കാടിനെ അടുത്തറിയാം, പഠിക്കാം; ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

ഉത്തരാഖണ്ഡ് ദെഹ്‌റാദൂണിലെ കല്പിത സർവകലാശാലയായ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ആർ.ഐ.), വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഫോറസ്ട്രി പിഎച്ച്.ഡി. പ്രോഗ്രാം 2024 പ്രവേശനത്തിന് അപേക്ഷിക്കാം.
കേന്ദ്രങ്ങൾ
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ദെഹ്‌റാദൂൺ), അരിഡ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജോധ്‌പുർ), സെൻട്രൽ പൾപ്പ് ആൻഡ് പേപ്പർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സഹ്‌റാൻപുർ), ജി.ബി. പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെൻറ് ആൻഡ് ഡിവലപ്മെൻറ് (അൽമോറ), ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഷിംല), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് (ഭോപാൽ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ദെഹ്‌റാദൂൺ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി (ഹൈദരാബാദ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ് (കോയമ്പത്തൂർ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രൊഡക്ടിവിറ്റി (റാഞ്ചി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി (ബെംഗളൂരു), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പീച്ചി-തൃശ്ശൂർ), റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജോർഹട്ട്), ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജബൽപുർ)
ഓരോ സ്ഥാപനത്തിലുമുള്ള സവിശേഷ ഗവേഷണമേഖലകൾ http://fridu.edu.in-ൽ ഉള്ള പിഎച്ച്.ഡി. പ്രവേശനവിജ്ഞാപനത്തിൽ ലഭിക്കും.
പീച്ചിയിൽ (തൃശ്ശൂർ), ഫോറസ്റ്റ് ബയോടെക്നോളജി, ഫോറസ്റ്റ് ബോട്ടണി, ഫോറസ്റ്റ് എൻറമോളജി എന്നീ സവിശേഷമേഖലകളിൽ ഗവേഷണം നടത്താം.
യോഗ്യത
നിശ്ചിത മാർക്ക്/ഗ്രേഡ് നേടിയുള്ള നിശ്ചിതവിഷയത്തിലെ മാസ്റ്റേഴ്സ്/എം.ഫിൽ./തത്തുല്യ ബിരുദം വേണം. ഡിസിപ്ലിൻ അനുസരിച്ചുവേണ്ട യോഗ്യത വിജ്ഞാപനത്തിലുണ്ട്.
ഫെലോഷിപ്പോടെ/സ്കോളർഷിപ്പോടെ യു.ജി.സി. നെറ്റ്/യു.ജി.സി. സി.എസ്.ഐ.ആർ. നെറ്റ്/ഗേറ്റ്/സീഡ്, സമാനമായ ദേശീയതല പരീക്ഷകൾ എന്നിവയിൽ യോഗ്യതനേടിയവരെ അഭിമുഖം അടിസ്ഥാനമാക്കി പ്രവേശനത്തിന് ആദ്യം പരിഗണിക്കും.
ഈ പ്രവേശനത്തിനുശേഷം ഒഴിവുകളുണ്ടെങ്കിൽ ഫെലോഷിപ്പ്/സ്കോളർഷിപ്പ് ഇല്ലാതെ, യു.ജി.സി. നെറ്റ്/യു.ജി.സി. സി.എസ്.ഐ.ആർ. നെറ്റ്/ഗേറ്റ്/സീഡ്, സമാനമായ ദേശീയതലപരീക്ഷകൾ എന്നിവയിൽ യോഗ്യതനേടിയവരെയും സ്ഥാപനം നടത്തുന്ന പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ് യോഗ്യത നേടുന്നവരെയും പരിഗണിക്കും. ഇവർക്ക് ഇൻറർവ്യൂ ഉണ്ടാകും.
പ്രവേശനപരീക്ഷ
പ്രവേശനപരീക്ഷ ഓഗസ്റ്റ് 18-ന് നടത്തും. ഒ.എം.ആർ. അധിഷ്ഠിത (പെൻ ആൻഡ് പേപ്പർ) പ്രവേശനപരീക്ഷയ്ക്ക്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പീച്ചി) പരീക്ഷാകേന്ദ്രമാണ്. പരീക്ഷയിൽ 50 ശതമാനം ചോദ്യങ്ങൾ റിസർച്ച് മെത്തഡോളജിയിൽനിന്നും 50 ശതമാനം വിഷയാധിഷ്ഠിതവുമായിരിക്കും. ഈ ടെസ്റ്റിൽ യോഗ്യതനേടാൻ 50 ശതമാനം മാർക്ക് (സംവരണവിഭാഗക്കാർക്ക് 45 ശതമാനം) വേണം. ദേശീയതല പരീക്ഷായോഗ്യതയുള്ളവർക്കും (ഫെലോഷിപ്പ്/സ്കോളർഷിപ്പ് ഇല്ലാതെ) താത്‌പര്യമുള്ളപക്ഷം എൻട്രൻസ് അഭിമുഖീകരിക്കാം.
അപേക്ഷ
പരീക്ഷാഘടന, അപേക്ഷാമാതൃക എന്നിവ fridu.edu.in-ലെ പിഎച്ച്.ഡി. പ്രവേശനവിജ്ഞാപന ലിങ്കിൽ ലഭ്യമാണ്. പ്രവേശനത്തിൽ താത്‌പര്യമുള്ള എല്ലാവിഭാഗക്കാരും ഇപ്പോൾ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷയും രേഖകളും അപേക്ഷാർഥി തിരഞ്ഞെടുക്കുന്ന ഗവേഷണകേന്ദ്രത്തിൽ ജൂൺ 28-നകം ലഭിച്ചിരിക്കണം. അയക്കേണ്ട വിലാസം വിജ്ഞാപനത്തിലുണ്ട്.
Content Highlights: Research at Forest Research Institute