ചണ്ഡീഗഢ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദപഠനം

#ഡോ. എസ്. രാജൂകൃഷ്ണൻ
Image: Freepik
Image: Freepik

പ്രതിവർഷം 250 രൂപ മാത്രം ട്യൂഷൻ ഫീസ്‌ നൽകി നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകൾ പഠിക്കാൻ ചണ്ഡീഗഢ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (പി.ജി.ഐ.എം.ഇ. ആർ.) അവസരം.

നഴ്‌സിങ് കോഴ്‌സുകൾ

ഇൻസ്റ്റിറ്റ്യൂട്ടിലെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജുക്കേഷനിൽ (എൻ.ഐ.എൻ.ഇ.) നഴ്‌സിങ്ങിൽ നാലുവർഷ ബി.എസ്‌സി. നഴ്‌സിങ് (പെൺകുട്ടികൾക്കു മാത്രം), രണ്ടുവർഷ ബി. എസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്)  (കോ-എജുക്കേഷൻ) കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു/ തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും ജയിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കുവാങ്ങി (പട്ടിക-ഒ.ബി.സി. വിഭാഗക്കാർക്ക്‌ 40 ശതമാനം) ജയിച്ചവർക്ക് ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 1.9.2024-ന് 17-നും 35-നും ഇടയ്ക്കായിരിക്കണം. 1.9.2007-നുശേഷമോ 1.9.1989-നുമുമ്പോ ജനിച്ചവർ അർഹരല്ല. മൊത്തം സീറ്റ് 93.

ബി.എസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമിന് അപേക്ഷിക്കാൻ പ്ലസ് ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കൂടാതെ, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് മൊത്തം 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ വേണം.പ്രായം 1.9.2024-ന് 45 വയസ്സ് കവിഞ്ഞിരിക്കരുത്. 1.9.1979-നുമുമ്പ് ജനിച്ചവർ അർഹരല്ല. മൊത്തം സീറ്റ് 62 (ഇതിൽ പി.ജി.ഐ. സ്റ്റാഫിനുള്ള 15 സംവരണ സീറ്റും ഉൾപ്പെടും).

ജൂലായ് 26-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ വഴിയായിരിക്കും പ്രവേശനം. പരീക്ഷയുടെ വിശദമായ ഘടന pgimer.edu.in -ൽ ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്‌സിലെ പ്രോഗ്രാം പ്രവേശന ലിങ്കുവഴി ലഭിക്കുന്ന പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. നഴ്‌സിങ് അപേക്ഷ pgimer.edu.in വഴി ജൂൺ 30 വരെ നൽകാം.

പാരാമെഡിക്കൽ ബാച്ച്‌ലർ പ്രോഗ്രാമുകൾ

ചണ്ഡീഗഢ്‌ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം. ഇ.ആർ.) വിവിധ പാരാമെഡിക്കൽ ബാച്ച്‌ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും അപേക്ഷിക്കാം.

പ്രോഗ്രാമുകൾ: ബാച്ച്‌ലർ ഇൻ മെഡിക്കൽ ലബോറട്ടറി സയൻസ് (നാലുവർഷം), ബി.എസ്‌സി. മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി (നാല്), ബി.എസ്‌സി. റേഡിയോതെറാപ്പി ടെക്‌നോളജി (നാല്), ബി.എസ്‌സി. ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി (നാല്), ബി.എസ്‌സി. മെഡിക്കൽ ടെക്‌നോളജി -പെർഫ്യൂഷണിസ്റ്റ് (നാല്), ബി.എസ്‌സി. എംബാമിങ് ആൻഡ് മോർച്ചറി സയൻസസ് (മൂന്ന്), ബാച്ച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (നാല്), ബി.എസ്‌സി. മെഡിക്കൽ ടെക്‌നോളജി (ഡയാലിസിസ് തെറാപ്പി ടെക്‌നോളജി) (നാല്), ബാച്ച്‌ലർ ഓഫ് ഒപ്‌റ്റോമെട്രി (നാല്), ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി (നാലര), ബി.എസ്‌സി. ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് (മൂന്നര), ബാച്ച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത് (നാല്), ബി.എസ്‌സി. മെഡിക്കൽ ആനിമേഷൻ ആൻഡ് ഓഡിയോ വിഷ്വൽ ക്രിയേഷൻ (മൂന്ന്).

പബ്ലിക് ഹെൽത്ത്, മെഡിക്കൽ ആനിമേഷൻ ആൻഡ്‌ ഓഡിയോ വിഷ്വൽ ക്രിയേഷൻ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. മറ്റു കോഴ്‌സുകൾക്ക്, കോഴ്‌സിനനുസരിച്ച് പ്ലസ്ടു നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. പ്രോഗ്രാമിനനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്‌ട്രോണിക്സ്, സൈക്കോളജി, ഇംഗ്ലീഷ് എന്നിവയിൽ ചിലത് വേണ്ടിവരും.

മറ്റു ചില ഡിപ്ലോമ/ വൊക്കേഷണൽ/ സർട്ടിഫിക്കറ്റ്/ ഇതര കോഴ്‌സുകളും ചില കോഴ്‌സുകൾക്ക് പരിഗണിക്കും.വിശദമായ വിദ്യാഭ്യാസ യോഗ്യത, യോഗ്യതാപരീക്ഷയിലെ മാർക്ക് വ്യവസ്ഥ, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങൾ pgimer.edu.in -ലുള്ള പ്രോസ്പെക്ടസിൽ ലഭിക്കും (ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്‌സിലെ പ്രോഗ്രാം പ്രവേശനവിജ്ഞാപന ലിങ്കിൽ). ഓഗസ്റ്റ് രണ്ടിന് നടത്തുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷകൾ വഴിയാണ് അഡ്മിഷൻ. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും.പാരാമെഡിക്കൽ കോഴ്‌സുകളുടെ അപേക്ഷ pgimer.edu.in വഴി ജൂലായ് അഞ്ചുവരെ നൽകാം.

Content Highlights: Nursing and Paramedical Graduation in Chandigarh Post Graduate Institute