ഇനി മൂന്നുതരം ബി.എഡ്. കോഴ്സുകൾ; പ്രവേശനത്തിന് ദേശീയ അഭിരുചിപരീക്ഷ

തിരുവനന്തപുരം: ബി.എഡ്. കോഴ്സുകൾക്ക് ചേരുന്നവർ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്സുകൾ പരിഷ്കരിച്ചുള്ള കരട് മാർഗരേഖയിലാണ് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ.) ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുതരം ബി.എഡ്. കോഴ്സുകൾക്കാണ് നിർദേശം. ഹയർ സെക്കൻഡറി പാസായവർക്കായി നാലുവർഷ ബി.എഡ്., ഡിഗ്രി കഴിഞ്ഞവർക്കായി രണ്ടുവർഷ ബി.എഡ്., പി.ജി. പാസായവർക്കായി ഒരുവർഷ ബി.എഡ്., എന്നിങ്ങനെയാണ് കോഴ്സുകൾ.
സ്കൂൾവിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള അധ്യാപകരുടെ സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കായിരിക്കും ഇതിന്റെ ചുമതല. കേരളത്തിൽ നിലവിലുള്ള ഡി.എൽ.എഡ്. പോലുള്ള കോഴ്സുകൾ പുതിയ വിജ്ഞാപനത്തിലില്ല. പുതിയ പരിഷ്കാരം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ ഇത്തരം കോഴ്സുകൾ അവസാനിപ്പിക്കേണ്ടിവരും. മാതൃകാപാഠ്യപദ്ധതി എൻ.സി.ടി.ഇ. തയ്യാറാക്കിനൽകും. ഇതിൽ 30 ശതമാനം ഉള്ളടക്കം പ്രാദേശികസാഹചര്യമനുസരിച്ച് മാറ്റംവരുത്താനാവും.
നാലുവർഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്സുകൾ. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും. മൂന്നുവർഷം നിശ്ചിതവിഷയത്തിലുള്ള പഠനവും നാലാംവർഷം ‘അധ്യാപകവിദ്യാഭ്യാസ’വും ഉൾപ്പെടുത്തിയാണ് ഈ കോഴ്സുകൾ. കലാ, കായിക വിദ്യാഭ്യാസ കോഴ്സുകൾക്കുപുറമേ, യോഗയ്ക്കും വേറെയും കോഴ്സ് വരും.
മൂന്നുവർഷബിരുദം നേടിയവർക്ക് രണ്ടുവർഷ ബി.എഡിന് ചേരാം. ഇതിനായി ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാല് വിദ്യാഭ്യാസഘട്ടങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളുണ്ടാവും. പി.ജി. പാസായവർക്ക് ചേരാവുന്നതാണ് ഒരുവർഷത്തെ ബി.എഡ്. കോഴ്സ്. മറ്റേതെങ്കിലും വിഷയങ്ങളിൽ നാലുവർഷബിരുദം നേടിയവർക്കും ഈ കോഴ്സ് പഠിക്കാം.
എം.എഡ്. പാർട്ട് ടൈം ആയും പഠിക്കാം
രണ്ടുവർഷം ദൈർഘ്യമുള്ള എം.എഡ്. കോഴ്സുകളും നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവേശനത്തിനും ദേശീയതല അഭിരുചിപരീക്ഷയുണ്ടാവും. മറ്റേതെങ്കിലും വിഷയത്തിൽ പി.ജി.ക്ക് പഠിക്കുന്നവർക്ക് എം.എഡ്. പാർട്ട് ടൈം ആയി പഠിക്കാനുള്ള കോഴ്സും സർവകലാശാലകളിൽ നടപ്പാക്കും.
Content Highlights: three types of b.ed courses national entrance for admission