ഹാജർ ബുക്കിൽ ജാതി പാടില്ല, സ്‌കൂളിൽ മതചിഹ്നങ്ങൾ വേണ്ട; ജസ്റ്റിസ് ചന്ദ്രു കമ്മിഷൻ റിപ്പോർട്ട് പുറത്ത്

ജസ്റ്റിസ് കെ. ചന്ദ്രു | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
ജസ്റ്റിസ് കെ. ചന്ദ്രു | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ചെന്നൈ: സ്‌കൂളുകളിൽ മതത്തെ അടയാളപ്പെടുത്തുന്ന കയ്യിലെ ചരടുകളും നെറ്റിയിലെ അടയാളങ്ങളും നിരോധിക്കാനും സ്‌കൂളുകളുടെ പേരിലുള്ള ജാതിപ്പേര് നീക്കം ചെയ്യാനും ശുപാർശ ചെയ്ത് ജസ്റ്റിസ് കെ. ചന്ദ്രുവിൻ്റെ നേതൃത്വത്തിലുള്ള ഏകാംഗ സമിതി. റിപ്പോർട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൈമാറി. വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ്, ചീഫ് സെക്രട്ടറി ശിവദാസ് മീണ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവിധ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിച്ചത്.

2023 ഓഗസ്റ്റിൽ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌കൂൾ കുട്ടികളെ ഒരു കൂട്ടം വിദ്യാർഥികൾ ക്രൂരമായി മർദിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രുവിനെ അധ്യക്ഷനാക്കി ഏകാംഗ സമിതി രൂപീകരിച്ചത്. 

വിദ്യാർഥികൾ ജാതി പരാമർശിക്കുന്ന സൈക്കിളുകളിൽ സ്കൂളിൽ വരുന്നത് ഒഴിവാക്കണം. കുട്ടികളുടെ ഹാജർബുക്കിൽ ജാതി പരാമർശിക്കുന്ന കോളമുണ്ടാവരുത്. ഒരു തരത്തിലും അധ്യപകർ കുട്ടിയുടെ ജാതിയെ കുറിച്ചോ അത് സംബന്ധിച്ച ഒന്നിനെയും കുറിച്ചോ ഒരു ഘട്ടത്തിലും പരാമർശിക്കാൻ പാടില്ല. കുട്ടികളുടെ പേരുകളുടെ അക്ഷരമാലാക്രമത്തിൽ ക്ലാസുകളിൽ ഇരിപ്പിടങ്ങൾ നിശ്ചയിക്കണം. സ്കൂളുകളിൽ മോബൈൽ ഫോൺ ഉപയോ​ഗം പാടില്ല. തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുൾപ്പെടുത്തിയിട്ടുണ്ട്. 

നിലവിലുള്ള തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട്, 1975 ഭേദഗതി ചെയ്യാനും വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പേരിൽ ജാതി ആപ്തവാക്യങ്ങളൊന്നും ഉൾപ്പെടുത്താൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്താനും സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.  ജാതി വിവേചനം ഇല്ലാതാക്കുന്നതിനും എല്ലാ വിഭാ​ഗക്കാരെയും ഉൾകൊള്ളുന്ന നയം നടപ്പിലാക്കുന്നതിനുമായി സ്‌കൂൾ തലം മുതൽ ഉന്നത തലം വരെയുള്ള എല്ലാ വിദ്യാർഥികളെയും നിയന്ത്രിക്കുന്ന പ്രത്യേക നിയമനിർമ്മാണമുണ്ടാക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

പ്രാഥമിക വിദ്യാഭ്യാസ രം​ഗത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണം വർധിപ്പിക്കാനും സമിതി ശുപാർശ ചെയ്തു. ജീവനക്കാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഉൾപ്പെടെ സ്‌കൂളുകളുടെ മേൽ ബ്ലോക്ക്തല ഭരണസംവിധാനങ്ങൾക്ക് പൂർണ്ണ നിയന്ത്രണം നൽകണമെന്നാണ് നിർദേശം. ഇതിന് നിലവിലുള്ള തമിഴ്‌നാട് പഞ്ചായത്ത് ആക്ടിൽ ഭേദഗതി വരുത്തി തദ്ദേശ സ്ഥാപനങ്ങൾക്ക് യഥാർത്ഥ സ്വയംഭരണാധികാരം നൽകുന്നതിന് സർക്കാർ പുതിയ നിയമനിർമ്മാണം നടത്തണമെന്നും നിർദേശത്തിൽ പറയുന്നു. പാഠ്യപദ്ധതിയും നിലവാരവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനും ബോർഡ് പരീക്ഷകൾ നടത്തുന്നതിനുമുള്ള ചുമതല സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനും സംസ്ഥാന സർക്കാരിനും നൽകുവാനും സമിതി നിർദേശിക്കുന്നു. 

Content Highlights: removal of caste appellations in school Justice Chandru Committee