സുഷമയ്ക്ക് ശേഷം ഡൽഹിക്കൊരു ബിജെപി മുഖ്യമന്ത്രിയോ?; ഭരണം നഷ്ടപ്പെട്ടാല്‍ കെജ്‌രിവാളിന്റെ ഭാവിയെന്ത്?

ന്യൂഡല്‍ഹി: പത്തുവര്‍ഷത്തെ ആം ആദ്മി പാര്‍ട്ടി ഭരണത്തിന് ഇത്തവണത്തെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അന്ത്യംകുറിക്കുമെന്ന സൂചനയാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നൽകുന്നത്. 25 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിക്കൊരു ബി.ജെ.പി. മുഖ്യമന്ത്രിയെ ലഭിക്കുമെന്നാണ് പ്രവചനങ്ങൾ നൽകുന്ന സൂചന. സുഷമ സ്വരാജിന് ശേഷം ഡല്‍ഹിക്കൊരു ബി.ജെ.പി. മുഖ്യമന്ത്രിയെ വേണമെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചോയെന്ന് അറിയാന്‍ ശനിയാഴ്ചവരെ കാത്തിരിക്കണം.
ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ 57.7% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 36 എന്ന മാജിക് സംഖ്യ കടക്കുന്നവര്‍ക്ക് ഭരണം പിടിക്കാം. 2020-ല്‍ 62 സീറ്റുനേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു.
ക്ഷേമവാഗ്ദാനങ്ങളിലൂടെ മധ്യവര്‍ഗത്തിന്റേയും ദരിദ്രവിഭാഗങ്ങളുടേയും പിന്തുണ ആവര്‍ത്തിക്കാമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍, ഇതിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന അഴിമതി ആരോപണങ്ങളിലൂടെ എ.എ.പിയെ വീഴ്ത്താമെന്ന് ബി.ജെ.പിയും കരുതുന്നു. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമടക്കം അഴിമതിക്കേസില്‍ ജയിലില്‍ പോയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടല്‍. എ.എ.പിയും കോണ്‍ഗ്രസും മത്സരിച്ച് ക്ഷേമവാഗ്ദാനങ്ങള്‍ നല്‍കിയതോടെ ബി.ജെ.പിക്കും ഇതേപാതയില്‍ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടിവന്നു.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എ.എ.പിയുടെ കടന്നുവരവിലൂടെ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിക്കൊപ്പം മുന്നണിയായി മത്സരിച്ചിട്ടും നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ദേശീയതലത്തില്‍ വിശാലാര്‍ഥത്തില്‍ രൂപവത്കരിക്കപ്പെട്ട ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നതുപോലും പരിഗണിക്കാതെ, എ.എ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നടത്തിയത്.
ഡല്‍ഹിയില്‍ തുടങ്ങിയ എ.എ.പി., തങ്ങളുടെ വേരുകള്‍ പഞ്ചാബിലേക്കും വ്യാപിപ്പിച്ച് ഭരണം പിടിച്ചുകഴിഞ്ഞു. അതിനാല്‍, ഡല്‍ഹിയിലെ ഭരണം നിലനിര്‍ത്തുക എന്നത് അവരെ സംബന്ധിച്ച് നിര്‍ണായകമാണ്. എന്നാല്‍, കഴിഞ്ഞ രണ്ടുതവണയും കേന്ദ്രം ഭരിച്ചിട്ടും രാജ്യതലസ്ഥാനം പിടിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. ആ നിലയ്ക്ക് സഖ്യകക്ഷികളുടെ പിന്തുണയില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഡല്‍ഹി തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടവുമായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും പിന്നീട് രണ്ടുടേമുകളിലായി ഒരു എം.എല്‍.എയെപ്പോലും വിജയിപ്പിക്കാന്‍ കഴിയാത്ത നാണക്കേട് കോണ്‍ഗ്രസിനും തീര്‍ക്കേണ്ടതുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എത്രത്തോളം യാഥാർഥ്യത്തിന് നിരക്കുന്നതാണെന്ന് വ്യക്തമാകാൻ ശനിയാഴ്ചവരെ കാത്തിരുന്നേ മതിയാകൂ.
Content Highlights: Delhi Assembly election exit polls predict a BJP win after 10 years of AAP rule