നാനോ സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

Image: Freepik
Image: Freepik

മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, 2024 ഓഗസ്റ്റ് സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനത്തിൽ, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നിവയിലെ വിവിധ മേഖലകളിലെ ഗവേഷണങ്ങളാണ് നടക്കുന്നത്.

യോഗ്യത: ബേസിക്, അപ്ലൈഡ് സയൻസസ്, എൻജിനിയറിങ്, അനുബന്ധ മേഖലയിൽ ഒന്നിൽ എം.എസ്‌സി., എം.ടെക്., എം.ഫാം. എന്നിവയിലൊന്നു വേണം. യോഗ്യതാ കോഴ്‌സിന്റെ അന്തിമ സെമസ്റ്റർ/വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

ഗേറ്റ്, സി.എസ്.ഐ.ആർ./യു.ജി.സി.- നെറ്റ്, ജസ്റ്റ്, ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്. (ടി.ഐ.എഫ്.ആർ./എൻ.സി.ബി.എസ്.), ഐ.സി.എം.ആർ.- ജെ.ആർ.എഫ്., ഡി.ബി.ടി.- ജെ.ആർ.എഫ്., ഡി.എസ്.റ്റി.-ഇൻസ്പയർ, ജി. പാറ്റ്. തുടങ്ങിയവയിലൊരു ദേശീയതല പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. പ്രായപരിധി, സി.എസ്.ഐ.ആർ.-യു.ജി.സി., ഡി.എസ്.റ്റി. വ്യവസ്ഥകൾ പ്രകാരമായിരിക്കും.

വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.inst.ac.in/careers/ ൽ ലഭിക്കും. പ്രവേശന വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈ‌നായി സിനോപ്‌സിസ് നൽകണം.

പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി, അനുബന്ധ രേഖകൾ സഹിതം (പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ), സംവരണം (ബാധകമെങ്കിൽ) തുടങ്ങിയവ തെളിയിക്കുന്നതിലേക്ക്) രജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റ്/കൂറിയർ വഴി ഏപ്രിൽ 15-നകം സ്ഥാപനത്തിൽ ലഭിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ഥാപനത്തിന്റെ/ഭാരത സർക്കാരിന്റെ വ്യവസ്ഥകൾ പ്രകാരം ഫെലോഷിപ്പ് ലഭിക്കും. സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവർക്കും അപേക്ഷിക്കാം.

Content Highlights: Research at Nano Science and Technology Institute