വിജയവഴി തേടി വിജയ വര്‍ഗിയ

#മധ്യപ്രദേശിലെ ഇന്ദോറില്‍നിന്ന് ഇ.ജി. രതീഷ്
കൈലാസ് വിജയ വര്‍ഗിയ | Photo: PTI
കൈലാസ് വിജയ വര്‍ഗിയ | Photo: PTI

''ഞാന്‍ ഞെട്ടിപ്പോയി'' മധ്യപ്രദേശ് നിയമസഭയിലേക്ക് താന്‍ സ്ഥാനാര്‍ഥിയാണെന്ന് അറിഞ്ഞ കൈലാസ് വിജയ വര്‍ഗിയയുടെ പരസ്യപ്രതികരണം അങ്ങനെയായിരുന്നു. ബി.ജെ.പി.യുടെ ദേശീയ ജനറല്‍സെക്രട്ടറിയായി വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചുവന്നയാള്‍ വീണ്ടും ­എം.എല്‍.എ.യാകാന്‍ മത്സരിക്കുന്നതിലെ അപ്രതീക്ഷിതത്വം മാത്രമല്ല കാരണം, തൊട്ടടുത്ത മണ്ഡലത്തില്‍ സിറ്റിങ് ­എം.എല്‍.എ.യായ മകന്‍ ആകാശിന് സീറ്റ് കിട്ടിയതുമില്ല. ഇന്ദോര്‍-1ല്‍ അച്ഛന്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഇന്ദോര്‍­-­3 യില്‍ മകനും മത്സരിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുമല്ലോ.

തുടര്‍ച്ചായി ആറുവട്ടം ഇന്ത്യയിലെ ശുചിത്വ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദോറിന്റെ ഹൃദയഭാഗത്തുള്ള മണ്ഡലത്തില്‍ പോരാടുന്ന കൈലാസും ആറുതവണ എം.എല്‍.എ. ആയിരുന്നു. ''അപരാജിതനാണ് അയാള്‍. വിജയിക്കാനുള്ള വഴികള്‍ കൈവെള്ളയിലുണ്ട്'' നഗരത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും രാജ് എക്‌സ്പ്രസിന്റെ റെസിഡന്റ് എഡിറ്ററുമായ പ്രദീപ് ജോഷി പറയുന്നു. എ.ബി.വി.പി.യിലും യുവമോര്‍ച്ചയിലും തുടങ്ങിയ സംഘപരിവാര്‍ ജീവിതമാണ് വിജയ വര്‍ഗിയയുടേത്. ഇന്ദോറില്‍ കോര്‍പ്പറേറ്ററും മേയറുമായി ആരംഭിച്ച പാര്‍ലമെന്ററി ജീവിതത്തില്‍ 12 വര്‍ഷം സംസ്ഥാന മന്ത്രിയുമായിരുന്നു. 1990-ല്‍ ശിവരാജ് സിങ് ചൗഹാനൊപ്പം ആദ്യമായി എം.എല്‍.എ. ആയതാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം ഹരിയാണയില്‍ നിയമസഭാ വിജയത്തിനും ബംഗാള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ കുതിപ്പിനും ചരടുവലിച്ചു. ഇങ്ങനെയൊരാള്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ മുഖ്യമന്ത്രിയാകുമെന്ന് അനുയായികള്‍ മോഹിച്ചേക്കാം.

വര്‍ഗിയയുടെ വിജയ വഴിയില്‍ തടസ്സം സഞ്ജയ് ശുക്‌ളയെന്ന കോണ്‍ഗ്രസുകാരനാണ്. ബി.ജെ.പി.യില്‍നിന്ന് ഇന്ദോര്‍-1 മണ്ഡലം 2018-ല്‍ 8163 വോട്ടിനാണ് ശുക്‌ള പിടിച്ചെടുത്തത്. 2013-ല്‍ അമ്പതിനായിരത്തോളം വോട്ട് ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിടത്താണ് ഈ ജയം. ജനകീയതയാണ് ഇദ്ദേഹത്തിന്റെ മുഖമുദ്ര.

''ഇത് മകനും അതിഥിയായ നേതാവും തമ്മിലുള്ള മത്സരമാണ്. വോട്ടര്‍മാര്‍ മകനൊപ്പം നില്‍ക്കും'' -ശുക്‌ള പറയുന്നു.

ഇന്ദോര്‍-2ലെ വോട്ടറായ വിജയ വര്‍ഗിയ വരത്തനാണെന്ന് വ്യംഗ്യം. ബി.ജെ.പി. നേതാവിന്റെ മുന്‍ജയങ്ങളും സമീപ മണ്ഡലങ്ങളില്‍നിന്നായിരുന്നു. എയര്‍പോര്‍ട്ട് റോഡിലെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തകരുമായി ചര്‍ച്ചയിലായിരുന്ന വിജയ വര്‍ഗിയ ഇത്തരം വാദങ്ങളൊന്നും വിലവെക്കുന്നില്ല.

''ഞാന്‍ മേയറായ നഗരമാണിത്. ഞാന്‍ അതിഥിയാണെന്നു പറയുന്നവര്‍ക്ക് ഇന്ദോറിനെ അറിയില്ല'' -അദ്ദേഹം പ്രതികരിച്ചു.

''സ്ഥാനാര്‍ഥിയുടെ പര്യടനം വൈകുന്നേരമാണ്. അതുവരെ പ്രവര്‍ത്തകയോഗങ്ങളാണ്'' -പ്രചാരണച്ചുമതലയുള്ള രവി ഭായ് പറഞ്ഞു. യഥാര്‍ഥത്തില്‍ ഇത് പ്രവര്‍ത്തകയോഗങ്ങളല്ല. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കലാണ്. 15 ജില്ലകളുള്ള നിമാര്‍ മാല്‍വ മേഖലയിലെ വിജയത്തിന്റെ ഉത്തരവാദിത്വം കൈലാസിനുണ്ട്.

''അപ്പോള്‍ പ്രചാരണമോ?''

നോട്ടീസ് ബോര്‍ഡിലേക്ക് രവി ഭായ് വിരല്‍ചൂണ്ടി. അതില്‍ രാവിലെമുതല്‍ മകന്‍ ആകാശും മരുമകള്‍ സോനവും നടത്തുന്ന പ്രചാരണപരിപാടികളുടെ സമയക്രമം കാണാം. വിജയ വര്‍ഗിയ ഏറെ ഭയപ്പെടുന്നത് സ്വന്തം നാവിനെയാകും. വര്‍ഗീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നും കോളിളക്കമുണ്ടാക്കും. ''വിവാദങ്ങളുണ്ടാക്കാന്‍ ഞാനില്ല. അതിന് വിജയ വര്‍ഗിയ മതിയല്ലോ'' എന്നാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഇന്ദോറില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇതേദിവസം ഏതാനും കിലോമീറ്റര്‍ അകലെ കുശ്വാ നഗറില്‍ വീടുകയറി പ്രചാരണത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് ശുക്ല. എല്ലാ വീടുകളില്‍നിന്നും മാലയിട്ട് വരവേല്‍പ്പ് ലഭിക്കുന്നു. ''എത്ര ധനികനായിട്ടും ജനങ്ങള്‍ക്കൊപ്പമാണ് ശുക്‌ളാജി. കഴിഞ്ഞ കോവിഡ് കാലത്ത് ജനങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനം ഒന്നുമാത്രംമതി വീണ്ടും വിജയിക്കാന്‍'' -പ്രവര്‍ത്തകര്‍ പറയുന്നു.

139 കോടി രൂപയുടെ ആസ്തിയുള്ള സഞ്ജയ് ശുക്‌ള കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസുകാരനാണ്. അച്ഛന്‍ വിഷ്ണു ശുക്‌ള സംസ്ഥാനത്ത് ജനസംഘത്തിന്റെ ആദ്യകാല നേതാവായിരുന്നു. എങ്കിലും മകന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. സഞ്ജയിന്റെ പിതൃസഹോദര പുത്രനായ രാകേഷ് ശുക്‌ളയാണ് ആകാശ് വിജയ വര്‍ഗിയക്കു പകരം ഇന്ദോര്‍-3ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെന്ന വിശേഷവുമുണ്ട്.

സഞ്ജയ് ശുക്‌ളയുടെ പ്രചാരണസംഘം കുശ്വാനഗര്‍ വിട്ടയുടനെ നൂറോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ കൈലാസ് വിജയ വര്‍ഗിയയുടെ മുഖംമൂടിയണിഞ്ഞ് പ്രകടനം തുടങ്ങി. ''ഞാന്‍ എത്താത്തിടത്ത് നിങ്ങള്‍ ഉണ്ടാകണം'' എന്നാണ് വിജയ വര്‍ഗിയ നല്‍കിയിരിക്കുന്ന നിര്‍ദേശം.

അന്നുതന്നെ വൈകീട്ട് മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധി സഞ്ജയ് ശുക്ലയ്‌ക്കൊപ്പം ഗംഭീര റോഡ്‌ഷോയും നടത്തി.

''രാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മാലയിട്ടവര്‍ വൈകീട്ട് ബി.ജെ.പി.ക്കാര്‍ക്കും മാലയിടുന്നതു കാണാം. നേരില്‍ക്കാണുന്നത് വിശ്വസിക്കാന്‍ കഴിയില്ല'' -ഇന്ദോര്‍ പ്രസ് ക്‌ളബ്ബിലെ മാധ്യമപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. നഗരത്തില്‍ ഏറ്റവും കടുത്ത മത്സരമുള്ളത് ഇന്ദോര്‍-1ല്‍ ആണെന്ന് എല്ലാവരും സമ്മതിക്കുന്നു. ഈ കടമ്പ കൈലാസ് വിജയ വര്‍ഗിയ എങ്ങനെ കടക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എ.ബി.വി.പി.യിലും യുവമോര്‍ച്ചയിലും തുടങ്ങിയ സംഘപരിവാര്‍ ജീവിതമാണ് വിജയ വര്‍ഗിയയുടേത്. ഇന്ദോറില്‍ കോര്‍പ്പറേറ്ററും മേയറുമായി ആരംഭിച്ച പാര്‍ലമെന്ററി ജീവിതത്തില്‍ 12 വര്‍ഷം സംസ്ഥാന മന്ത്രിയുമായിരുന്നു. 1990-ല്‍ ശിവരാജ് സിങ് ചൗഹാനൊപ്പം ആദ്യമായി എം.എല്‍.എ. ആയതാണ്

Content Highlights: madhya pradesh assembly, election kailash vijayvargiya