നല്ല നടന്‍, ചൗഹാന്‍ തൊഴില്‍രഹിതനാവില്ലെന്ന് കമല്‍നാഥ്; വരത്തനെന്ന് ചൗഹാന്റെ തിരിച്ചടി

കമല്‍നാഥും ശിവരാജ് സിങ് ചൗഹാനും | Photo: PTI
കമല്‍നാഥും ശിവരാജ് സിങ് ചൗഹാനും | Photo: PTI

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നല്ല നടനാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. സാഗര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ചൗഹന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്നും കമല്‍നാഥ് പറഞ്ഞു.

കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്ന ചൗഹാന്‍ തൊഴില്‍രഹിതനാവില്ല. അദ്ദേഹം മികച്ച നടനാണ്. അദ്ദേഹത്തിന് മുംബൈയില്‍ പോയി സിനിമകളില്‍ അഭിനയിക്കാം. മധ്യപ്രദേശിന് അഭിമാനംകൊണ്ടുവരാമെന്നും കമല്‍നാഥ് പരിഹസിച്ചു.

അതേസമയം, കമല്‍നാഥ് വരത്തനാണെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും ഭോപാലിലെ ബെരാസിയ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആശയക്കുഴപ്പമുണ്ടാക്കുകയും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് പറഞ്ഞ ശിവരാജ് സിങ് ചൗഹാന്‍, തെറ്റുകള്‍ വരുത്തരുതെന്ന് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

'കമല്‍നാഥ് മധ്യപ്രദേശില്‍നിന്നുള്ള ആളല്ല. നമ്മള്‍ ഇവിടെ ജനിച്ചവരാണ്. അദ്ദേഹം എവിടെയായിരുന്നു ജനിച്ചത്? അദ്ദേഹം ഒരു പരദേശിയാണ്, നമുക്കൊപ്പം നില്‍ക്കില്ല', ചൗഹാന്‍ പറഞ്ഞു.

Content Highlights: Shivraj Singh Chouhan Chief Minister unemployed good actor Congress leader Kamal Nath outsider