മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍

കമല്‍നാഥ്, ശിവ്‌രാജ് സിങ് ചൗഹാന്‍ | Photo - ANI, PTI
കമല്‍നാഥ്, ശിവ്‌രാജ് സിങ് ചൗഹാന്‍ | Photo - ANI, PTI

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് മുന്‍തൂക്കം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സാധ്യത ബി.ജെ.പിയ്ക്കാണെന്ന് പ്രധാന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. . ചില ഫലങ്ങളില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും പറയുന്നു. 

ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം ബിജെപി തൂത്തുവാരുമെന്ന് പ്രവചിക്കുന്നു. ബി.ജെ.പി 140 മുതല്‍ 162 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 68 മുതല്‍ 90 സീറ്റുവരെ സ്വന്തമാക്കുമെന്നും മറ്റുള്ളവര്‍ മൂന്ന് സീറ്റുവരെ നേടുമെന്നും ഫലം സൂചിപ്പിക്കുന്നു.

റിപ്പബ്ലിക്ക് ടിവിയുടെ മാട്രൈസ് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ബി.ജെ.പി 118 മുതല്‍ 130 സീറ്റുവരെ നേടും. കോണ്‍ഗ്രസ് 97 മുതല്‍ 107 സീറ്റുവരെയും നേടും. രണ്ട് സീറ്റ് മറ്റ് പാര്‍ട്ടികള്‍ സ്വന്തമാക്കും. ബി.എസ്.പിയ്ക്ക് ഒരു സീറ്റുപോലും നേടാനാവില്ലെന്നും എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നു.

ജന്‍ കി ബാത്തിന്റെ ഫലം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനാണ് ചെറിയൊരു മുന്‍തൂക്കം. കോണ്‍ഗ്രസ് 102 മുതല്‍ 125 സീറ്റുവരെ നേടുമെന്നും ബി.ജെ.പി 100 മുതല്‍ 123 സീറ്റുവരെ നേടുമെന്നും പ്രവചിക്കുന്നു. ഇവിടെയും ബി.എസ്.പിയ്ക്ക് സ്ഥാനമില്ല. അഞ്ചുസീറ്റ് വരെ മറ്റ് പാര്‍ട്ടികള്‍ നേടിയേക്കും. 

ടി.വി 9 ഭാരത്‌വര്‍ഷിന്റെ പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ ഫലവും കോണ്‍ഗ്രസ്സിന് അനുകൂലമാണ്. 111 മുതല്‍ 121 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി 106 മുതല്‍ 116 സീറ്റുവരെ നേടിയേക്കും. ബി.എസ്.പി സീറ്റ് നേടാനാവാതെ തളരുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ ആറ് സീറ്റുവരെ നേടും. 

സി എന്‍ എന്നിന്റെ എക്‌സിറ്റ് പോള്‍ ഫലപ്രകാരം മധ്യപ്രദേശ് ബി.ജെ.പി നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പി 116 സീറ്റുനേടുമ്പോള്‍ കോണ്‍ഗ്രസ് 111 സീറ്റ് നേടും. മറ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റും നേടും. ദൈനിക് ഭാസ്‌കറിന്റെ എകിസിറ്റ് പോള്‍ ഫലം കോണ്‍ഗ്രസ്സിന് അനുകൂലമാണ്. 105 മുതല്‍ 120 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 100 മുതല്‍ 123 സീറ്റുവരെ സ്വന്തമാക്കും. 

ന്യൂസ് 24 ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കുമെന്ന് പ്രവചിക്കുന്നു. 151 സീറ്റും ബി.ജെ.പി നേടുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് 74 സീറ്റിലൊതുങ്ങുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ രണ്ട് വരെയുള്ള സീറ്റിലൊതുങ്ങും.

ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം ബി.ജെ.പിയ്ക്ക് അനുകൂലമാണ്. ബി.ജെ.പി 140 മുതല്‍ 162 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 68 മുതല്‍ 90 സീറ്റുവരെ സ്വന്തമാക്കുമെന്നും മറ്റുള്ളവര്‍ മൂന്ന് സീറ്റുവരെ നേടുമെന്നും ഫലം സൂചിപ്പിക്കുന്നു. 

ഇന്ത്യ ടിവി-സി.എന്‍.എക്‌സ് എക്‌സിറ്റ് പോള്‍ ഫലവും ബി.ജെ.പിയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 140 മുതല്‍ 159 സീറ്റുവരെ ബി.ജെ.പി നേടുമെന്ന് പ്രവചിച്ച ഇന്ത്യ ടിവി-സി.എന്‍.എക്‌സ് കോണ്‍ഗ്രസ്സ് 70 മുതല്‍ 89 സീറ്റുവരെയായി ഒതുങ്ങുമെന്നും പറയുന്നു. ബി.എസ്.പിയ്ക്ക് രണ്ട് സീറ്റുവരെ നേടാനുള്ള സാധ്യതയുണ്ടെന്നും ഒരു സീറ്റ് മറ്റുള്ളവര്‍ സ്വന്തമാക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. 

ടൈംസ് നൗ-ഇ.ടി.ജിയുടെ ഫലം കോണ്‍ഗ്രസ്സിനാണ് സാധ്യത കല്‍പ്പിക്കുന്നത്. 109 മുതല്‍ 125 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നും ബി.ജെ.പി 105-മുതല്‍ 117 സീറ്റുവരെ സ്വന്തമാക്കുമെന്നും ടൈംസ് നൗ-ഇ.ടി.ജി പ്രവചിക്കുന്നു. മറ്റുള്ളവര്‍ ഒന്നുമുതല്‍ അഞ്ചുസീറ്റുവരെ നേടുമെന്നും ഫലം സൂചിപ്പിക്കുന്നു.

Content Highlights: tight battle between bjp and congress in madhya pradesh election as per exit poll