭൂരിഭാഗം വോട്ടര്‍മാരും ഉറപ്പിച്ചു പറഞ്ഞു. എന്തുകൊണ്ട് പ്രിയങ്ക എന്ന ചോദ്യത്തെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രണ്ട് മഹാത്മക്കളുടെ പിന്‍മുറക്കാരി എന്നതിനേക്കാള്‍ മറ്റെന്ത് എന്ന മറുചോദ്യംകൊണ്ട് അവർ നേരിട്ടു. രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്ന കാര്യം മറച്ചുവെച്ച് വയനാടിനെ കബളിപ്പിച്ചെന്നും അഞ്ചുകൊല്ലം എം പി ആയിരുന്നിട്ടും വയനാട്ടില്‍ അതിഥിയായി മാത്രം രാഹുല്‍ ഗാന്ധി വന്നുപോയെന്നും പ്രിയങ്കയും വയനാടിനൊപ്പം നില്‍ക്കില്ലെന്നും എതിരാളികള്‍ പ്രചരിപ്പിച്ചിട്ടും വോട്ടര്‍മാരുടെ മനസ്സ് മാറിയില്ല.

എന്റെ സഹോദരിയെക്കാള്‍ മികച്ച ഒരു ജനപ്രതിനിധിയെ വയനാടിന് സമ്മാനിക്കാനില്ലെന്നും പ്രിയങ്ക ജയിച്ചാല്‍ വയനാടിന് രണ്ട് എംപിമാരുണ്ടാകുമെന്നുള്ള രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം കൂടിയായതോടെ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് കടമ്പകളില്ലാതായി. വയനാട്ടിലെ ജന മനസ്സുകളില്‍ ഏറെ സ്വാധീനമുള്ള സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ത്ഥിത്വം പോലും അവസാന ഘട്ടങ്ങളില്‍ പ്രിയങ്കയുടെ പ്രഭാവത്തിനുമുമ്പില്‍ നിഷ്പ്രഭമായി. പരസ്യപ്രചാരണത്തിന്റെ അവസാനം മലയാളത്തില്‍ സംസാരം തുടങ്ങിയ പ്രിയങ്ക മലയാളം പഠിക്കുമെന്ന് കൂടി പ്രഖ്യാപിച്ചു. വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും പ്രചാരണത്തിന്റെ ആദ്യാവസാനം വയനാട്ടിലെ സാധാരണക്കാരെ കയ്യിലെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് സാധിച്ചു എന്നത് ഇപ്പോഴത്തെ വൻ ഭൂരിപക്ഷത്തിലേയ്ക്കെത്തുന്നതിൽ  നിർണായകമായി.

ഭൂരിപക്ഷത്തിൽ പ്രിയങ്കയുടെ പ്രഭാവം

2019-ൽ വയനാട്ടിൽ ആദ്യ മത്സരത്തിൽ  4.31 ലക്ഷം വോട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2014-ൽ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തിയ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലെത്തിക്കാനായിരുന്നു യു.ഡി.എഫിന്റെ തന്ത്രങ്ങൾ.  ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയാനുള്ള സാധ്യത മറികടക്കാനുള്ള തന്ത്രങ്ങളും ആവിഷ്കരിച്ചു.  എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് തിരഞ്ഞെടുപ്പ് ദിനം കടന്ന് പോയത്. 1471742 വോട്ടർമാരുള്ള വയനാട്ടിൽ 952543 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭൂരിപക്ഷം കുറഞ്ഞത് കോൺഗ്രസിനെ ബാധിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസം തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് പങ്കുവെച്ചിരുന്നു കണക്കുകൂട്ടൽ ശരിയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം തെളിയിക്കുന്നു.

മല്ലിഖാർജ്ജുൻ ഖാർഖെ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം പ്രചരണത്തിനിറങ്ങിയ തിരഞ്ഞെടുപ്പിൽ 2024-ലെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷവും പ്രിയങ്കയ്ക്ക് മറികടക്കാൻ ആയത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഇനി ചർച്ചയാവും. ഉത്തരേന്ത്യയിൽ പരാജയം ഭയന്ന് വയനാട്ടിൽ മത്സരിച്ചെന്ന വിമർശനങ്ങളെയും പ്രിയങ്ക ഗാന്ധിയ്ക്ക് ഈ ഭൂരിപക്ഷം ഉയർത്തിക്കാട്ടി മറികടക്കാം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് കുറഞ്ഞാൽ അത് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് ചീത്തപ്പേരാണെന്നതിനാൽ ഭൂരിപക്ഷം മികച്ചതാക്കാൻ ഒന്നുചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് യുഡിഎഫ് ക്യാമ്പ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ച രണ്ട് തവണയും പ്രചാരണത്തിന് കാര്യമായി വയനാട്ടിൽ എത്തിയിരുന്നില്ല എന്ന വിമർശനം ഉൾക്കൊണ്ടു തന്നെ പ്രിയങ്ക ഗാന്ധി വയനാട്ടിൽ ക്യാമ്പ് ചെയ്തു പ്രചരണം നടത്തി. ഇതും ഫലം കണ്ടു. പാർലമെൻറിൽ ഇന്ദിരയുടെ മുഖം ആവാൻ പ്രചാരണവും സ്ത്രീ വോട്ടർമാരിൽ ഉണ്ടായ സ്വാധീനവും വിജയത്തിൽ നിർണായകമായി.

രാഹുലിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. 6,22,338 വോട്ടുകളാണ് പ്രിയങ്ക നേടിയ ആകെ വോട്ടുകൾ. തൊട്ടുപിന്നിലുള്ള സ്ഥാനാർഥിയേക്കാൾ 4,10,931 വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടുപിന്നിലുള്ള സത്യന്‍ മൊകേരിക്ക് 2,11,407 വോട്ടുകളാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നേടിയത് 1,09,939 വോട്ടുകളും. ആകെ പോൾ ചെയ്തതിൽ 65 ശതമാനം വോട്ടുകള്‍ നേടാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് നേടാനായത് 22 ശതമാനമാണ്.

കിറ്റ്, പുനരധിവാസം, രാത്രിയാത്ര; തിരഞ്ഞെടുപ്പ് വിഷയങ്ങളും ഇനിയുള്ള പ്രതിസന്ധികളും
 
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതത്തിന് പിന്നാലെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. കിട്ടാത്ത കേന്ദ്രസഹായവും ഭൂമി ഏറ്റെടുക്കലില്‍ കുരുങ്ങിപ്പോയ പുനരധിവാസവും തൊഴില്‍ പ്രതിസന്ധിയുമായി പ്രതീക്ഷയറ്റു കഴിയുന്ന ജനങ്ങള്‍ക്ക് സാധ്യമായത് എല്ലാം ചെയ്യുമെന്നും ജനപ്രതിനിധിയായാല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ വാഗ്ദാനങ്ങള്‍. ഇതിനിടെയാണ് മേപ്പാടി പഞ്ചായത്ത് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ചതും ഉപയോഗശൂന്യമായ സാധനങ്ങള്‍ കണ്ടെത്തിയതും. ഇതിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും ശക്തമായി പ്രതിഷേധിച്ചതോടെ റവന്യൂ വകുപ്പിനെ പഴിചാരി കോണ്‍ഗ്രസ് രംഗത്ത് എത്തി. കിറ്റ് വിതരണത്തിലെ പിഴവ് പ്രചാരണത്തിലും ചര്‍ച്ചയായ സമയത്താണ് തോല്‍പ്പെട്ടിയില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടിയത്. ഇതോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റ് വിതരണമെന്ന തലത്തിലേക്ക് ചര്‍ച്ചകള്‍ ഉയര്‍ന്നു. 

വയനാട് - കര്‍ണാടക റൂട്ടിലെ രാത്രിയാത്രാ പ്രശ്നവും വയനാടിന്റെ വികസന മുരടിപ്പും മെഡിക്കല്‍ കോളേജിന്റെ അഭാവവും എല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. പ്രിയങ്കാ ഗാന്ധി നോമിനേഷനില്‍ ആസ്തി മറച്ചുവെച്ചെന്ന ആരോപണവും ബിജെപി ഉയര്‍ത്തിക്കാട്ടി. രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചപോലെ പ്രിയങ്കാ ഗാന്ധിയും ഭാവിയില്‍ വയനാട്ടിനെ കൈവിട്ടേക്കുമെന്നും വലിയ രീതിയിലുളള പ്രചാരണം ഉണ്ടായി. ഉപതിരഞ്ഞെടുപ്പിനോടുള്ള ആളുകളുടെ വിയോജിപ്പ് മുതലെടുത്ത് വയനാട്ടില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് ഉപതിരഞ്ഞെടുപ്പ് എന്ന പ്രചാരണവും നടന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസിന്റെ പ്രചാരണ പരിപാടിയില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ശബരിമലയിലെ  വാവർ പരാമര്‍ശവും വലിയ വിവാദമായി. സഹോദരന് നല്‍കിയ സ്നേഹം എനിക്കും തരണമെന്നും നിങ്ങളെ വിട്ടുപിരിയുന്നതില്‍ സഹോദരനുള്ള വിഷമം മനസ്സിലാക്കിക്കൊണ്ടാണ് വയനാട്ടിലേക്ക് താനെത്തുന്നതെന്നും ഉള്ള പ്രിയങ്കയുടെ കത്തുമായാണ് യുഡിഎഫ് ക്യാമ്പ് വോട്ടര്‍മാരെ കണ്ടത്. കര്‍ഷകരുടെ പ്രശ്നത്തിലും സ്ത്രീകളുടെ ഉന്നമനത്തിനും വയനാടിന്റെ പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ട് തന്നെ വികസനം കൊണ്ടുവരും എന്നുമൊക്കെ കത്തിലൂടെ പ്രിയങ്ക വോട്ടര്‍മാരെ അറിയിച്ചു. വയനാടിന്റെ സ്നേഹത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളും വയനാടിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ സ്വപ്നങ്ങളും വേദികള്‍ തോറും പ്രസംഗിച്ചു. രാഷ്ട്രീയ ആരോപണങ്ങള്‍ക്കൊപ്പം വൈകാരികമായ വാക്കുകളിലൂടെ പ്രിയങ്ക വയനാടിന്റെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ചു.

ഇനി വയനാടിന്റെ എംപി പ്രിയങ്കയ്ക്ക് മുന്നില്‍ വെല്ലുവിളികളേറെയാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചാണ് 2019-ല്‍ കോണ്‍ഗ്രസ് വയനാട്ടില്‍ വലിയ തംരംഗമുണ്ടാക്കിയത്. പക്ഷേ, വയനാടിന് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ രാഹുല്‍ഗാന്ധിക്കായില്ല എന്ന വിമര്‍ശനം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു. വിസിറ്റിങ് എംപി എന്ന പേരും ചര്‍ച്ചയായി. ഈ വിമര്‍ശനങ്ങളുടെ കൂടി പ്രതിഫലനമായിരുന്നു 2024ലെ തിരഞ്ഞെടുപ്പ് ഫലം. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടാം അങ്കത്തില്‍ മൂന്ന് ലക്ഷത്തിലേക്ക് താഴ്ന്നു. ഇതിന് പിന്നാലെ മണ്ഡലവും ഉപേക്ഷിച്ചു. വയനാടിന് ഇനി രണ്ട് എംപിമാരുടെ സേവനം ഉണ്ടാവും എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൊണ്ട് മാത്രം മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. വയനാടിന്റെ വികസന പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ല എന്ന് പ്രചാരണവും പ്രിയങ്കയ്ക്ക് മറികടക്കേണ്ടതുണ്ട്. വയനാട്ടില്‍  സമയം ചെലവഴിച്ച് വയനാടിന്റെ വികസനത്തിന് വേണ്ടി പ്രിയങ്കയ്ക്ക് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വിലയിരത്തലാകും ഒപ്പം പാര്‍ലമെന്റ് അംഗമായി എങ്ങനെ അവര്‍ക്ക് ശോഭിക്കാനാകും എന്നതും മണ്ഡലം ഉറ്റുനോക്കുന്നു. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം എത്തിക്കലും പ്രിയങ്കയ്ക്ക് വെല്ലുവിളിയാണ്.

Content Highlights: wayand loksabha by election priyanka gandhi wins