മോദി കി ഗ്യാരി, ബാജപ കാ ഭരോസ്; മധ്യപ്രദേശിൽ ബി.ജെ.പിക്ക് എല്ലാമെല്ലാം മോദി

#ഭോപാലിൽനിന്ന് എൻ. ശ്രീജിത്ത്
ശിവരാജ് സിങ് ചൗഹാനും നരേന്ദ്രമോദിയും | Photo: PTI
ശിവരാജ് സിങ് ചൗഹാനും നരേന്ദ്രമോദിയും | Photo: PTI

പ്രചാരണരംഗത്ത് ബി.ജെ.പി.ക്ക് ഒറ്റമുഖം മാത്രം. എല്ലാ വഴികളും മോദിയിലേക്ക് ഒഴുകിയെത്തുന്നു. ഭോപാലിന്റെ നഗരകേന്ദ്രങ്ങളിലായാലും ഗ്രാമങ്ങളിലേക്കുള്ള വഴിയിലായാലും. എവിടെയും മുഴങ്ങുന്ന മുദ്രാവാക്യം സബ് കാ സാത്ത്, സബ് കാ വികാസ്, ബി.ജെ.പി. കേ സാത്ത് (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, ബി.ജെ.പി.ക്കൊപ്പം). ഒപ്പം മോദി കി ഗ്യാരി, ബാജപ കാ ഭരോസ് എന്നും (മോദിയുടെ ഉറപ്പിലാണ് ബി.ജെ.പി.യുടെ വിശ്വാസം), എം.പി. കാ മൻ മേ മോദി (മധ്യപ്രദേശിന്റെ മനസ്സുനിറയെ മോദിയാണ്) എന്നീ മുദ്രാവാക്യങ്ങളും.

ഇപ്പോൾ കേന്ദ്രമന്ത്രിമാരുടെ വലിയ സംഘമാണ് സംസ്ഥാനത്തുള്ളത്. എല്ലാവരും വിവിധയോഗങ്ങളിൽ പ്രസംഗിക്കുന്നു. കോർപ്പറേറ്റ് ആഡംബരക്കെട്ടിടമായ ബൻസൽ വണ്ണിലാണ് മീഡിയ സെന്റർ. ഭോപാലിലെ നേതാക്കളുടെ പരിപാടികളുടെ ക്രമീകണവും ഇവിടെയാണ്. തൊട്ടുമുന്നിലാണ് ബി.ജെ.പി. ആസ്ഥാനം. അവിടെ പ്രവർത്തകർ സജീവമാണെങ്കിലും തിരഞ്ഞെടുപ്പിന്റെ സിരാകേന്ദ്രം ബൻസൽ വൺ കെട്ടിടമാണ്.

ബി.ജെ.പി. പുറത്തിറക്കിയ പ്രകടനപത്രിക ഭരണംപിടിക്കാനുള്ള എല്ലാ വഴികളും തുറന്നുവെച്ചിട്ടുണ്ട്. പാചകവാതകം 450 രൂപയ്ക്ക്്, അഞ്ചുവർഷത്തേക്ക് പാവപ്പെട്ടവർക്ക് സൗജന്യറേഷൻ, 100 രൂപയ്ക്ക് 100 യൂണിറ്റ് വൈദ്യുതി, കർഷകരിൽനിന്ന് ഗോതമ്പ് 2700 രൂപയ്ക്കും, നെല്ല് ക്വിന്റലിന് 3100 രൂപയ്ക്കും സംഭരിക്കൽ, കിസാൻ സമ്മാൻ നിധി, കിസാൻ കല്യാൺ യോജന എന്നിവയ്ക്ക് കീഴിൽ എല്ലാവർഷവും കർഷകർക്ക് 12,000 രൂപ തുടങ്ങിയവയാണ് പ്രകടനപത്രികയിൽ.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നില അത്ര ഭദ്രമല്ല. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ തൊട്ടടുത്തിരുന്ന ചൗഹാനെ, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡപോലും വേണ്ടവിധം ഗൗനിച്ചില്ല. ചൗഹാൻ ചടങ്ങ് കഴിഞ്ഞതോടെ സ്ഥലംവിട്ടു. അദ്ദേഹം മധ്യപ്രദേശിന്റെ മനസ്സിലോ, ബി.ജെ.പി.യുടെ മനസ്സിലോ ഇല്ല. എവിടെയും മോദിമാത്രം.

ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും കൂടിക്കാഴ്ച ഒരുക്കുന്ന പേഴ്‌സണൽ അസിസ്റ്റന്റ് സത്യേന്ദ്ര ഖരേ ഒട്ടേറെ ദിവസമായി മുഖംതരുന്നില്ല. അവസാനം ബി.ജെ.പി. മീഡിയ വിഭാഗം മേധാവി ആശിഷ് അഗർവാളാണ് വഴിതുറന്നുതന്നത്.

-മുഖ്യമന്ത്രിമുഖം ആരാണ്?

*അത് പാർട്ടി തീരുമാനിക്കും. മുഖ്യമന്ത്രിപദവിയല്ല മുഖ്യം, പാർട്ടിയെ വീണ്ടും അധികാരത്തിൽ എത്തിക്കുകയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി വീണ്ടും പ്രവർത്തിക്കും.

-ഈ തിരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യമെന്താണ്?

*സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം. പ്രകടനപത്രിക അത് വ്യക്തമാക്കിയല്ലോ. ബി.ജെ.പി. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യവും നടപ്പാക്കും.

- പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയായില്ലെങ്കിൽ പാർട്ടി ചുമതലയിലേക്ക്?

*(മറുപടിയില്ല)

Content Highlights: Modi is everything to BJP in Madhya Pradesh