അഭിമുഖത്തിൽ കൗൺസിൽ അംഗങ്ങൾക്ക് വിലക്ക്, ജനറല്‍ നഴ്‌സിങ്ങ് പ്രവേശനം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി നഴ്‌സിങ് കൗൺസിൽ അംഗങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള പടിലപ്പിണക്കത്തിൽ ജനറൽ നഴ്‌സിങ് പ്രവേശനനടപടികൾ അനിശ്ചിതത്വത്തിൽ. ഈ മാസം 30-ന് പ്രവേശനനടപടികൾ അവസാനിപ്പിക്കേണ്ടതായിരുന്നെങ്കിലും ഭൂരിഭാഗം നഴ്‌സിങ് സ്കൂളുകളിലും പ്രവേശനനടപടികൾ തുടങ്ങിയിട്ടില്ല.
സർക്കാർ, സ്വാശ്രയ മേഖലയിൽ 125 നഴ്‌സിങ് സ്കൂളുകളിലായി 4100 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 54 നഴ്‌സിങ് സ്കൂളുകളിൽ മാത്രമാണ് അഭിമുഖം നടന്നത്. കഴിഞ്ഞദിവസം ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ എല്ലാ നഴ്‌സിങ് കോഴ്‌സുകളുടെയും പ്രവേശനസമയം നീട്ടിയതാണ് ഏക ആശ്വാസം.
സർക്കാർ, സ്വകാര്യ നഴ്‌സിങ് സ്കൂളുകൾ നടത്തുന്ന പ്രവേശനനടപടികൾക്ക് സംസ്ഥാന നഴ്‌സിങ് കൗൺസിലാണ് മേൽനോട്ടം വഹിക്കുന്നത്. സ്വകാര്യമേഖലയിലെ സ്കൂളുകളിലെ 80 ശതമാനം സീറ്റുകളിലേക്ക് നടത്തുന്ന അഭിമുഖത്തിൽ സ്കൂൾ അധികൃതരെക്കൂടാതെ കൗൺസിൽ അംഗമോ പ്രതിനിധിയോ പങ്കെടുക്കണമെന്നാണ് കൗൺസിൽ ചട്ടം.
കൗൺസിൽ അംഗങ്ങൾ അഭിമുഖത്തിൽ പങ്കെടുക്കേണ്ടെന്നും കൗൺസിൽ പ്രതിനിധിയായി മറ്റേതെങ്കിലും നഴ്‌സിങ് സ്കൂൾ അധ്യാപകരെ അയച്ചാൽ മതിയെന്നുമാണ് ഉദ്യോഗസ്ഥനിലപാട്. ഇതിനു സർക്കാർനിർദേശമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രേഖാമൂലമുള്ള നിർദേശമൊന്നുമില്ല. ഉദ്യോഗസ്ഥനിലപാടിൽ എതിർപ്പുമായി കൗൺസിൽ അംഗങ്ങൾ രംഗത്തുവന്നതോടെയാണ് പ്രവേശനനടപടികൾ താളംതെറ്റിയത്.
ബി.എസ്‌സി. നഴ്‌സിങ് കോളേജുകളുടെ അംഗീകാരത്തിന് മുന്നോടിയായുള്ള പരിശോധനയിൽനിന്ന് കൗൺസിൽ അംഗങ്ങളെ നേരത്തേ സർക്കാർ വിലക്കിയിരുന്നു. ജി.എൻ.എം. അഭിമുഖത്തിൽ പങ്കെടുക്കണമെന്നത് കൗൺസിൽ ചട്ടമാണെന്നും അതിനെ വിലക്കുന്ന സർക്കാർ ഉത്തരവില്ലെന്നുമാണ് കൗൺസിൽ അംഗങ്ങളുടെ വാദം.
പ്രവേശനത്തിന് അഭിമുഖം നടത്തിയ സ്കൂളുകളിൽ പലയിടത്തും സംവരണവും മെറിറ്റും അട്ടിമറിച്ചിട്ടുണ്ടെന്ന് പരാതിയുണ്ടെന്നും അതിനാൽ അഭിമുഖം കൂടുതൽ സുതാര്യമാക്കേണ്ടതുണ്ടെന്നും അംഗങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൗൺസിൽ അംഗങ്ങൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനോട് മാനേജ്‌മെന്റുകൾക്കും യോജിപ്പില്ല.
മെറിറ്റ് അട്ടിമറി അന്വേഷിക്കാൻ പത്തംഗസമിതിക്ക് 12-ന് ചേർന്ന കൗൺസിൽയോഗം രൂപം നൽകിയിരുന്നു.
Content Highlights: There is uncertainty about admission to general nursing