രാമലിംഗസ്വാമി റീ-എൻട്രി ഫെലോഷിപ്പ്,പ്രതിമാസ ഫെലോഷിപ്പ് 1,35,000 രൂപ

Representative image/AI Image
Representative image/AI Image

വിദേശത്ത് മുൻനിര ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മികവു തെളിയിച്ച ഇന്ത്യൻ ഗവേഷകരെ, ഇന്ത്യയിലേക്ക് ആകർഷിക്കാനും അവർക്ക് ഇന്ത്യയിലെ മുൻനിര ഗവേഷണ, വികസന സ്ഥാപനങ്ങളിൽ മികച്ച ആനുകൂല്യങ്ങളോടെ ഗവേഷണം നടത്താനും അവസരമൊരുക്കുന്ന രാമലിംഗസ്വാമി റീ-എൻട്രി ഫെലോഷിപ്പിന് (ആർ.ആർ.എഫ്.) അപേക്ഷിക്കാം. കേന്ദ്ര സർക്കാർ ബയോടെക്നോളജി വകുപ്പിന്റേതാണ് (ഡി.ബി.ടി.) പദ്ധതി. ഭാരതത്തിലെ സർവകലാശാലകൾ, ഡിപ്പാർട്ട്മെന്റുകൾ, മറ്റ് അക്കാദമിക് സ്ഥാപനങ്ങൾ, ദേശീയ ലബോറട്ടറികൾ എന്നിവയിലൊന്നിൽ ഗവേഷണം നടത്താം (ഹോസ്റ്റ് സ്ഥാപനം).

അർഹത

ലൈഫ് സയൻസസ് ആൻഡ് ബയോടെക്നോളജി, ബയോ എൻജിനീയറിങ്, ഹെൽത്ത് കെയർ (ഹ്യൂമൻ ആൻഡ് ആനിമൽ), അഗ്രിക്കൾച്ചർ ആൻഡ് വെറ്ററിനറി ബയോടെക്നോളജി, ബയോഎനർജി, അനുബന്ധ മേഖലകൾ എന്നിവയിൽ ഏതെങ്കിലും മേഖലയിൽ വിദേശത്ത് പ്രവർത്തിക്കുന്നവരായിരിക്കണം.ലൈഫ് സയൻസസ്/അഗ്രിക്കൾച്ചർ, ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അലൈഡ് മേഖലകൾ, മെഡിസിൻ എന്നിവയിൽ ഒന്നിൽ പി എച്ച്.ഡി./എം.ഡി./തത്തുല്യ ബിരുദം, അല്ലെങ്കിൽ ബയോടെക്നോളജി/അനുബന്ധ മേഖലയിൽ എം. ടെക്. ബിരുദം വേണം.

വിദേശ ഗവേഷണ ലബോറട്ടറികളിൽ കുറഞ്ഞത് മൂന്നുവർഷത്തെ പോസ്റ്റ് ഡോക്ടറൽ ഗവേഷണ പരിചയം വേണം. ഗവേഷണ പ്രസിദ്ധീകരണങ്ങൾ, അംഗീകാരങ്ങൾ എന്നിവയിലൂടെ മികവ് തെളിയിച്ചിരിക്കണം. ഉയർന്ന പ്രായപരിധി 28.2.2025-ൽ 45 വയസ്സ്. ഇന്ത്യക്കാരായിരിക്കണം.

ആനുകൂല്യങ്ങൾ

ഫെലോഷിപ്പ് ഗ്രാന്റായി പ്രതിമാസം 1,35,000 രൂപ ലഭിക്കും. റിസർച്ച് സപ്പോർട്ട് ഗ്രാന്റ്‌ ആയി പ്രതിവർഷം 13 ലക്ഷം രൂപയും. ഹോസ്റ്റ് സ്ഥാപനത്തിന് പ്രതിവർഷം 50,000 രൂപ ലഭിക്കും.ഫെലോഷിപ്പ് ലഭിച്ച ശേഷം സ്ഥിരം ജോലി സ്വീകരിച്ചാൽ, ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ, പദ്ധതി പ്രകാരമുള്ള ഫെലോഷിപ്പ് നിർത്തലാക്കും. എന്നാൽ, റിസർച്ച് ഗ്രാന്റ്‌ തുടർന്നും ലഭിക്കും.

അപേക്ഷ

അപേക്ഷ fellowships.gov.in വഴി ഫെബ്രുവരി 28 വരെ നൽകാം. വിവരങ്ങൾക്ക്: dbtindia.gov.in (ലേറ്റസ്റ്റ് അനൗൺസ്‌െമന്റ്‌സ്‌)

Content Highlights: Ramalinga swamy Re-Entry Fellowship