BJP ഭരണത്തിൽ തൊഴിലില്ലായ്മയും അഴിമതിയും, കർഷകപ്രശ്നം കാണാതെ അവർ അതിർത്തി അടച്ചു- ഭൂപീന്ദർ ഹൂഡ

ഭൂപീന്ദര്‍ സിങ് ഹൂഡ | ഫോട്ടോ: എ.എന്‍.ഐ
ഭൂപീന്ദര്‍ സിങ് ഹൂഡ | ഫോട്ടോ: എ.എന്‍.ഐ

ന്യൂഡൽഹി: ഹരിയാണയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകസമരത്തെ തുടർന്ന് അടച്ചിട്ട ശംഭു അതിർത്തി തുറക്കുമെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ. കർഷകസമരത്തിന് ശേഷവും ശംഭു അതിർത്തി അടച്ച ബി.ജെ.പി. സർക്കാരിനെ ഭൂപീന്ദർ ഹൂഡ രൂക്ഷമായി വിമർശിച്ചു.

കർഷകസമരത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിമുതൽ ശംഭു അതിർത്തി അടഞ്ഞുകിടക്കുകയാണ്. ബി.ജെ.പി.യുടെ പത്തുവർഷത്തെ ഭരണവും കോൺഗ്രസ്‌കാലത്തെ ഭരണവുമായി താരതമ്യംചെയ്ത്‌ ജനങ്ങൾ ഇതിനോടകം ഹരിയാണയിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള തീരുമാനമെടുത്തുകഴിഞ്ഞതായും ഭൂപീന്ദർ ഹൂഡ പറഞ്ഞു.

കോൺഗ്രസ്‌കാലത്ത് വികസനത്തിൽ ഒന്നാമതായിരുന്ന ഹരിയാണ ബി.ജെ.പി. ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും കുറ്റകൃത്യങ്ങളിലുമാണ് ഒന്നാമതെത്തിയത്. കർഷകപ്രശ്നങ്ങൾക്ക് പരിഹാരംകാണാതെ അവരെ അതിർത്തിയിൽ തടയുകയാണ് ചെയ്തത്. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാതെ അവരെ ലാത്തിച്ചാർജ് ചെയ്ത് നീക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഭൂപീന്ദർ ഹൂഡ ആരോപിച്ചു.

Content Highlights: Shambhu border will be opened says Congress leader Bhupinder Singh Hooda