ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു, പക്ഷേ 'ദുശ്ശകുനം' എത്തിയതോടെ തോറ്റു; മോദിയെ പരിഹസിച്ച് രാഹുല്‍

ജയ്പുര്‍: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു, എന്നാല്‍ ദുശ്ശകുനം സ്റ്റേഡിയത്തില്‍ എത്തിയതോടെ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിയെ ഉന്നംവച്ച് രാഹുൽ പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യന്‍ ക്രിക്കറ്റ് ടീം നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകകപ്പ് നേടേണ്ടതായിരുന്നു. ഇതിനിടയിലാണ് ദുശ്ശകുനം സ്‌റ്റേഡിയത്തിലെത്തിയത്. ഇതോടെ, വിധി ഇന്ത്യക്ക് എതിരായി. ദുശ്ശകുനം ടീമിന്റെ പരാജയത്തിലേക്ക് നയിച്ചു' എന്നായിരുന്നു രാഹുലിന്റെ പരിഹാസം. രാഹുൽ സംസാരിക്കുന്നതിന്റെ വീഡിയോ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.
നവംബര്‍ 19-ന് അഹമ്മദാബാദില്‍ വച്ച് നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രമന്ത്രി അമിത് ഷായുടേയും സാന്നിധ്യത്തിലായിരുന്നു ടീമിന്‍റെ പരാജയം.
അതിനിടെ, ഇന്ത്യൻ ടീമിനെ ആശ്വസിപ്പിക്കാനെത്തിയ മോദിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിൽ വെെറലായ വീഡിയോകളെ നേരത്തെ തയ്യാറാക്കിയ സാന്ത്വനമെന്ന് ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിയെ 'മാസ്റ്റർ ഓഫ് ഡ്രാമ ഇൻ ഇന്ത്യ' എന്നും തന്റെ എക്സ് പോസ്റ്റിൽ അദ്ദേഹം പരിഹസിച്ചു.
Content Highlights: Rahul Gandhi attributes India's World Cup loss to PM Modi's presence