'ഏത് കോളേജില്‍നിന്നാണ് MBBS എടുത്തത്? അങ്ങനെയൊന്നുമില്ലെന്ന് മറുപടി''; ബിഹാറിലെ ഡോക്ടര്‍ | വോട്ടര്‍സൈക്കിള്‍ ഡയറി

ബോധ്ഗയയില്‍ പോയി ബോധി വൃക്ഷം കണ്ടു. ആ വൃക്ഷത്തണലില്‍ അല്പ്പനേരമിരുന്നു. തിരക്കാകും മുന്‍പ് ബോധ്ഗയയില്നിന്ന് പുറത്തേയ്ക്കിറങ്ങി. അതീവ പിന്നാക്കം നില്ക്കുന്ന നിരവധി ഗ്രാമങ്ങളുള്ള ജില്ലയാണ് ഗയ. ഗയയുടെ വലിയറോഡില് നിന്ന് ഗ്രാമങ്ങളിലേയ്ക്ക് ബുള്ളറ്റ് തിരിച്ചു.
ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശങ്ങളാണ്. പൊന്തക്കാടുകളും കടന്ന് ബുള്ളറ്റ് ആദ്യം കൃഷിഭൂമിയിലേയ്ക്കും വൈകാതെ ജനവാസ മേഖലയിലേയ്ക്കും കടക്കുന്നു. പാടമെല്ലാം വിളഞ്ഞു നില്ക്കുന്നുവെങ്കിലും നരച്ച് വരണ്ട വഴിയോരം. സൂര്യനസ്തമിക്കുന്നതിന് തൊട്ട് മുന്‍പ് ആളുകള്‍ കടവരാന്തകളിലും വീട്ടുമുറ്റങ്ങളിലും കൂട്ടമായിരുന്ന് സംസാരിക്കുന്നുണ്ട്.
ഇവിടുത്തെ ആശുപത്രി എവിടെയാ? കൂടിയിരിക്കുന്ന ആളുകളോട് ചോദിച്ചു.
''നേരെ പൊയ്ക്കോളു, അവിടെയാണ്''
ടാറ് ചെയ്തതോ കോണ്ക്രീറ്റിട്ടതോ ആയ റോഡ് ഇന്നാട്ടുകാര്‍ക്ക് വഴിയായിട്ടില്ല. അരമീറ്ററോളം താഴ്ചയിലുള്ള കുഴികള്‍ നിറഞ്ഞ മണ്‍പാതയാണ് ഗ്രാമത്തെ മറ്റ് ഗ്രാമങ്ങളുമായും നഗരത്തിലേയ്ക്കുള്ള വലിയ റോഡുമായും ബന്ധിപ്പിക്കുന്നത്.
പൊടിമണ്ണ് പാറുന്ന, കുഴിനിറഞ്ഞ റോഡിലൂടെ ഒരു വിധം മുന്നോട്ട് പോയി. ഇടത് ഭാഗത്തെ, പഴക്കംചെന്ന ഒറ്റമുറിക്കെട്ടിടത്തില്‍ അതാ ഡോക്ടറിരിക്കുന്നു.
പ്രായമായൊരമ്മയുടെ കയ്യില്‍ കുറേ ഗുളികകളുണ്ട്. പത്ത് രൂപയുടെ നോട്ടുകള്‍ ചേര്‍ത്തൊരു തുക ഡോക്ടര്‍ക്ക് നല്കി ആ അമ്മ വീട്ടിലേയ്ക്ക് പോയി. തൊട്ടടുത്തിരിക്കുന്ന മധ്യവയസ്കന്റെ ബിപി പരിശോധിക്കുകയാണ് ഗ്രാമത്തിലെ ആദരണീയനായ ഡോക്ടര്‍.
''കേരളത്തില്‍ നിന്നുള്ള പത്രക്കാരാണ്''ഞങ്ങള്‍ സ്വയം പരിചയപ്പെടുത്തി.
ഡോക്ടറുടെ പേരെന്താ?
''അഭയ്.''
ഇവിടെ കുറച്ച് കാലമായോ പ്രാക്ടീസ് ചെയ്യുന്നു?
''രണ്ട് വര്‍ഷമായി''
ഏത് കോളേജില്‍ നിന്നാണ് എംബിബിഎസ് എടുത്തത്?
''അങ്ങനെയൊന്നുമില്ല, ഞങ്ങള്‍ക്ക് പ്രാക്ടീസാണ്. ബിഎഎംഎസ് ആണ് എടുത്തത്''
ഞെട്ടി. ആ മറുപടി കേട്ടപ്പോള്‍ ഞെട്ടി. തട്ടിപ്പ് പരിപാടിയാണ്. സാക്ഷരതയില്ലാത്ത നാട്ടുകാരെ പറ്റിച്ച് ജീവിക്കുന്ന വ്യാജനാണ് ഡോ. അഭയ്.
ചോദ്യങ്ങള്‍ ചോദിച്ചതോടെ പരുങ്ങിയ അഭയ് രക്ഷപ്പെടാനുള്ള പഴുതുകള്‍ പരതി.
''ചൂടെടുക്കുന്നു, നമുക്ക് പുറത്തേയ്ക്കിറങ്ങാം'' അയാള്‍ പറഞ്ഞു.
ആ ഇറങ്ങാം, ഈ മരുന്നുകളൊക്കെ എന്താണ്? അയാളോട് ചോദിച്ചു.
ഡ്രിപ്പിടാനുള്ള മരുന്നുകള്‍ മുതല്‍ ഇഞ്ചക്ഷനുള്ളതും പനിയ്ക്കും വയറിളക്കത്തിനും ചെവിവേദനയ്ക്കുമുള്പ്പെടെയുള്ള മരുന്ന് അയാള്‍ കരുതിവെച്ചിട്ടുണ്ട്. പരുങ്ങിപ്പരുങ്ങി ഓരോന്നിനേയും കുറിച്ച് വിശദീകരിച്ചു.
ഡോക്ടറെങ്ങനെ?നാട്ടുകരോട് ചോദിച്ചു.
''നല്ല ഡോക്ടറാണ്'' വൈകാതെ തന്നെ മറുപടി വന്നു.
ഗയയിലെ സുമയ ഗ്രാമത്തിലെ അവസ്ഥയാണ് നേരിട്ട് പോയി കണ്ടത്. ബിഹാറില്‍ മഹാഭൂരിപക്ഷം ഗ്രാമങ്ങളിലും ഇതാണവസ്ഥ. സാക്ഷരതാക്കുറവ് മുതലെടുക്കാന്‍ വ്യാജന്മാര് നിറഞ്ഞാടുന്നു. ജനത വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്നു. വോട്ടര്‍ സൈക്കിള്‍ ഡയറി ബിഹാറിലൂടെയുള്ള യാത്ര തുടരുകയാണ്.
Content Highlights: Investigating a fraudulent `doctor` preying on an illiterate village in Gaya, Bihar. Witness the stark reality and deception in rural India. Part of VoterCycle Diary.