ബിഹാറില്‍ മാറിമറിഞ്ഞ ജാതിരാഷ്ട്രീയ സമവാക്യങ്ങള്‍; എന്‍ഡിഎയെ തുണച്ച് സ്ത്രീകളും യുവാക്കളും

#മനോജ് മേനോന്‍
നിതീഷ് കുമാറും നരേന്ദ്ര മോദിയും | Photo: PTI
നിതീഷ് കുമാറും നരേന്ദ്ര മോദിയും | Photo: PTI

രുപത് വര്‍ഷങ്ങളായി ബിഹാറിലേക്ക് നടത്തിയിട്ടുള്ള നിരന്തരയാത്രകള്‍ തുറന്നു തന്നത് പലതരം അനുഭവചേരുവകളടങ്ങിയ മണ്ണടരുകളാണ്. ബിഹാറിലുടനീളമുള്ള യാത്രകള്‍ ചരിത്രത്തിന്റെ ഖനനങ്ങളാണ്. ഈ സങ്കീര്‍ണതകളും സമസ്യകളും തന്നെയാണ് തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നത്. ആഴത്തില്‍ വേരോടിയ ജാതിവ്യവസ്ഥകളാണ് ഈ സങ്കീര്‍ണതയ്ക്ക് ആഴമേറ്റുന്നത്.

ബിഹാറിലെ ജാതിവ്യവസ്ഥയുടെ ഈ സ്വാധീനങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. 1920-കളില്‍ സവര്‍ണ മേധാവിത്വത്തിനെതിരെ യാദവ് അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ നടത്തിയ 'ജനെയു സമര'മാണ് ബിഹാറിലെ ജാതിസമസ്യകളുമായി ബന്ധപ്പെട്ട ആദ്യ അധ്യായങ്ങളിലൊന്ന്.എന്നാല്‍ ഹ്രസ്വകാലം മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി താക്കൂര്‍ 1978 ല്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ജാതിസംവരണം നടപ്പാക്കിയതോടെയാണ് ബിഹാറിന്റെ സാമൂഹികനീതി രാഷ്ട്രീയത്തില്‍ അതിപ്രധാന അധ്യായം തുടങ്ങിയത്.പിന്നാക്ക വിഭാഗങ്ങളില്‍ അതി പിന്നാക്ക വിഭാഗങ്ങള്‍ (എംബിസി) എന്ന പുതിയ ക്രമം കര്‍പ്പൂരി സൃഷ്ടിച്ചു. ഈ കര്‍പ്പൂരി ഫോര്‍മുലയാണ് പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യരായ ലാലുവും നിതീഷും പസ്വാനും തുടര്‍ന്നത്. 1990കളിലെ മണ്ഡല്‍-കമണ്ഡല്‍ കാലത്ത് ഉത്തരേന്ത്യയില്‍ രൂപമെടുത്ത സ്വത്വരാഷ്ട്രീയത്തിന്റെ അടിത്തറ ഈ സമവാക്യങ്ങളിലായിരുന്നു. സോഷ്യലിസ്റ്റ് ധാരയില്‍ നിന്ന് സ്വത്വരാഷ്ട്രീയ ധാരയിലേക്ക് ബിഹാര്‍ രാഷ്ട്രീയം പരിണമിച്ചു.പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ അതിപിന്നാക്ക വിഭാഗവും ദളിതുകള്‍ക്കിടയില്‍ മഹാദളിതുകളും രൂപം കൊണ്ടത് കാലാകാലങ്ങളിലെ രാഷ്ട്രീയപ്രക്രിയകളുടെ ഭാഗമായാണ്.

2025-ലും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപരമായി നിശ്ചയിച്ചത് ജാതിരാഷ്ട്രീയമാണ്. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന് മുസ്ലിം-യാദവ വോട്ട് ബാങ്ക്, ജെഡിയുവിന് യാദവരില്‍ ഒരു വിഭാഗത്തിന്റെയും യാദവ ഇതര വിഭാഗങ്ങളുടെയും അതി പിന്നാക്ക വിഭാഗത്തിന്റെയും മഹാദളിതുകളുടെയും പിന്തുണ, ബിജെപിക്ക് ഹിന്ദു വിഭാഗത്തിന്റെയും യാദവ ഇതര പിന്നാക്ക വിഭാഗങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും പിന്തുണ എന്ന നിലയിലാണ് പരമ്പരാഗതമായി ജാതിസംവിധാനം പ്രവര്‍ത്തിച്ചു വരുന്നത്.

ഇത്തവണത്തെ മാറ്റം

എന്നാല്‍, പരമ്പരാഗതമായുള്ള ഈ ജാതി സമവാക്യങ്ങളെ മുറിച്ചു കടന്ന് പുതിയ സമവാക്യങ്ങളുണ്ടായി എന്നതാണ് 2025-ലെ തിരഞ്ഞെടുപ്പ് രംഗത്തെ വ്യത്യസ്തമാക്കുന്നത്. എന്‍ഡിഎ സഖ്യത്തിന് തങ്ങളുടെ ജാതിവിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതിനൊപ്പം വിവിധ സമുദായങ്ങളിലേക്ക് കടന്നു കയറാന്‍ കഴിഞ്ഞിരിക്കുന്നു. അത് പതിവില്ലാത്തതാണ്. മുസ്ലിം വോട്ടുകള്‍ ഇക്കുറിയും മഹാസഖ്യത്തെയും അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടിയെയുമാണ് കാര്യമായി പിന്തുണച്ചതെങ്കിലും എന്‍ഡിഎ സഖ്യത്തിനും മുസ്ലിം വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു മുസ്ലിം സ്ഥാനാര്‍ഥിയെപ്പോലും മത്സരിപ്പിക്കാത്ത ബിജെപി നയിച്ച എന്‍ഡിഎ സഖ്യത്തില്‍ മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മുസ്ലിം വിഭാഗത്തില്‍ നിന്നുണ്ടായിരുന്നത്. എന്നിട്ടും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും അടിത്തറയായ മുസ്ലിം വോട്ടുകള്‍ ചോര്‍ന്ന് എന്‍ഡിഎയില്‍ എത്തി. സീമാഞ്ചല്‍ മേഖലയില്‍ അസദുദ്ദീന്‍ ഒവൈസിക്ക് പുറമെ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും മുസ്ലീം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി. അതേസമയം, ഈ ന്യൂനപക്ഷ മേഖലകളില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിലായിരുന്നു ബിജെപിയുടെ ശ്രദ്ധ.

ഇതോടൊപ്പം ദളിത്-ബ്രാഹ്‌മണ വോട്ടുകളടങ്ങിയ വിചിത്ര ചേരുവകളുമായി ചിരാഗ് പസ്വാനും മുസഹര്‍ ഉള്‍പ്പടെയുള്ള മഹാദളിത് വിഭാഗങ്ങളുടെ നേരിട്ടുള്ള പ്രാതിനിധ്യവുമായി ജിതന്‍ റാം മാഞ്ചിയും അണിനിരന്നതും എന്‍ഡിഎയുടെ ബലമേറ്റി. എന്നാല്‍, ആര്‍ജെഡിക്ക് ഈ സമവാക്യങ്ങള്‍ ഇക്കുറി ഗുണം ചെയ്തില്ല. യാദവ-മുസ്ലിം എന്ന പരമ്പരാഗത വോട്ട് സമവാക്യത്തില്‍ യാദവര്‍ മാത്രം ഒപ്പം നില്‍ക്കുകയും മുസ്ലിം വിഭാഗത്തില്‍ ചോര്‍ച്ച സംഭവിക്കുകയും ചെയ്തു. 17.7 ശതമാനം പ്രാതിനിധ്യം ജനസംഖ്യയിലുണ്ടായിട്ടും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം സമുദായത്തെ മഹാസഖ്യം പരിഗണിച്ചില്ലെന്ന പരാതി മുസ്ലിം സമുദായത്തിനുണ്ടായിരുന്നു. മാത്രമല്ല,ഉപമുഖ്യമന്ത്രിയായി മല്ല വിഭാഗത്തില്‍ നിന്നുള്ള വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സഹാനിയെ നിയോഗിച്ചപ്പോഴും പരാതി ഉയര്‍ന്നു. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള അംഗത്തെ പ്രഖ്യാപിച്ചില്ലെന്ന അമര്‍ഷം മുസ്ലിം നേതാക്കള്‍ മറച്ചുവെച്ചില്ല. മഹാസഖ്യത്തിന്റെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് മറ്റ് രാഷ്ട്രീയ ഘടകങ്ങളുമുണ്ട്. 1980-90 കളില്‍ സോഷ്യലിസ്റ്റുകളും മതേതര നേതാക്കളും ചേര്‍ന്ന് രൂപം കൊടുത്ത ആര്‍ജെഡിയെ മുസ്ലിം-യാദവ വിഭാഗത്തിന്റെ പാര്‍ട്ടിയായി പരിമിതപ്പെടുത്തിയതിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിശാലകാഴ്ചപ്പാട് ഉപയോഗിക്കാതിരുന്നതിലും ഉയര്‍ന്ന അതൃപ്തികള്‍ വോട്ട് ക്ഷീണത്തിന് കാരണമായിട്ടുണ്ട്.

വികസനരാഷ്ട്രീയം

ജാതിരാഷ്ട്രീയത്തിന് പുറമെയാണ് വികസനമുള്‍പ്പടെയുള്ള മറ്റ് കാര്‍ഡുകള്‍ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും പ്രയോഗിക്കുന്നത്. ഇത് രണ്ടും സമര്‍ഥമായി പ്രയോഗിക്കുന്നവര്‍ക്കാണ് ബിഹാറില്‍ വിജയം പതിവ്. ബിജെപിയുടെ കേന്ദ്ര നേതൃത്വവും ജെഡിയുവിന്റെ സംസ്ഥാന നേതാക്കളും കരുക്കള്‍ തന്ത്രപരമായി നീക്കിയത് വിജയമുറപ്പിക്കാന്‍ അവരെ സഹായിച്ചു.

ബിഹാറിന്റെ വികസനം എക്കാലത്തും ചര്‍ച്ചാ വിഷയമാണ്. പരിഷ്‌കൃത സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍ കൊണ്ട് അളന്നാല്‍ ബിഹാറിന്റെ ഭൗതിക-സാമൂഹിക വികസനം ദശകങ്ങള്‍ക്ക് പിന്നിലാണ്.എന്നാല്‍, കഴിഞ്ഞകാലവും ഇക്കാലവും തമ്മില്‍ താരതമ്യം ചെയ്താല്‍ ബിഹാറിനുള്ളില്‍ ബിഹാര്‍ വളരുന്നുണ്ട്. 1990 മുതല്‍ 2005 വരെയുള്ള ലാലുപ്രസാദിന്റെ ഭരണകാലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് അധികാരഘടനയില്‍ പങ്കാളിത്തം ഉറപ്പാക്കിയ സാമൂഹികവിപ്ലവകാലമാണ്.

അതേസമയം, ബിഹാറിന്റെ ഭൗതിക വികസനത്തിലും ക്രമസമാധാന പാലനത്തിലും അത് കറുത്തകാലമായി അടയാളപ്പെട്ടു കിടക്കുന്നു. വൈകിട്ട് 5 മണിയോടെ ഇരുട്ട് നിറയുന്ന വഴികളില്‍ വാഹനമോടിക്കാന്‍ ധൈര്യപ്പെടാത്ത ഡ്രൈവര്‍മാര്‍, വെള്ളവും വൈദ്യുതിയുമെത്താത്ത മേഖലകള്‍, താമസസൗകര്യത്തിന് മണിക്കൂറുകളോളം അലഞ്ഞ നഗരങ്ങള്‍, ഭയവും ആശങ്കയും നിറഞ്ഞ അന്തരീക്ഷം-2005 ലെ തിരഞ്ഞെടുപ്പ് യാത്രയില്‍ അക്കാലം നേരിട്ടനുഭവിച്ചതിന്റെ ഓര്‍മകളുണ്ട്. ജംഗിള്‍രാജ് എന്ന പട്ന ഹൈക്കോടതി വിളിച്ച ഈ കാലഘട്ടം ഇക്കുറിയും മഹാസഖ്യത്തിന് തിരഞ്ഞെടുപ്പ് കളത്തില്‍ ക്ഷീണമുണ്ടാക്കി. മഹാസഖ്യത്തിന് ഭരണം ലഭിച്ചാല്‍ ഉണ്ടാകാവുന്ന യാദവവിഭാഗത്തിന്റെ അധികാരദുര്‍വിനിയോഗം ഭയന്ന ദളിത്വിഭാഗങ്ങള്‍ ഇക്കുറിയും നിതീഷിനെ ആശ്രയിച്ചു.

എന്നാല്‍, അടിസ്ഥാന സൗകര്യരംഗത്തും ക്രമസമാധാന രംഗത്തും ബിഹാറില്‍ സ്ഥിതി കുറെയൊക്കെ മെച്ചപ്പെട്ടു കഴിഞ്ഞെന്ന് 2005-നും 2025-ലും ഇടയില്‍ പലവട്ടം നടത്തിയ യാത്രകളില്‍ വ്യക്തമാണ്. വെള്ളം, വൈദ്യുതി, റോഡുകള്‍, പാലങ്ങള്‍ എന്നിവയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കപ്പെട്ടിരിക്കുന്നു. ക്രമസമാധാനനില വീണ്ടും വഷളായിത്തുടങ്ങിയെന്ന സൂചനയുണ്ടെങ്കിലും ഭയരഹിതമായി രാത്രിപകല്‍ വ്യത്യാസമില്ലാതെ ബിഹാറില്‍ സഞ്ചരിക്കാമെന്ന നില ഇപ്പോഴുണ്ട്.

എങ്കിലും ഈ വികസനത്തോതുകള്‍ ദേശീയ ശരാശരിപ്രകാരവും വികസിത സംസ്ഥാനങ്ങളുടെ മാനദങ്ങള്‍ക്കനുസരിച്ചും പിന്നില്‍ തന്നെയാണ്. ബിഹാര്‍ ഇപ്പോഴും ബിമാരു സംസ്ഥാനങ്ങളുടെ പട്ടികയില്‍ തന്നെ. എന്നാല്‍, മെല്ലെയെങ്കിലും ബിഹാര്‍ വളരുന്നതിന് ബിഹാറികള്‍ സാക്ഷികളാണ്. നിതീഷ് കുമാറാണ് ഈ വികസനത്തിന്റെ കാരണം എന്ന വിശ്വാസമാണ് ഇക്കുറി എന്‍ഡിഎക്ക് അനുകൂലമായി മാറിയ ഘടകങ്ങളിലൊന്ന്. സൗജന്യവാഗ്ദാനങ്ങളുടെ ലേലംവിളികള്‍ ബിഹാര്‍ രാഷ്ട്രീയത്തെയും ബാധിച്ചു തുടങ്ങിയെന്നും ഇക്കുറി മത്സരക്കളം വ്യക്തമാക്കി.

സ്ത്രീകളും യുവാക്കളും

സ്ത്രീകളും യുവാക്കളുമാണ് സമീപകാലത്ത് ബിഹാറിന്റെ വോട്ട് രാഷ്ട്രീയത്തിലെ മറ്റൊരു നിര്‍ണായക ശക്തി. ക്ഷേമപദ്ധതികളിലൂടെ 2010-ല്‍ തന്നെ നിതീഷിന്റെ പ്രധാന വോട്ട് ബാങ്കായി മാറിയ സ്ത്രീസമൂഹം 2017-ല്‍ നടപ്പാക്കിയ മദ്യനിരോധനത്തോടെ ജെഡിയുവിനൊപ്പം ഉറച്ചു. മദ്യനിരോധനമുണ്ടാക്കുന്ന സംസ്ഥാനത്തിന്റ വരുമാന നഷ്ടം, വ്യാജമദ്യക്കടത്ത്, തൊഴില്‍നഷ്ടം, മദ്യദുരന്തം തുടങ്ങിയ നടത്തിപ്പിന്റെ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും നിരോധനത്തിന്റെ ഗുണഭോക്താക്കളായ സ്ത്രീകള്‍ നിതീഷിനൊപ്പം ഉറച്ചു നിന്നു. മാത്രമല്ല, സ്ത്രീവോട്ടര്‍മാരെ ഭയന്ന് നിരോധനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കാന്‍ മഹാസഖ്യത്തിനായില്ല. അധികാരപ്രതീക്ഷയില്ലാത്ത പ്രശാന്ത് കിഷോര്‍ മാത്രമാണ് ഇതിന് തുനിഞ്ഞത്!.

തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിക്കുന്ന പ്രവണതയാണ് ബിഹാര്‍ വരച്ചിടുന്നത്. 2010 മുതല്‍ സ്ത്രീവോട്ടര്‍മാരുടെ സാന്നിധ്യം വര്‍ധിച്ചു തുടങ്ങി. അന്ന് 54.5 ശതമാനമായിരുന്നു സ്ത്രീ പങ്കാളിത്തം. ഇത്തവണ 71.6 ശതമാനമായി റെക്കോര്‍ഡ് ഭേദിച്ചു. ഇതിലേറെയും നിതീഷിനുള്ള പിന്തുണയായി. ഇതിന് ആക്കം കൂട്ടാന്‍ മഹിളാ റോസ്ഗാര്‍ യോജനയുടെ ഭാഗമായി സെപ്തംബറില്‍ 1.25 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയ പതിനായിരം രൂപയും സഹായിച്ചു എന്നതില്‍ സംശയമില്ല.

യുവാക്കളെ നേരിട്ട് ബാധിക്കുന്ന തൊഴിലില്ലായ്മ, കുടിയേറ്റം എന്നിവ മുന്നണികളുടെ പ്രധാന പ്രചരണ വിഷയങ്ങളായിരുന്നു. തൊഴില്‍വാഗ്ദാനങ്ങള്‍ പ്രകടനപത്രികകളില്‍ മത്സരിച്ച് ഉള്‍പ്പെടുത്തി. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി എന്ന് മഹാസഖ്യം വാഗ്ദാനം ചെയ്തപ്പോള്‍ 5 വര്‍ഷം കൊണ്ട് ഒരു കോടി തൊഴില്‍ എന്ന് എന്‍ഡിഎ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുവസമൂഹം പൊതുവെ എന്‍ഡിഎയുടെ പ്രായോഗികനിര്‍ദേശത്തിനൊപ്പം നിന്നു. മാത്രമല്ല,കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് വരുമാനമെത്തുകയും പരിഷ്‌കൃതസമൂഹത്തിന്റെ പകര്‍പ്പുകളെത്തുകയും ചെയ്യുന്നതായി പഠനങ്ങള്‍ ബിഹാറിലുണ്ട്.ഇതും വോട്ടെടുപ്പിനെ ബാധിച്ചു.

വോട്ട് വര്‍ധന, ഭൂരിപക്ഷം വര്‍ധന എന്നിവയ്ക്ക് ഇക്കാരണങ്ങള്‍ക്ക് പുറമെ,വോട്ട് കൊള്ള എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ കണക്കുകള്‍ക്കപ്പുറം വോട്ടര്‍മാര്‍ ഉണ്ടായതായി ഇടതുപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.വോട്ട് കൊള്ള ആരോപണം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെയും കേന്ദ്ര സര്‍ക്കാരിനെയും വിചാരണ ചെയ്യാന്‍ കോണ്‍ഗ്രസ് ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്നുണ്ട്.എന്നാല്‍ ഈ മുദ്രാവാക്യങ്ങള്‍ ബിഹാറിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കണ്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ബിഹാറിന്റെ വോട്ട് രാഷ്ട്രീയം ഇവിടെ അവസാനിക്കുന്നില്ല. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം മുന്നണികള്‍ക്ക് പാഠപുസ്തകമാണ്. അതെന്തായാലും, ബിഹാര്‍ രാഷ്ട്രീയത്തില്‍ തേജസ്വി യാദവ്, ചിരാഗ് പസ്വാന്‍ എന്നീ നേതാക്കളുടെ സജീവസാന്നിധ്യമാണ് ഈ തിരഞ്ഞെടുപ്പിന്റെ സംഭാവനകള്‍. ബിഹാറിന്റെ ഭാവിരാഷ്ട്രീയം ഈ രണ്ട് യുവനേതാക്കളെ കേന്ദ്രീകരിച്ചായിരിക്കും. പരമ്പരാഗത ചേരുവകള്‍ വകഞ്ഞു മാറ്റി പുതിയ രാഷ്ട്രീയ സമീപനം രൂപപ്പെടണമെന്ന ആഗ്രഹവും ബിഹാറില്‍ ദൃശ്യമായിത്തുടങ്ങി.വോട്ടെണ്ണം ലഭിച്ചില്ലെങ്കിലും പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ച മുദ്രാവാക്യങ്ങള്‍ പുതിയ തലമുറയില്‍ ചലനങ്ങള്‍ക്ക് വഴി വച്ചേക്കാം.

Content Highlights: bihar assembly election nda victory and analysis