പരീക്ഷാഫലം ജീവിതത്തിന്റെ അവസാനമല്ല; കുട്ടികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് നിയുക്ത മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചും, പരാജയപ്പെട്ടവർക്ക് ആത്മവിശ്വാസം പകർന്നുമുള്ള സന്ദേശവുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. പരീക്ഷാ വിജയം മാത്രമല്ല ജീവിത വിജയമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
വിജയിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, ഇക്കുറി ഉപരിപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത കുട്ടികൾ ഒട്ടും നിരാശപ്പെടരുതെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു.
‘എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. ഇക്കുറി ഉപരിപഠനത്തിന് അർഹത നേടാൻ സാധിക്കാത്ത കുട്ടികൾ വിഷമിക്കരുത്. ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിത്. ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു’- നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.
ഇത്തവണ 99.07% വിജയമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു കുട്ടികൾക്കുള്ള അദ്ദേഹത്തിന്റെ സന്ദേശം.
Content Highlights: Kerala's Chief Minister-designate VD Satheesan reached out to SSLC students with a supportive message, emphasizing that exam results do not define life success and urging those who didn't qualify to remain hopeful and confident.