തിരുവനന്തപുരം ഐസറിൽ എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു

Image: Freepik
Image: Freepik

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), തിരുവനന്തപുരം 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടുവർഷ എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന്‌ അപേക്ഷക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് സ്കൂളുകളിലാണ് പ്രോഗ്രാം നടത്തുന്നത്.

ഇൻറർ ഡിസിപ്ലിനറി സ്വഭാവം പ്രോഗ്രാമിനു നൽകുന്നതിലേക്ക്, രണ്ടാംസെമസ്റ്റർമുതൽ ഇഷ്ടമുള്ള സ്കൂളിൽനിന്ന് ഇലക്ടീവുകൾ തിരഞ്ഞെടുക്കാവുന്ന ബഹുമുഖമായ പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്. ഏറ്റവുംപുതിയ ഉള്ളടക്കത്തോടെ ആധുനിക ശാസ്ത്രഗവേഷണങ്ങളെ പ്രചോദിപ്പിക്കുന്നതലങ്ങളിൽ സമഗ്രവും അഗാധവുമായ ആമുഖംനൽകുന്ന കോർ കോഴ്സ് പാഠ്യപദ്ധതിക്കുണ്ട്. എം.എസ്‌സി. പ്രോജക്ട് കാലാവധി, വിദ്യാർഥിയുടെ താത്‌പര്യം, ഫോക്കസ് എന്നിവ കണക്കിലെടുത്ത് ഒരു സെമസ്റ്റർമുതൽ ഒരുവർഷംവരെ ആകാം.

സയൻസസ്/എൻജിനിയറിങ്/മാത്തമാറ്റിക്സ്/മറ്റു പ്രസക്തമായ വിഷയത്തിൽ 60 ശതമാനം മാർക്ക്‌ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) അല്ലെങ്കിൽ സി.ജി.പി.എ. യഥാക്രമം 6.5/5.5 നേടിയുള്ള മൂന്ന്/നാല് വർഷ ബാച്ച്‌ലർബിരുദം വേണം. എല്ലാസ്കൂളുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പ്രോക്ടേർഡ് സ്‌ക്രീനിങ് ടെസ്റ്റ് മേയ് 18-ന് നടത്തും. പരീക്ഷ ഇംഗ്ലീഷിലായിരിക്കും. ഓരോവിഷയത്തിലും/സ്കൂളിലും സംവരണതത്ത്വം പാലിച്ച് 22 പേർക്കുവീതം പ്രവേശനംനൽകും. അപേക്ഷ admissions.iisertvm.ac.in/msc വഴി മേയ് ഒന്നുവരെ നൽകാം. ബാച്ച്‌ലർ പ്രോഗ്രാമിന്റെ അന്തിമപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്സ് ഫീസ് അടച്ച് അഡ്മിഷൻ ഓഫർ സ്വീകരിക്കേണ്ട അവസാനതീയതി ജൂലായ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക്: admissions.iisertvm.ac.in/msc

Content Highlights: M.Sc. Applications are invited at iiser thiruvanathapuram