ജനകീയത, ജനപ്രിയ പദ്ധതികള്‍; അവസാനലാപ്പില്‍ ഓടിക്കയറിയ ചൗഹാന്‍

ഭോപാല്‍: 15 മാസത്തെ ഇടവേള മാറ്റിനിര്‍ത്തിയാല്‍, തുടര്‍ച്ചയായി അഞ്ചാം തവണയാണ് ബി.ജെ.പി. മധ്യപ്രദേശില്‍ അധികാരത്തിലെത്തുന്നത്. ഇതില്‍ രണ്ടുവര്‍ഷത്തോളം ഉമാഭാരതിയും ബാബുലാല്‍ ഗൗറും മുഖ്യമന്ത്രിമാരായത് മാറ്റിനിര്‍ത്തിയാല്‍ 18 വര്‍ഷം സംസ്ഥാനംഭരിച്ചത് ശിവരാജ് സിങ് ചൗഹാനായിരുന്നു. നീണ്ടകാലം സംസ്ഥാനം ഭരിച്ച ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാവുന്നതില്‍ അനിശ്ചിതത്വമുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ വിജയം കൂടിയാണ് ബി.ജെ.പി. ഇവിടെ ആഘോഷിക്കുന്നത്.
ഇന്ന് ഇന്ത്യയില്‍ നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയ ബിജെപി നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഉത്തരം ശിവരാജ് സിങ് ചൗഹാന്‍ എന്ന് തന്നെയായിരിക്കും. മോദിയുടെ പേര് പ്രധാനമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നപ്പോള്‍ അഡ്വാനി പക്ഷം മുന്നോട്ടുവച്ച പേര് ശിവരാജ് സിങ് ചൗഹാന്റെയായിരുന്നു. മധ്യപ്രദേശിലെ ജനത മാമാജി എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അവരുടെ നേതാവ്. സ്ഥാനാര്‍ഥിയാകുമോ എന്ന ആശയക്കുഴപ്പത്തിനൊടുവില്‍ നാലാം പട്ടികയിലാണ് ബിജെപി അദ്ദേഹത്തിന്റെ ജനകീയത തിരിച്ചറിഞ്ഞ് സ്ഥാനാര്‍ഥിയാക്കിയത്. ഇന്ന് ഈ വലിയ വിജയം ബിജെപി ആവര്‍ത്തിക്കുമ്പോള്‍ ചൗഹാന്റെ ജനകീയതയും മോദി പ്രവാഹവുമാണ് അതിന് ഇന്ധനമായത്. ഇനി അറിയേണ്ടത് മൂന്ന് കേന്ദ്രമന്ത്രിമാരേയും ബിജെപി ജനറല്‍ സെക്രട്ടറി വിജയവാര്‍ഗിയയേയും അഞ്ച് എംപിമാരേയും കളത്തിലിറക്കി പരീക്ഷണത്തില്‍ ആരാകും മുഖ്യമന്ത്രി എന്നാണ്
മാറ്റിനിര്‍ത്തിയിടത്തുനിന്ന് സ്വയം ഓടിത്തുടങ്ങിയതാണ് ഇത്തവണ ചൗഹാന്‍. 166 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. തുടക്കം മുതല്‍ കേന്ദ്രനേതൃത്വം മാറ്റിനിര്‍ത്തിയെങ്കിലും പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെമേല്‍ ചാര്‍ത്തപ്പെടുമെന്ന് ഉറപ്പുള്ള ചൗഹാന്‍, തന്റെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും അതുവഴിയുണ്ടായ ജനകീയതും തിരഞ്ഞെടുപ്പില്‍ ഉടനീളം പ്രചാരണായുധമാക്കി. ഒ.ബി.സി. ഭൂരിപക്ഷസംസ്ഥാനമായ മധ്യപ്രദേശില്‍ ജാതി സെന്‍സസ് വാഗ്ദാനവുമായി കോണ്‍ഗ്രസ് ഇറങ്ങിയപ്പോള്‍ അതിനെ തടയിടാന്‍ കഴിഞ്ഞത് ചൗഹാന്‍ എന്ന ഒ.ബി.സി. നേതാവിന്റെ ബലത്തിലാണ്.
2018-ലെ തിരഞ്ഞെടുപ്പില്‍ ജനവിധി എതിരാവുകയും കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി ഭരണത്തിലെത്തിയതിന് പിന്നില്‍ നീണ്ടനാളത്തെ ചൗഹാന്‍ ഭരണത്തോടുള്ള വിപ്രതിപത്തിയാണെന്ന് അന്നുതന്നെ ബി.ജെ.പിക്ക് വിലയിരുത്തലുണ്ടായിരുന്നു. എന്നിട്ടും ജ്യോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തില്‍ അട്ടിമറി നടന്നപ്പോള്‍ ചൗഹാനെ തന്നെ ബി.ജെ.പി. വീണ്ടും മുഖ്യമന്ത്രിയാക്കി.
ദേശീയരാഷ്ട്രീയത്തില്‍ പ്രബലനായിരുന്ന ചൗഹാന്‍ ഒരുഘട്ടത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിപോലുമാകുമെന്ന് കരുതിയതാണ്. ഹിന്ദി ഹൃദയഭൂമികള്‍ക്ക് പുതിയ സാമ്രാട്ട് ഉണ്ടാകുന്നതിന് മുമ്പേ, ഹിന്ദുത്വയുടെ അനുയായികളുടെ ഹൃദയത്തില്‍ ഉണ്ടായിരുന്ന പേരായിരുന്നു ചൗഹാന്റേത്. നരേന്ദ്രമോദിയും അമിത്ഷായും ദേശീയ നേതൃത്വം ഏറ്റെടുത്തതോടെ ചൗഹാന്റെ തിരിച്ചിറക്കം ആരംഭിക്കുകയായിരുന്നു. കാലാവധി തികയ്ക്കാത്ത കേശുഭായി പട്ടേലിന്റെ പിന്‍ഗാമിയായി വന്ന് നാലുതവണ ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായതിന് സമാനമാണ് ചൗഹാന്റേയും ചരിത്രം. ബാബുലാല്‍ ഗൗര്‍ കാലാവധി തികയ്ക്കുംമുമ്പാണ് ചൗഹാന്‍ മുഖ്യമന്ത്രിയാവുന്നത്. തുടര്‍ന്ന് നാലുടേമുകള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി.
പക്ഷേ, ലാഡ്‌ലി ബഹന്‍ അടക്കം സ്ത്രീപക്ഷ വാഗ്ദാനങ്ങളുമായി മധ്യപ്രദേശ് വോട്ടര്‍മാരുടെ ഹൃദയംകീഴടക്കുകയായിരുന്നു ചൗഹാന്‍ . 1,250 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ലാഡ്‌ലി ബഹന്‍ പദ്ധതി വഴി 1.30 കോടി പേര്‍ക്കാണ് സഹായം ലഭിച്ചത്. ഇത് തിരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. 450 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡറുകള്‍ നല്‍കിയതും അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിഫലം ഉയര്‍ത്തിയതും 30 ലക്ഷം ജൂനിയര്‍ ലെവല്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതും വലിയൊരുവിഭാഗം വോട്ടര്‍മാരെ ഒപ്പം നിര്‍ത്തി.
ഭരണവിരുദ്ധവികാരത്തെ തിളക്കമാര്‍ന്ന വിജയത്തോടെ മറികടക്കുമ്പോള്‍ ബിജെപിക്ക് ജ്യോതിരാദിത്യ സിന്ധ്യയുടെ വരവും അതില്‍ മുതല്‍ക്കൂട്ടായി. ചമ്പല്‍-ഗ്വാളിയോര്‍ മേഖലയില്‍ ബിജെപിയുടെ തിരിച്ചുരവ് സിന്ധ്യയുടെ പിന്തുണയുടെ ബലത്തിലായിരുന്നു
Content Highlights: Madhya Pradesh Chief Minister Shivraj Singh Chouhan how he won for 5th time