ജപ്പാനിൽ ഉപരിപഠനം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ഉന്നതപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാത്രമല്ല ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും വിദ്യാർഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഉന്നതപഠനത്തിനായി ജപ്പാൻ തിരഞ്ഞെടുക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ജപ്പാനിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന കോഴ്‌സിനും സ്ഥാപനത്തിനുമനുസരിച്ച് വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കേണ്ടി വരും. അതിനാൽ ജാപ്പനീസ് സർവകലാശാലകളിലേക്കുള്ള പ്രവേശനമാർഗനിർദേശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം.
ജാപ്പനീസ് സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന മത്സരപരീക്ഷകളിൽ ഒന്നാണ് EJU (Examination for Japanese university Admission for International Students) ജാപ്പനീസ് സർവകലാശാലകളിലേക്ക് അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ബിരുദ പ്രവേശനത്തിനായിട്ടാണ് ഇജെയു നടത്തുന്നത്. ശാസ്ത്രം, ജപ്പാൻ, ലോകം, കണക്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. രാജ്യത്തെ ഏകദേശം 60 ശതമാനത്തിലധികം വരുന്ന സർവകലാശാലകളിലേക്കും പ്രവേശനത്തിനായി ഇജെയു സ്‌കോറുകൾ ആവശ്യപ്പെടാറുണ്ട്.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അളക്കാൻ വേണ്ടി IELTS നടത്തുന്നത് പോലെ ജാപ്പനീസ് ഭാഷയിലെ പ്രാവീണ്യം അളക്കാൻ വേണ്ടി നടത്തുന്ന ഒരു പരീക്ഷയാണ് ജാപ്പനീസ് ലാഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്. ജാപ്പനീസ് അക്ഷരങ്ങൾ, പദസമ്പത്ത്, വ്യാകരണം, എന്നിവയെക്കുറിച്ചുള്ള ഉദ്യോഗാർഥികളുടെ അറിവും ആശയവിനിമയത്തിലുള്ള കഴിവും വിലയിരുത്തുകയാണ് ഈ പരീക്ഷയുടെ ലക്ഷ്യം. N1 മുതൽ N5 വരെ അഞ്ച് ലെവലുകളാണ് ഈ പരീക്ഷയിലുള്ളത്. ഇതിൽ N1 ആണ് ഏറ്റവും ഉയർന്ന ലെവൽ.
ജാപ്പനീസ് വിദ്യാർഥികൾ ദേശീയ സർവകലാശാലകളിലേക്കും ചില സ്വകാര്യ സർവകലാശാലകളിലേക്കും അണ്ടർഗ്രാജ്വേറ്റ് തലത്തിലുള്ള കോഴ്‌സുകളിലേക്ക് അപേക്ഷിക്കുമ്പോഴാണ് Unified/Common University Entrance Examination പരീക്ഷ എഴുതുന്നത്. മിക്ക ജാപ്പനീസ് സർവ്വകലാശാലകളും അന്താരാഷ്ട്ര വിദ്യാർഥികളോട് ഈ പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും, മെഡിക്കൽ, ഡെന്റൽ പോലുള്ള ചില പ്രോഗ്രാമുകൾക്ക് ഇത് ആവശ്യമായി വന്നേക്കാം.
Content Highlights: Considering higher education in Japan? Learn about essential entrance exams like EJU & JLPT, eligibility criteria, and university admission processes.