130-ലധികം സീറ്റ് നേടും, മധ്യപ്രദേശില്‍ ഡിസംബര്‍ 3-ന് വിപുലമായി ദീപാവലി ആഘോഷിക്കും- BJP അധ്യക്ഷന്‍

#അരേര കോളനിയിൽനിന്ന് എൻ. ശ്രീജിത്ത്
ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ വി.ഡി. ശർമ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ | Photo: Mathrubhumi
ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ വി.ഡി. ശർമ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ | Photo: Mathrubhumi

ഖജുരാഹോവിൽ നിന്നുള്ള ലോക്‌സഭാംഗമാണ് വിഷ്ണുദത്ത് ശർമ എന്ന വി.ഡി. ശർമ. 2020 മുതൽ ബി.ജെ.പി.യുടെ സംസ്ഥാനാധ്യക്ഷൻ. വിദ്യാർഥി പരിഷത്ത് സംസ്ഥാന സെക്രട്ടറി, ദേശീയ ജനറൽ സെക്രട്ടറി പദവികളിൽനിന്ന് 2013-ലാണ് ബി.ജെ.പി.യിലെത്തുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി, പാർലമെന്റംഗം എന്നീ പദവികളിലെത്തി. തുടർന്നാണ് സംസ്ഥാനത്തിന്റെ അധ്യക്ഷ പദവിയിലെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായ ശർമയെ ഭോപാലിനടുത്ത അരേര കോളനിയിൽ വെച്ചാണ് കാണുന്നത്. കൂടിക്കാഴ്ചയിൽ നിന്ന്:

കഴിഞ്ഞതവണ കോൺഗ്രസ് ജയിച്ചിട്ടും ബി.ജെ.പി. സർക്കാർ രൂപവത്‌കരിച്ചു. ഇത്തവണത്തെ ഫലം എന്താവും?

- ഇത്തവണ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച് ബി.ജെ.പി. സർക്കാർ രൂപവത്‌കരിക്കും. 20 വർഷംകൊണ്ട് സംസ്ഥാനത്ത് ബി.ജെ.പി. സർക്കാരുകൾ നടത്തിയ വികസനം ഉയർത്തിക്കാട്ടും. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിൽ 1.17 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികൾ നൽകി. നരേന്ദ്രമോദി നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഏഴ് എം.പി.മാരെയാണ് മത്സരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മുഖമില്ലാതെയാണ് മത്സരം.

- കൂട്ടായ നേതൃത്വത്തിലാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംഘടനാശക്തി, പ്രധാനമന്ത്രി മോദിയിലുള്ള പൊതുവിശ്വാസം, ക്ഷേമപദ്ധതികൾ, വികസനം എന്നിവയുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങളിലേക്ക് എത്തിച്ചേരുക എന്നതാണ് ഞങ്ങളുടെ ആദ്യശ്രമം. ഇതിൽ ബി.ജെ.പി. വിജയിക്കും.

എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നത്

- ഡിസംബർ മൂന്നിന് ഞങ്ങൾ ദീപാവലി വിപുലമായി ആഘോഷിക്കും. 130-ലധികം സീറ്റ് ബി.ജെ.പി. നേടും.

കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറിന്റെ മകന്റെ വീഡിയോ വൈറലാകുന്നു. കമ്മിഷൻ വാങ്ങുന്നതായി കോൺഗ്രസ് ആരോപിക്കുന്നു?

- ഇത് വ്യാജവീഡിയോയുടെ രണ്ടാംഭാഗമാണ്. ആദ്യ വീഡിയോ വന്നപ്പോൾ തോമറിന്റെ മകൻ എഫ്‌.ഐ.ആർ. ഫയൽ ചെയ്തിരുന്നു. അക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പുകാലത്ത് വ്യാജ വീഡിയോകളും വ്യാജ ഓഡിയോകളും പുറത്തുവിടുന്നത് കോൺഗ്രസിന്റെ ശീലമായി മാറിയിരിക്കുകയാണ്.

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മധ്യപ്രദേശിൽ അഴിമതി ഒരു വിഷയമാക്കുന്നു.

- ഗാന്ധി കുടുംബം മുഴുവൻ അഴിമതിയിൽ പങ്കാളികളാണ്. എന്നിട്ടവർ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നു. രാജ്യത്തെ അഴിമതിരഹിതമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ബി.ജെ.പി. സർക്കാരാണ്. അഴിമതിക്കാരുടെ പിടിയിൽനിന്ന് രാജ്യത്തെ കരകയറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

എല്ലാവരും പറയുന്നു മധ്യപ്രദേശിൽ കടുത്തമത്സരമാണ് നടക്കുന്നതെന്ന്?

- ഒരു കടുത്ത മത്സരവുമില്ല. ബി.ജെ.പി. വൻ വിജയം നേടുമ്പോൾ ഈ കടുത്ത മത്സരപ്രചാരണം താനെ അവസാനിച്ചോളും.

ഭാവി മുഖ്യമന്ത്രിയോ, അതോ കേന്ദ്രമന്ത്രിയോ?

- പാർട്ടി തരുന്ന ഏത് പദവിയും സന്തോഷത്തോടെ സ്വീകരിക്കും.

Content Highlights: BJP state president VD Sharma Interview