റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാർഥികൾക്ക് നേട്ടം

കൊച്ചി: റിലയൻസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ 93- ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്, റിലയൻസ് ഫൗണ്ടേഷൻ 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി യുവപ്രതിഭകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഈ വർഷം 5,100 വിദ്യാർഥികളെയാണ് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഫൗണ്ടേഷന്റെ വിശാലമായ ദൗത്യം ഊട്ടിയുറപ്പിക്കുന്നതാണ് വാർഷിക പ്രഖ്യാപനം.
ദീർഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയൻസ് ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പുകൾ. 2022- ൽ, ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം അംബാനി 10 വർഷത്തിനുള്ളിൽ 50,000 സ്‌കോളർഷിപ്പുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, ഫൗണ്ടേഷൻ ഇന്നുവരെ 33,471 സ്‌കോളർഷിപ്പുകൾ നൽകിക്കഴിഞ്ഞു.
2025-26 വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ മത്സരാധിഷ്ഠിതമായിരുന്നു; രാജ്യത്തെ 15,544 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ലഭിച്ച 1,25,000- ത്തിലധികം അപേക്ഷകളിൽ നിന്നാണ് ഏറ്റവും യോഗ്യരായ 5,100 വിദ്യാർഥികളെ തിരഞ്ഞെടുത്തത്. 28 സംസ്ഥാനങ്ങളിൽ നിന്നും 4 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ പങ്കാളിത്തം പദ്ധതിയുടെ ദേശീയ വ്യാപ്തിക്ക് അടിവരയിടുന്നു.
സാമൂഹിക പ്രതിബദ്ധതയും വൈവിധ്യവും
സ്‌കോളർഷിപ്പ് ലഭിച്ചവരിൽ 83% പേർ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ബിരുദ വിദ്യാർഥികളിൽ 97% പേരും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരാണ്. 5000 ബിരുദ വിദ്യാർഥികളിൽ 48% പെൺകുട്ടികളും 52% ആൺകുട്ടികളുമാണ്. ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടവരിൽ 146 പേർ ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ്.
ഇന്ത്യയിലെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട 100 ബിരുദാനന്തര സ്‌കോളർമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ്, പുനരുപയോഗ ഊർജ്ജം, ലൈഫ് സയൻസസ് തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷകർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.
എങ്ങനെ പരിശോധിക്കാം
അപേക്ഷകർക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ സ്‌കോളർഷിപ്പ് ഫലം പരിശോധിക്കാവുന്നതാണ്:
1. scholarships.reliancefoundation.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ 17 അക്ക അപേക്ഷാ നമ്പർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി നൽകുക.
3. ഫലം കാണുന്നതിന് 'Submit' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കായി, ഈ ലിങ്ക് സന്ദർശിക്കുക: https://reliancefoundation.org/reliance-foundation-scholarships-2025-26-results
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ, നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങളിലൂടെ ഇന്ത്യയുടെ വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. സ്ഥാപകയും ചെയർപേഴ്സണുമായ നിത എം അംബാനിയുടെ നേതൃത്വത്തിൽ, ഗ്രാമീണ പരിവർത്തനം, വിദ്യാഭ്യാസം, ആരോഗ്യം, കായികം, ദുരന്തനിവാരണം, സ്ത്രീ ശാക്തീകരണം, നഗര നവീകരണം, കല, സംസ്‌കാരം, പൈതൃകം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സമഗ്രമായ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 91,500- ൽ അധികം ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലുമായി 88 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ഫൗണ്ടേഷൻ ഇതിനോടകം സ്വാധീനിച്ചിട്ടുണ്ട്.
Content Highlights: Reliance Foundation declares scholarship results for 5,100 students. Get grants up to ₹6 Lakhs.