കലയും കായികവിനോദവും സ്കൂൾ സിലബസിലേക്ക്; തീരുമാനവുമായി തമിഴ്നാട്

ചെന്നൈ: അടുത്ത അധ്യയനവർഷം മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാകും. പാഠ്യേതരപ്രവർത്തനങ്ങൾ എന്നതിലുപരി കലയും കായികവിനോദവും സിലബസുമായി സംയോജിപ്പിക്കും. കുട്ടികളുടെ വൈകാരികവും ശാരീരികവുമായ സന്തോഷത്തിലൂന്നിയുള്ള വളർച്ച സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.
കലയും കായികവിനോദങ്ങളും ഉൾപ്പെടുത്തിയുള്ള പുതിയ സിലബസ് പ്രൈമറിതലത്തിൽത്തന്നെ തുടങ്ങും. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾതലംവരെ ഇത് കൂടുതൽ വിപുലപ്പെടുത്തും. സർക്കാർ നിയോഗിച്ച അക്കാദമിക് വിദഗ്ധരുടെ പ്രത്യേകസമിതി ഓരോ കുട്ടികൾക്കും താത്പര്യമുള്ള കലകളും കായികവിനോദങ്ങളും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കും. കലാവിദ്യാഭ്യാസത്തിൽ സംഗീതം, നൃത്തം, ചിത്രരചന, സാഹിത്യരചന തുടങ്ങിയവയുണ്ടാകും.
ഇതിൽ ഏതെങ്കിലും കലകൾ തിരഞ്ഞെടുത്താൽ അതിൽ കൂടുതൽ സർഗാത്മകത വളർത്തിയെടുക്കാനുള്ള പിന്തുണ കുട്ടികൾക്കു നൽകും. കായികവിനോദങ്ങളിലും ഇതേ രീതിയായിരിക്കും. ഫിസിക്കൽ എജുക്കേഷൻ ക്ലാസുകൾ ആഴ്ചയിൽ കൂടുതൽ ദിവസങ്ങളിലായി വിപുലപ്പെടുത്തും.
കൂടുതൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ വേഗത്തിൽ നിയമിക്കും. ഗ്രാമീണ, ആദിവാസി മേഖലകളിലെ കുട്ടികൾക്ക് കൂടുതൽസൗകര്യങ്ങൾ ഏർപ്പെടുത്തും. മെച്ചപ്പെട്ട മൈതാനങ്ങളും കായികോപകരണങ്ങളും അവർക്കു നൽകുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.
Content Highlights: Tamil Nadu schools to integrate arts sports into curriculum from next academic year