കമല്‍നാഥ് എന്ന മാസ് ലീഡർ; ചവിട്ടിത്താഴ്ത്തിയ നേതൃത്വത്തേയും മറികടന്ന് ഓടിക്കയറിയ ചൗഹാൻ; ഒടുവിൽ ആര്?

#ഇ.ജി. രതീഷ്‌
കമല്‍നാഥ്, ശിവരാജ് സിങ് ചൗഹാന്‍ | Photo: PTI
കമല്‍നാഥ്, ശിവരാജ് സിങ് ചൗഹാന്‍ | Photo: PTI

ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വം ചവിട്ടിത്താഴ്ത്തിയിട്ടും അവസാനനിമിഷംവരെ ഉശിരൻ പോരാട്ടമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കാഴ്ചവെച്ചിരിക്കുന്നത്. ‘മാറ്റം വേണം’ എന്ന ആവശ്യം അടിത്തട്ടിൽ വ്യാപകമാണ്. അതിന്റെ സ്വാഭാവിക ഗുണഭോക്താവ് കോൺഗ്രസാണ്. എന്നാൽ, ക്ഷേമപദ്ധതികൾ പരമാവധി പ്രചരിപ്പിക്കുകയും ഒന്നിലേറെ നേതൃമുഖങ്ങളെ അവതരിപ്പിക്കുകയും ചെയ്ത് ജനവികാരം അനുകൂലമാക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്.

165 റാലികളിലാണ് ചൗഹാൻ പങ്കെടുത്തത്. മൂന്ന് കേന്ദ്ര മന്ത്രിമാരെയും ദേശീയ ജനറൽ സെക്രട്ടറിയെയും നിയമസഭയിലേക്ക് മത്സരത്തിനിറക്കിയ പാർട്ടി ചൗഹാനെ അവരിൽ ഒരാളായേ പരിഗണിച്ചുള്ളൂ. എന്നാൽ, വാശിയോടെ ഓടിക്കയറുകയായിരുന്നു അദ്ദേഹം. തുടർഭരണത്തോട്  എത്രയൊക്കെ എതിർപ്പുണ്ടെങ്കിലും സ്ത്രീകളുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കുന്ന ലാഡ്‌ലി ബഹൻ പദ്ധതി എങ്ങും ചർച്ചാവിഷയമാണ്. അതിന്റെ ക്രെഡിറ്റ് ചൗഹാൻ സ്വയം അണിയുകയും ചെയ്യുന്നു. 1.30 കോടി സ്ത്രീകൾക്ക് സഹായം ലഭിക്കുന്നുണ്ട്. 

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും നിയമനങ്ങളിലെ അഴിമതിയും കർഷകപ്രശ്നങ്ങളും ചർച്ചാവിഷയമാക്കുന്നതിൽ കോൺഗ്രസ് വിജയിച്ചു. ഭരണകക്ഷിയോട് മത്സരിച്ച് ജനപ്രിയ പദ്ധതികളും പ്രഖ്യാപിച്ചു. 2018-ൽ ജനങ്ങളുടെ സമ്മതിദാനത്തെ സിന്ധ്യയിലൂടെ ബി.ജെ.പി. അട്ടിമറിച്ചെന്നും ഇതിനുപിന്നിൽ വലിയ അഴിമതിയുണ്ടെന്നും പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. മത്സരരംഗത്തുള്ള കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ മകൻ കോടികളുടെ ഇടപാടു സംബന്ധിച്ച് സംസാരിക്കുന്ന വീഡിയോകളും കോളിളക്കമുണ്ടാക്കി. നാലാമൂഴത്തിൽ ചൗഹാൻ ഉദ്യോഗസ്ഥരെവെച്ച് ഭരണം നിർവഹിക്കുകയും പാർട്ടി ഘടകത്തെ അവഗണിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്. എങ്കിലും ശക്തമായ സംഘടനാ സംവിധാനം ഇതിനെയെല്ലാം അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഓരോ മേഖലയിലും മത്സരിക്കുന്ന മുതിർന്നനേതാക്കളുടെ ബലത്തിൽ ഭരണവിരുദ്ധ ഘടകങ്ങളെ മറികടക്കാമെന്ന പ്രതീക്ഷയുമുണ്ട്.

കോൺഗ്രസിൽ കമൽനാഥ് സംസ്ഥാനത്തെ ഏകമുഖമായി ഉയർന്നുവെന്ന ഗുണം പാർട്ടിക്കുണ്ട്. അദ്ദേഹവും ദിഗ്വിജയ് സിങ്ങും തമ്മിൽ ഉടക്കിലാണെന്ന് മോദിയുൾപ്പെടെ പ്രചരിപ്പിച്ചെങ്കിലും ഏശിയില്ല. 115 റാലികളിൽ പങ്കെടുത്ത കമൽനാഥാകട്ടെ, ഡൽഹി നേതാവിൽനിന്ന് മാസ് ലീഡറായി മാറി. പാർട്ടി അധ്യക്ഷൻ ഖാർഗെ ഒമ്പതും രാഹുലും പ്രിയങ്കയും 11-ഉം വീതം റാലികളിൽ സംബന്ധിച്ചു.

എന്നാൽ, ഇന്ത്യ മുന്നണി സംസ്ഥാനത്ത് പൊട്ടി പാളീസായി. ജാതിസെൻസസ് നടത്തുമെന്ന് കോൺഗ്രസ് ശക്തമായി പ്രചരിപ്പിച്ചു. പക്ഷേ, അതിനെ ഏറ്റവും പരിഹസിച്ചത് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ്. പല കോൺഗ്രസ്, ബി.ജെ.പി. വിമതരും ചെറുപാർട്ടികളിൽ ചേക്കേറി മത്സരിക്കുന്നത് വിജയത്തെ ബാധിക്കും. ആദിവാസിവോട്ടുകൾക്കായി കടുത്തമത്സരമാണ് ഇരുപാർട്ടികളും നടത്തിയത്. 47  എസ്.ടി. സംവരണ മണ്ഡലങ്ങളുണ്ട്. 15 റാലികളിൽ പങ്കെടുത്ത നരേന്ദ്ര മോദിയുടെ പരിപാടികളിൽ ഈ മേഖല പ്രത്യേകം ഇടംപിടിച്ചു. 

രാമക്ഷേത്ര നിർമാണമാണ് ബി.ജെ.പി. ശക്തമായി മുന്നോട്ടുവെച്ച ഹിന്ദുത്വ ആയുധം. എന്നാൽ, മൃദു ഹിന്ദുത്വം ഉപയോഗിച്ച് കമൽനാഥ് നേരത്തേ പ്രതിരോധിച്ചു. യോഗി ആദിത്യനാഥും അമിത് ഷായും  പ്രകോപിപ്പിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം വഴുതിമാറി.

സ്ഥിരം തട്ടകങ്ങളായ ബുധിനിയിൽ ശിവരാജ് സിങ് ചൗഹാനും ചിന്ത്‌വാഡയിൽ കമൽനാഥുമാണ് വെള്ളിയാഴ്ച ജനവിധിതേടുന്ന പ്രമുഖർ. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ ദമിനിയിലും ഫഗൻ സിങ് കുലസ്തെ നിവാസിലും ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ വർഗിയ ഇന്ദോർ-1ലും കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ.മാരെ നേരിടുന്നു. മറ്റൊരു കേന്ദ്ര മന്ത്രിയായ പ്രഹ്ളാദ് സിങ് പട്ടേൽ നർസിങ് പുരിൽ ജനവിധി തേടുന്നു. 230 മണ്ഡലത്തിലായി 5.61 കോടിയോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

Content Highlights: election analysisi on polling day