യുകെ ഗ്രാജുവേറ്റ് വിസ കാലാവധി കുറച്ചു; ഇന്ത്യൻ വിദ്യാർഥികൾ അറിയേണ്ടതെല്ലാം

യുകെയിൽ പഠനം പൂർത്തിയാക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഗ്രാജുവേറ്റ് റൂട്ട് വിസ (പോസ്റ്റ് സ്റ്റഡി വർക്ക് വിസ) കാലാവധി രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി യുകെ സർക്കാർ വെട്ടിച്ചുരുക്കി. 2027 ജനുവരി ഒന്ന് മുതലോ അതിന് ശേഷമോ അപേക്ഷിക്കുന്നവർക്കായിരിക്കും പുതിയ നിയമം ബാധകമാകുക.
എന്നാൽ 2026 ഡിസംബർ 31-നോ അതിന് മുൻപോ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്ക് നിലവിലുള്ളതുപോലെ രണ്ട് വർഷത്തെ വിസ കാലാവധി തന്നെ ലഭിക്കും.
പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് മാറ്റമില്ല
പി.എച്ച്.ഡി അല്ലെങ്കിൽ മറ്റ് ഡോക്ടറൽ യോഗ്യതകൾ നേടിയ വിദ്യാർത്ഥികളെ പുതിയ മാറ്റം ബാധിക്കില്ല. അവർക്ക് നിലവിലുള്ളതുപോലെ മൂന്ന് വർഷത്തെ ഗ്രാജുവേറ്റ് വിസ തുടർന്നും ലഭിക്കും.
വിസ നീട്ടാനാകില്ല, എന്നാൽ മാറ്റാം
ഗ്രാജുവേറ്റ് വിസയുടെ കാലാവധി നീട്ടി നൽകില്ല. എന്നാൽ കാലാവധിക്കുള്ളിൽ യോഗ്യത നേടുന്നവർക്ക് 'സ്കിൽഡ് വർക്കർ വിസ' (പോലുള്ള മറ്റ് തൊഴിൽ വിസകളിലേക്ക് മാറാൻ സാധിക്കും.
അപേക്ഷിക്കാനുള്ള യോഗ്യതകൾ
അപേക്ഷകർ നിലവിൽ യുകെയിൽ ഉള്ളവരായിരിക്കണം.
സാധുതയുള്ള സ്റ്റുഡന്റ് വിസ അല്ലെങ്കിൽ ടയർ 4 വിസ കൈവശം ഉണ്ടായിരിക്കണം.
അംഗീകൃത ബാച്ചിലേഴ്സ്, പോസ്റ്റ് ഗ്രാജുവേറ്റ് അല്ലെങ്കിൽ മറ്റ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിവരം വിദ്യാഭ്യാസ സ്ഥാപനം യുകെ ഹോം ഓഫീസ് അറിയിച്ചിരിക്കണം.
ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല, കോഴ്സ് പൂർത്തിയായതായി കോളേജ് ഹോം ഓഫീസിനെ അറിയിച്ചാലുടൻ സ്റ്റുഡന്റ് വിസ കാലാവധി തീരുന്നതിന് മുൻപ് അപേക്ഷിക്കണം.
വിസയുടെ ആനുകൂല്യങ്ങളും നിയന്ത്രണങ്ങളും
.യു.കെ. ഗ്രാജ്യുവേറ്റ് വിസയുള്ളവർക്ക് യുകെയിൽ ജോലി ചെയ്യാനും, പുതിയ ജോലികൾ കണ്ടെത്താനും സ്വയം തൊഴിൽ ചെയ്യാനും യാത്രകൾ ചെയ്യാനും അനുമതിയുണ്ട്.
എന്നാൽ ഇവർക്ക് യുകെയുടെ പബ്ലിക് ഫണ്ടുകൾ, സ്റ്റേറ്റ് പെൻഷൻ എന്നിവ കൈപ്പറ്റാനോ പ്രൊഫഷണൽ കായികതാരമായി ജോലി ചെയ്യാനോ അനുവാദമില്ല.
Content Highlights: The UK government has reduced the Graduate Route (Post-Study Work) visa duration for international students from two years to 18 months, effective for applications submitted on or after January 1, 2027, while leaving the three-year extension for PhD students unchanged.