ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്(AILET) ഡിസംബർ എട്ടിന്

ന്യൂഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി (എൻ.എൽ.യു.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമുകൾ, യോഗ്യത
• ബി.എ. എൽഎൽ.ബി. (ഓണേഴ്സ്)/ബി.കോം. എൽഎൽ.ബി. (ഓണേഴ്സ്) (അഞ്ചുവർഷം): പ്ലസ്‌ടുതല സീനിയർ സെക്കൻഡറി സ്കൂൾ/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (ഒ.ബി.സി. -42, പട്ടികവിഭാഗം -40 ശതമാനം) ജയിച്ചിരിക്കണം. 2025-ൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
• എൽഎൽ.എം. (ഒരു വർഷം): കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) എൽഎൽ.ബി./തത്തുല്യ നിയമ ബിരുദം. അന്തിമവർഷ എൽഎൽ.ബി. പരീക്ഷ 2025-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
• ജോയൻറ് മാസ്റ്റേഴ്സ്/എൽഎൽ.എം. ഇൻ ഇൻറലക്ച്വൽ പ്രോപ്പർട്ടി (ഐ.പി.) ലോ ആൻഡ് മാനേജ്മെൻറ്
• എൽഎൽ.എം. ഇൻ ഇൻറലക്ച്വൽ പ്രോപ്പർട്ടി ലോ ആൻഡ് മാനേജ്മെൻറ്: കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) എൽഎൽ.ബി./തത്തുല്യ നിയമബിരുദം.
• മാസ്റ്റർ ഓഫ് ആർട്സ് (എം.എ.) ഇൻ ഇൻറലക്ച്വൽ പ്രോപ്പർട്ടി ലോ ആൻഡ് മാനേജ്മെൻറ്: ഇവയിൽ ഒന്ന് തൃപ്തിപ്പെടുത്തണം (i) രണ്ട് ബാച്ച്‌ലർ പ്രോഗ്രാമുകൾ ഒന്നിനുപുറകെ മറ്റൊന്നായി നേടിയിരിക്കണം. അവയിൽ ഒന്ന് ബന്ധപ്പെട്ട വിഷയത്തിൽ ആയിരിക്കണം (ii) പ്ലസ്‌ടു ജയിച്ചശേഷം ബന്ധപ്പെട്ട വിഷയത്തിൽ അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് ബിരുദം (iii) ഏതെങ്കിലും വിഷയത്തിൽ തത്തുല്യമായ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (iv) നാലുവർഷ ഓണേഴ്സ്/റിസർച്ച് ബാച്ച്‌ലർ ബിരുദം.യോഗ്യതാകോഴ്സ് പരീക്ഷയിൽ 55 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) ഉണ്ടായിരിക്കണം.
• പിഎച്ച്.ഡി. ലോ: എൽഎൽ.എം./തത്തുല്യ നിയമബിരുദം, 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)
• പിഎച്ച്.ഡി. സോഷ്യൽ സയൻസസ് (പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്): സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് മേഖലയിൽ 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ബാച്ച്‌ലേഴ്സ് ബിരുദവും മാസ്റ്റേഴ്‌സ് ബിരുദവും വേണം.
പ്രവേശനപരീക്ഷ
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) വഴിയാണ് എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം. ഡിസംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ നടത്തുന്ന പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
പരീക്ഷാഘടന
• യു.ജി. -150 മാർക്കിനുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ലാംഗ്വേജ് (50 ചോദ്യങ്ങൾ), കറൻറ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ് (30), ലോജിക്കൽ റീസണിങ് (70)
• എൽഎൽ.എം. -100 മാർക്ക് 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. നിയമത്തിന്റെ വ്യത്യസ്തമേഖലകളിൽനിന്നുമാകും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കിങ് ഉണ്ട്. ഉത്തരംതെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.
• ജോയൻറ് പി.ജി., പിഎച്ച്.ഡി. പ്രവേശനപരീക്ഷകളുടെ ഘടന, മുൻവർഷത്തെ ചോദ്യപ്പേപ്പർ എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും. യു.ജി.സി. - ജെ.ആർ.എഫ്. യോഗ്യതയുള്ളവരെ പിഎച്ച്.ഡി. പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ
nationallawuniversitydelhi.in വഴി നവംബർ 18 വരെ നൽകാം. അപേക്ഷാഫീസ് 3500 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ. ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുന്ന പട്ടികവിഭാഗക്കാരെ അപേക്ഷാ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Content Highlights: all india law entrance test to be conducted in december