രാജീവ് ഗാന്ധി സെൻററിൽ ബയോടെക്നോളജിയിൽ പിഎച്ച്.ഡി. ചെയ്യാം; അപേക്ഷകൾ മേയ് 10 വരെ

#ഡോ. എസ്. രാജൂകൃഷ്ണൻ
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി | ചിത്രം: മാതൃഭൂമി
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി | ചിത്രം: മാതൃഭൂമി

കേന്ദ്ര സർക്കാരിന്റെ, ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ-രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബി.ആർ.ഐ.സി.-ആർ.ജി.സി.ബി. പൂജപ്പുര, തിരുവനന്തപുരം) ബയോടെക്നോളജിയിലെ വ്യത്യസ്ത മേഖലകളിലെ പിഎച്ച്‌.ഡി. പ്രോഗ്രാം 2026 ഓഗസ്റ്റ് സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡിസീസ് ബയോളജിയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഗവേഷണമാണ് സ്ഥാപനത്തിൽ നടത്തുന്നത്. മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുന്ന രോഗങ്ങളുടെ സെല്ലുലാർ, മോളിക്യുളാർ സംവിധാനങ്ങളെക്കുറിച്ചുള്ള നൂതന പഠനങ്ങൾക്കുള്ള അവസരം സ്ഥാപനം ഒരുക്കുന്നു.

യുണൈറ്റഡ് നേഷൻസ് എജുക്കേഷണൽ സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ് പദവിയുള്ള, ഫരീദാബാദ് റീജണൽ സെൻറർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.)യുമായാണ് സ്ഥാപനത്തിന് അഫിലിയേഷൻ ഉള്ളത്.തിരഞ്ഞെടുക്കപ്പെടുന്നവർ ആർ.സി.ബി.യിൽ പിഎച്ച്.ഡി. ബിരുദത്തിനായുള്ള രജിസ്ട്രേഷൻ നടത്തണം. ആർ.ജി.സി.ബി., ആർ.സി.ബി. എന്നിവയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായായിരിക്കും പിഎച്ച്.ഡി. അനുവദിക്കുക.

യോഗ്യത

ലൈഫ്, അഗ്രിക്കൾച്ചറൽ, എൻവയൺമെന്റൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ഒന്നിൽ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ, 75 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള നാലുവർഷ ബാച്ച്‌ലർ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതാ പ്രോഗ്രാമിൽ മൊത്തത്തിൽ അഞ്ചുശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് ഇളവ് ഉണ്ടായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതിയിൽ 28 വയസ്സിൽ താഴെയായിരിക്കണം.

പട്ടിക/ഭിന്നശേഷിക്കാർ/വനിതകൾ എന്നിവർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ്, ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. സംവരണം കേന്ദ്രസർക്കാർ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

ഫെലോഷിപ്പ്

മൊത്തം അഞ്ചുവർഷം സാധുതയുള്ള, സർക്കാർ നൽകുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) വേണം. യു.ജി.സി./സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ഡി.ബി.ടി./മറ്റേതെങ്കിലും ദേശീയതല സർക്കാർ ഫെലോഷിപ്പ് എന്നിവയിൽ ഒന്ന് ആകാം.

അപേക്ഷ

rgcb.res.in വഴി മേയ് 10-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് (പി.ജി./ബിരുദം) അന്തിമഫലം കാത്തിരിക്കുന്ന, ഫെലോഷിപ്പ് യോഗ്യത ഉള്ളവർക്കും താത്‌കാലികമായി അപേക്ഷിക്കാം.

പട്ടിക/ഭിന്നശേഷി/സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ ഒഴികെയുള്ളവർ, അപേക്ഷാ ഫീ ആയി 500 രൂപ ഓൺലൈനായി അടയ്ക്കണം. ഇൻറർവ്യൂവിനായി യോഗ്യത നേടുന്നവരുടെ ഷോർട്ട് ലിസ്റ്റ് 2026 മേയ് 13-ന് പ്രസിദ്ധപ്പെടുത്തും. പ്രോഗ്രാം ഓഗസ്റ്റ് മൂന്നിന് തുടങ്ങും.

ഫീസ്

തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിഭാഗക്കാരും ആദ്യ 10 സെമസ്റ്ററുകളിൽ ഓരോ സെമസ്റ്ററിലും 5000 രൂപയും അതിനുശേഷമുള്ള ഓരോ സെമസ്റ്ററിലും 10000 രൂപ നിരക്കിലും അഡ്മിനിസ്ട്രേറ്റീവ് ഫീ അടയ്ക്കണം. കൂടാതെ, തിസിസ് ഡിഫൻസ് തീരുംവരെ ഓരോ സെമസ്റ്ററിലും 5000 രൂപ അഡ്മിനിസ്ട്രേഷൻ ഫീ ആയി ആർ.സി.ബി.ക്കും അടയ്ക്കണം. ഫെലോഷിപ്പ് വ്യവസ്ഥകൾ, ഫണ്ടിങ് ഏജൻസിക്ക്‌ ബാധകമായവയായിരിക്കും. സഹായങ്ങൾക്ക്: phd.admn@rgcb.res.in

Content Highlights: The Rajiv Gandhi Centre for Biotechnology (RGCB) in Thiruvananthapuram has invited applications for its PhD program starting in August 2026, with a focus on Disease Biology research. Candidates must hold a Master’s degree with 60% marks or a four-year Bachelor’s with 75% marks in relevant life science subjects and possess a valid national-level Junior Research Fellowship (JRF). The upper age limit is 28 years, with applicable relaxations, and the final date to apply via rgcb.res.in is May 10, 2026.