പുസ്തകത്തിൻ്റെ പേജ് മറിക്കാൻ പോലുമാവില്ല, ലോക്കോമോട്ടോർ ഡിസെബിലിറ്റിയെ മറികടന്ന് സിഎ നേടി യുവാവ്

#കെ.ആർ. ബാബു
ചലനവൈകല്യത്തെ മറികടന്ന് സിഎ പരീക്ഷ വിജയിച്ച ശ്രീകുമാർ | ഫോട്ടോ: ജെ.ഫിലിപ്പ്
ചലനവൈകല്യത്തെ മറികടന്ന് സിഎ പരീക്ഷ വിജയിച്ച ശ്രീകുമാർ | ഫോട്ടോ: ജെ.ഫിലിപ്പ്

തൃശ്ശൂർ: പുസ്തകം കൈയിലെടുക്കാനോ പേജുകൾ മറിക്കാനോ സാധിക്കില്ല പുത്തൻചിറ പനമ്പിള്ളി വീട്ടിൽ ശ്രീകുമാറിന്, പക്ഷേ വിജയിച്ചത് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ. ലോക്കോമോട്ടോർ ഡിസെബിലിറ്റി എന്ന ചലനവൈകല്യത്തെത്തളർത്തിയാണ് ഈ 27-കാരന്റെ നേട്ടം.

400 പേജിലധികമുള്ള പുസ്തകങ്ങൾ അമ്മ മിനി ഫോണിൽ സ്‌കാൻ ചെയ്ത് നൽകും. ഇത് ഗൂഗിൾ ഡ്രൈവിലാക്കിയായിരുന്നു പഠനം. ഏഴോ എട്ടോ മണിക്കൂർ തുടർച്ചയായി ഇരുന്ന് പഠിക്കാനും സാധിക്കില്ല. വീൽച്ചെയറിൽ പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിന്മേൽ ലാപ്‌ടോപ് വെച്ചായിരുന്നു വായന. ശ്രീകുമാറിന്റെ ഉയരത്തിനനുസരിച്ച് തയ്യാറാക്കിയ മേശയുണ്ട്. കട്ടിലിൽ കിടന്ന് വായിക്കുമ്പോഴും സൗകര്യപ്രദമായ സ്റ്റാൻഡും ശരീരത്തിന് താങ്ങുനൽകാൻ തലയണകളുമുണ്ട്.

സിഎ വിജയിക്കണമെന്ന തീരുമാനം ദൃഢമായിരുന്നു. പലചരക്കുകടകളിലെ ജോലിക്കിടെ അച്ഛൻ രാജനും അമ്മ മിനിയും പിന്തുണ നൽകി. ക്രൈസ്റ്റ് കോളേജിലെ പഠനകാലത്തെ കരിയർ ഗൈഡൻസ് ക്ലാസിൽനിന്നാണ് സിഎ സ്വപ്നം ശ്രീകുമാറിന്റെ മനസ്സിൽ വീണത്. സിഎ കോഴ്‌സിന്റെ പഴയ സ്‌കീമിൽ പ്രവേശനം നേടി. ഇന്ററെഴുതി 2023-ൽ വിജയിച്ചു. വീടിനടുത്ത ചാർട്ടേഡ് അക്കൗണ്ടന്റായ ടി.ഡി. ജോൺസന്റ കീഴിൽ മൂന്നുവർഷം ആർട്ടിക്കിൾഷിപ്പ് ചെയ്തു. സ്‌ക്രൈബിനെ ഉപയോഗിച്ചാണ് സിഎ പരീക്ഷയെഴുതിയത്. ഫൈനൽ പരീക്ഷയിൽ വല്യച്ഛന്റെ മകൻ ബിടെക് പഠിക്കുന്ന അനന്ത്കൃഷ്ണൻ സഹായിയായി.

വീടിന് സമീപത്തെ സ്‌കൂളുകളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. മങ്കിടി വിഎച്ച്എസ്എസിലായിരുന്നു പ്ലസ്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽനിന്ന് ബികോം ഫിനാൻസിലാണ് ബിരുദം. കോളേജ് പഠനകാലത്തെയും നാട്ടിലെയും സുഹൃത്തുക്കൾ താങ്ങും തണലുമായി എപ്പോഴുമുണ്ട്. പ്ലസ്ടു വരെ സ്വന്തമായി പരീക്ഷയെഴുതിയിരുന്നു.

ദൈനംദിന കാര്യങ്ങൾക്കും യാത്രകൾക്കും അച്ഛനും പഠനത്തിനും മറ്റും അമ്മയും തുണയാകും. ‘സ്വന്തമായി പരിശീലനത്തിലേക്ക് കടക്കണം. ഈ മേഖലയിൽ സ്‌കിൽ വികസിപ്പിക്കണം.’ സിഎയ്ക്ക് ശേഷമുള്ള ഘട്ടത്തെക്കുറിച്ച് ശ്രീകുമാർ പറഞ്ഞു.

Content Highlights: Sreekumar, diagnosed with a locomotor disability, defied odds to become a Chartered Accountant, showcasing immense determination and innovative learning methods.