കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതി, രാജ്യത്തെ ആദ്യ യൂണിവേഴ്സിറ്റി ടൗൺഷിപ്പ് തിരുവനന്തപുരത്തോ?

#അജ്മൽ എൻ.എസ്.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പദ്ധതിയിൽ സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. വ്യവസായ - ലോജിസ്റ്റിക് ഇടനാഴികൾക്ക് സമീപമായി രാജ്യത്ത് അഞ്ച് പുതിയ യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ നിർമ്മിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റുന്ന പദ്ധതിയിലെ അഞ്ച് ടൗൺഷിപ്പിൽ ഒന്ന് കേരളത്തിലാകാനുള്ള സാധ്യതയുണ്ട്. ടൗൺഷിപ്പിനായി തിരുവനന്തപുരത്തെ പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി. 

2026-27 കേന്ദ്ര ബജറ്റിൽ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഒന്നായിരുന്നു യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പദ്ധതി. പൊതുജനങ്ങളുടെയും വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാവും സർക്കാർ അന്തിമ രൂപരേഖ തയ്യാറാക്കുക. സംസ്ഥാന സർക്കാരുകൾക്കിടയിൽ മത്സരാധിഷ്ഠിതമായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര സമിതി സന്ദർശനം നടത്തി പഠനങ്ങൾക്കുശേഷമാകും അന്തിമ തീരുമാനം. മത്സരാധിഷ്ഠിതമാണെങ്കിൽ ഒരു സംസ്ഥാനത്തിന് അനുവദിക്കാമെന്ന് ഉറപ്പ് നൽകാനാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ഔദ്യോഗികമായി വ്യക്തത വരുത്തേണ്ടിവരും.

തിരുവനന്തപുരത്തെ ടൗൺഷിപ്പിനായി പരിഗണിക്കുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യത്തിൽ വാക്കുനൽകിയെന്നും പുതിയ യൂണിവേഴ്സിറ്റി ടൗൺഷിപ്പ് സംഭവിക്കുന്നതോടെ യുവ മലയാളികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ സംരംഭങ്ങൾ, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുള്ള വികസന മാതൃകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നവേഷൻ ക്ലസ്റ്ററായ ടി-റിക്കിനൊപ്പം പുതിയ യൂണിവേഴ്‌സിറ്റി ടൗൺഷിപ്പും യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് ഗവേഷണവും സാങ്കേതിക വിദ്യയും കേന്ദ്രീകരിച്ച വലിയ വികസന ശൃംഖലയ്‌ക്ക് തുടക്കം കുറിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസം, നഗരവികസനം, നൈപുണ്യവികസനം വകുപ്പുകളും പങ്കാളികളാകും. ടൗൺഷിപ്പിനായി സ്ഥലം കണ്ടെത്തുകയും പദ്ധതിയിൽ 40% സംസ്ഥാന സർക്കാർ മുടക്കുകയും വേണം.

'സംസ്ഥാന സർക്കാരുകൾക്കിടയിൽ മത്സരാധിഷ്ഠമായിട്ടായിരിക്കും ടൗൺഷിപ്പിനുള്ള തിരഞ്ഞെടുപ്പെന്ന് ബജറ്റിൽ വിശദമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിന് ലഭിക്കുമെന്ന ഉറപ്പ് പറയാനാകില്ല. എല്ലാ സംസ്ഥാനങ്ങളും മത്സരിക്കുമ്പോൾ ഒരു സംസ്ഥാനത്തെ മാത്രം പ്രഖ്യാപിക്കാനാകില്ല. കേരളത്തിനും മത്സരത്തിൽ പങ്കെടുക്കാം. സ്ഥല ലഭ്യതയും പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്താനുള്ള ശേഷിയുമൊക്കെ പരിഗണിച്ചാകും സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുക.

തെന്നിന്ത്യയിൽ രണ്ടും രണ്ടെണ്ണം ഉത്തരേന്ത്യയിലും നോർത്ത് ഈസ്റ്റിൽ ഒന്നും സാധ്യതയുണ്ട്. കേരളത്തിന് വെല്ലുവിളിയുമായി തമിഴ്നാട് ഉണ്ടെന്നത് ശ്രദ്ധിക്കണം. സംസ്ഥാനങ്ങൾ നോഡൽ ഓഫീസറെ നിയമിച്ച് താത്പര്യം അറിയിക്കലാണ് ആദ്യഘട്ടം.പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവരേണ്ടതുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ടൗൺഷിപ്പിൽ അനുവദിക്കുമോ എന്ന കാര്യം അറിയേണ്ടതുണ്ട്. പദ്ധതി യാഥാർഥ്യമായാൽ വിദ്യാർഥികൾക്ക് നേട്ടമുണ്ടാകും. മികച്ച വിദ്യാഭ്യാസവും ആഗോള ശ്രദ്ധയും നേടിയെടുക്കാൻ സാധിക്കും'-

അമൃത് ജി കുമാർ, പ്രാെഫസർ, സെൻട്രൽ യൂണിവേഴ്സിറ്റി

പദ്ധതി യാഥാർഥ്യമായാൽ സാങ്കേതികവിദ്യ, ബയോടെക്നോളജി, എഐ, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷ. അക്കാദമിക് ടൗൺഷിപ്പിൽ വിവിധ സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, താമസസമുച്ചയങ്ങൾ എന്നിവയ്ക്ക് ഇടമൊരുങ്ങും. വ്യവസായ-ലോജിസ്റ്റിക് മേഖലയുമായി ഈ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സംയോജിത അക്കാദമിക് ഹബാണ് വികസിപ്പിക്കുക. ഇതോടൊപ്പം ആശുപത്രികൾ, വാണിജ്യ സമുച്ചയങ്ങൾ (മാളുകൾ), സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ കേന്ദ്രങ്ങൾ, മറ്റ് അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലേക്കും വൻ നിക്ഷേപം എത്തുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം, നൈപുണ്യ വികസനം എന്നിവയെ ഒരേ ആവാസവ്യവസ്ഥയിൽ കൊണ്ടുവരുന്ന ഈ മാതൃക സാമ്പത്തിക വളർച്ചയ്ക്കും സംരംഭകത്വത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഗവേഷണ ഗ്രാന്റുകൾ ലഭിക്കാൻ പദ്ധതി വഴിയൊരുക്കും. ആഗോള കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം, വി.എസ്.എസ്.സി, ടെക്നോപാർക്ക്, കേരള സർവകലാശാല, ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകൾ എന്നിവ കോർത്തിണക്കി ടൗൺഷിപ്പ് യാഥാർഥ്യമാക്കാൻ സാധിക്കുമെന്നത് തിരുവനന്തപുരത്തിന് ഗുണകരമാകും.

സി.ഇ.ടി, യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പടെയുള്ളവയും ടൗൺഷിപ്പിന്റെ ഭാഗമായേക്കും. തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള കമ്പനികളായി വളരാനും കേരളത്തിൽ നിന്ന് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പഠനത്തിനായി കുടിയേറുന്ന പ്രവണത കുറയ്ക്കാനും പദ്ധതി സഹായകരമാകും.

അതേസമയം, കേന്ദ്ര നീക്കത്തിനെതിരെ ഒരുവശത്ത് വിമർശനവും ഉയരുന്നുണ്ട്. സ്വകാര്യ-വിദേശ പങ്കാളിത്ത പദ്ധതിയായതിനാൽ കോർപ്പറേറ്റ് നിയന്ത്രിത ടൗൺഷിപ്പുകളിൽ പഠനച്ചെലവ് ഏറുമെന്നും ധനികർക്ക് മാത്രമുള്ള സേവനമായി വിദ്യാഭ്യാസം മാറുമെന്നും ആക്ഷേപമുണ്ട്.

പദ്ധതിയുടെ അന്തിമ രൂപരേഖ ലഭിച്ചതിനുശേഷമാകും കേരളം നിലപാട് അറിയിക്കുക.

Content Highlights: Proposed 2026-27 Union Budget initiative to build 5 new University Townships in India., Project aims to integrate research, startups, and industry hubs like Vizhinjam Port., Selection based on competitive bidding between states with 40% state funding requirement.